യുഎസ് ഓപ്പണ്‍: അരങ്ങേറ്റ താരത്തെ തുരത്തി നദാല്‍ രണ്ടാം റൗണ്ടില്‍
നാലു തവണ ജേതാവായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍. ഇന്നലെ നടന്ന മത്സരത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ ഓസ്‌ട്രേലിയന്‍ താരം റിങ്കി ഹിജിക്കാറ്റയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ തോല്‍പിച്ചായിരുന്നു നദാലിന്റെ മുന്നേറ്റം.
ആദ്യ സെറ്റ് നഷ്ടമായ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് സ്പാനിഷ് താരം ജയം പിടിച്ചെടുത്തത്. സ്‌കോര്‍ 4-6, 6-2, 6-3, 6-3. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നദാല്‍ യുഎസ് ഓപ്പണില്‍ മത്സരിക്കുന്നത്. ഇതിനു മുമ്പ് 2019-ലാണ് താരം ഫ്‌ളഷിങ് മെഡോസില്‍ ഇറങ്ങിയത്. അന്നു കിരീടം ചൂടിയായിരുന്നു മടക്കം.
രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെയാണ് നദാല്‍ നേരിടുക. ഇതിനു മുമ്പ് 17 തവണ ഫോഗ്നിനിയെ നേരിട്ടിട്ടുള്ള നദാല്‍ 13 തവണയും വിജയം നേടിയിട്ടുണ്ട്.
'' തിരിച്ചു വരവില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ഇവിടെ കളിച്ചിട്ട് ഒരുപാട് നാളായി. ഒരുപക്ഷേ ഞാന്‍ ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയതാണ്"- മത്സരശേഷം നദാല്‍ പറഞ്ഞു. പരുക്കിന്റെ നിഴലിലാണ് നദാല്‍ ഇത്തവണ യുഎസ് ഓപ്പണില്‍ കളിക്കാനിറങ്ങിയത്. വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ നിക് കിര്‍ഗിയോസിനെതരെയുള്ള മത്സരത്തിനിടെ പരുക്കിനെത്തുടര്‍ന്നു താരം മത്സരത്തില്‍ നിന്നു പിന്മാറിയിരുന്നു.
ഓഗസ്റ്റ് 18 ന് സിന്‍സിന്നാറ്റി മാസ്‌റ്റേഴ്‌സില്‍ ബോര്‍ണകോറിക്കിനട് പരാജയപ്പെട്ട നദാല്‍ ഇന്നലെയും മങ്ങിയ പ്രകടനം കാഴ്ച്ച വച്ചാണ് തുടങ്ങിയത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ നദാല്‍ മത്സരത്തിലേക്ക് തിരിച്ചു വന്നു. ആദ്യ സെറ്റിനു ശേഷം നദാല്‍ പഴയ ഫോമിലേക്ക് ഉയര്‍ന്നതോടെ ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഗ്രാന്‍സ്ലാം അരങ്ങേറ്റം കുറിച്ച ഹിജിക്കാറ്റയ്ക്കു മറുപടിയുണ്ടായില്ല.