റാഫേല്‍ നദാല്‍: കളിമണ്ണില്‍ വിരിഞ്ഞ കളിയഴക്
“Playing sports is a good thing for ordinary people; sports played at the professional level is not good for your health...''
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ ജോണ്‍ കാര്‍ലിനൊപ്പം ചേര്‍ന്നെഴുതിയ തന്റെ ആത്മകഥയായ 'റാഫ'യുടെ ആദ്യ താളുകളിലൊന്നില്‍ സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ നടത്തിയ നിരീക്ഷണമാണ് ഇത്.
“It pushes your body to limits that human beings are not naturally equipped to handle.”- എന്നൊരു വാചകം കൂടി അദ്ദേഹം അതില്‍ എഴുതിയിട്ടുണ്ട്.
2011-ലാണ് ആ പുസ്തകം പുറത്തിറങ്ങിയത്. അപ്പോഴേക്കും പരുക്കിനോട് പടവെട്ടി ഒരു പതിറ്റാണ്ട് ടെന്നീസ് കോര്‍ട്ടില്‍ പൂര്‍ത്തിയാക്കിയിരുന്നു നദാല്‍. പിന്നീടും ഒരു പതിറ്റാണ്ടിലേറെ സമയം കോര്‍ട്ടില്‍ തന്റെ ചടുലതയുമായി ആരാധകരെ ആനന്ദിപ്പിച്ച ശേഷമാണ് ഇപ്പോള്‍ നദാല്‍ റാക്കറ്റ് താഴ്ത്തുകയാണ് എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യസാധ്യമല്ലാത്ത തരത്തില്‍ ഇതുവരെ തന്റെ ശാരീരിക ഫിറ്റ്‌നെസ് നിലനിര്‍ത്തിയ നദാലിന് ഇനിയും ഒരു പരിധിക്കപ്പുറം അത് സാധ്യമാകാത്തതിനാലാണ് ഈ പ്രഖ്യാപനം എന്ന് നദാലിനെ മനസില്‍ ആരാധിക്കുന്ന ഓരോ ടെന്നീസ് പ്രേമിക്കും ഉറപ്പാണ്.
'റാഫ' എഴുതുമ്പോള്‍ നദാലിന്റെ പ്രായം ഇരുപത്തിയഞ്ചായിരുന്നു. ആ പ്രായത്തില്‍ ഇരു കാല്‍മുട്ടുകളിലും ടെന്‍ഡിനൈറ്റിസ്(പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന നാരുകള്‍ക്ക് വീക്കം വയ്ക്കുന്ന അവസ്ഥ), മ്യൂളര്‍-വീസ് സിന്‍ഡ്രം(കാല്‍പാദത്തിലെ അസ്ഥിയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥ) എന്നീ രോഗബാധയാല്‍ വലയുന്ന അവസ്ഥയിലായിരുന്നു ആ സമയത്ത് നദാല്‍. ഓരോ മത്സരത്തിനു മുമ്പും ഇടത് കാല്‍പാദത്തില്‍ ഇന്‍ജക്ഷന്‍ എടുത്തു കളിക്കാനിറങ്ങേണ്ടി വരുന്ന സാഹചര്യം. കരിയര്‍ അവസാനിച്ചുവെന്നു വരെ വിമര്‍ശകര്‍ വാറോല ചാര്‍ത്തിയ കാലഘട്ടം.
എന്നാല്‍ കാളപ്പോരിന്റെ നാട്ടില്‍നിന്നു വരുന്ന താന്‍ അങ്ങനെ വെറുതേ കീഴടങ്ങാന്‍ ഒരുക്കമല്ലെന്നു പലകുറി ടെന്നീസ് കോര്‍ട്ടില്‍ തെളിയിച്ചിട്ടുള്ളതാണ് നദാല്‍. അത് തന്റെ ജീവിതത്തിലും അദ്ദേഹം പ്രാവര്‍ത്തികമാക്കി. 'റാഫ' പുറത്തിറങ്ങിയ ശേഷം 13 വര്‍ഷം കൂടി പരുക്കിനോട് പടവെട്ടി അദ്ദേഹം ടെന്നീസ് കോര്‍ട്ടില്‍ തുടര്‍ന്നു. രണ്ടര പതിറ്റാണ്ട് നീളുന്ന കരിയറിനിടയില്‍ 16 മേജര്‍ ടൂര്‍ണമെന്റുകളാണ് പരുക്കിനേത്തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടമായത്.
