അറബ് വസന്തം ഇക്കുറിയും വിരിഞ്ഞില്ല; വിംബിള്‍ഡണ്‍ വനിതാ കിരീടം വോന്ദ്രോസോവയ്ക്ക്

അറബ് വസന്തം ഇക്കുറിയും വിരിഞ്ഞില്ല; വിംബിള്‍ഡണ്‍ വനിതാ കിരീടം വോന്ദ്രോസോവയ്ക്ക്

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടുണീഷ്യന്‍ താരം ഓന്‍സ് യാബിര്‍ കിരീടം കൈവിടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ കസാഖിസ്ഥാന്‍ താരം എലേന റെയ്ബാക്കിനയോടായിരുന്നു യാബിറിന്റെ തോല്‍വി.
Updated on
1 min read

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കേറ്റ വോന്ദ്രോസോവയ്ക്ക് കിരീടം. ഇന്നു നടന്ന ഫൈനലില്‍ ആറാം സീഡ് ടുനീഷ്യയുടെ ഓന്‍സ് യാബിറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെക്ക് താരം കന്നി ഗ്രാന്‍സ്ലാം കിരീടം ചൂടിയത്.

ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക്ക് താരത്തിന്റെ ജയം. സ്‌കോര്‍ 6-4, 6-4. വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ സീഡ് ചെയ്യപ്പെടാത്ത വനിതാ താരമായി വോന്ദ്രോസോവ. വിംബിള്‍ഡണ്‍ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ചെക്ക് താരവുമാണ് അവര്‍. ഇതിനു മുമ്പ് യാനാ നൊവോറ്റ്‌ന, പെട്ര ക്വിറ്റോവ എന്നിവരാണ് കിരീടം നേടിയ ചെക്ക് താരങ്ങള്‍.

അതേസമയം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടുണീഷ്യന്‍ താരം ഓന്‍സ് യാബിര്‍ കിരീടം കൈവിടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ കസാഖിസ്ഥാന്‍ താരം എലേന റെയ്ബാക്കിനയോടായിരുന്നു യാബിറിന്റെ തോല്‍വി. ഇതോടെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ആറബ് വസന്തം കാത്തിരുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശയായി ഫലം.

വെറും 46 മിനിറ്റിനുള്ളിലായിരുന്നു വോന്ദ്രോസോവ ആദ്യ സെറ്റ് സ്വന്തമാക്കിയത്. തുടക്കത്തില്‍ തന്നെ സ്വന്തം സര്‍വ് ബ്രേക്ക് ചെയ്യപ്പെട്ട് 2-0ന് പിന്നിട്ടു നിന്നശേഷമായിരുന്നു ചെക്ക് താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. ടുണീഷ്യന്‍ താരത്തെ പിന്നീട് തുടരെ രണ്ടു തവണ ബ്രേക്ക് ചെയ്ത വോന്ദ്രോസോവ 6-4ന് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും സമാന പോരാട്ടമാണ് കണ്ടത്. തുടക്കത്തില്‍ ചെക്ക് താരത്തെ തുടരെ ബ്രേക്ക് ചെയ്ത് യാബിര്‍ മുന്നിലെത്തിയെങ്കിലും ലീഡ് നിലനിര്‍ത്താനായില്ല. അവസാന സര്‍വുകളില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ പോയ യാബിര്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു.

logo
The Fourth
www.thefourthnews.in