നഷ്ടങ്ങളുടെ കണക്ക് അതാണെങ്കില്‍ നേട്ടങ്ങള്‍ ഇതാണ്. 92 സിംഗിള്‍സ് കിരീടങ്ങള്‍. അതില്‍ 14 ഫ്രഞ്ച് ഓപ്പണ്‍ രണ്ടു വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, നാല് യുഎസ് ഓപ്പണ്‍. ഒരു ഒളിമ്പിക് സ്വര്‍ണം. പരുക്ക് വഴിമുടക്കിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരമെന്ന റെക്കോഡ് തന്റെ ചിരവൈരിയായ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനേക്കാള്‍ മുന്നേ നദാല്‍ സ്വന്തമാക്കിയേനെ.
കളിമണ്ണില്‍ വിരിഞ്ഞ കളിയഴക്
2005-ലാണ് തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണിന് നദാല്‍ ഇറങ്ങിയത്. നൈക്കിയുടെ പച്ച നിറത്തിലുള്ള സ്ലീവ്‌ലെസ് ടി ഷര്‍ട്ട് അണിഞ്ഞ് നീട്ടി വളര്‍ത്തിയ മുടിയും, അത് കണ്ണിലേക്കു വീഴുന്നത് തടയാന്‍ വെള്ളനിറത്തിലുള്ള ഹെഡ് ബാന്‍ഡുമണിഞ്ഞ് കോര്‍ട്ടില്‍ പാറിപ്പറന്ന പത്തൊമ്പതുകാരന്‍ പയ്യന്‍ അന്നേ ടെന്നീസ് പ്രേമികളുടെ മനസില്‍ കടന്നുകൂടി. പ്രായത്തെ വെല്ലുന്ന കൈ മസിലുകളും കണ്ണിമയെ വെല്ലുന്ന റിഫ്‌ളക്‌സ് ആക്ഷനുകളുമായി കളം നിറഞ്ഞ ആ പയ്യന്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
അതിനു മുമ്പ് 2003 വിംബിള്‍ഡണില്‍ മൂന്നാം സ്ഥാനത്ത് എത്തിയതു മാത്രമായിരുന്നു നദാലിന്റെ കരിയറിലെ മികച്ച നേട്ടം. എന്നിട്ടും ആ പയ്യനെ ഉറ്റുനോക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അത് കളിമണ്‍ കോര്‍ട്ടും ആ കൗമാരക്കാരന്‍ പയ്യനും തമ്മിലുള്ള രസതന്ത്രം തന്നെയായിരുന്നു. 2005 ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഏഴ് കളിമണ്‍ കോര്‍ട്ട് ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രമാണ് നദാല്‍ കളിച്ചിരുന്നത്, ആറിലും ചാമ്പ്യന്‍ മറ്റാരുമായിരുന്നില്ല. ഒന്നില്‍ റണ്ണറപ്പും.
അതുകൊണ്ടു തന്നെയാണ് കാണികള്‍ ഉറ്റുനോക്കിയത്. തുടക്കം പിഴച്ചില്ല. ആദ്യ റൗണ്ടില്‍ ലാര്‍സ് ബര്‍ഗ്‌സ്മ്യുളര്‍, പിന്നീട് സേവ്യര്‍ മാലീസ്, റിച്ചാര്‍ഡ് ഗാസ്‌ക്വറ്റ്. നാലാം റൗണ്ടില്‍ സെബാസ്റ്റിയന്‍ ഗോരെന്‍സ്വന്‍. തടയാനെത്തുന്നവരെ ഒന്നൊന്നായി വെട്ടിമാറ്റി കുതിക്കുന്ന കാളക്കൂറ്റനെ അനുസ്മരിപ്പിച്ചു നദാല്‍. പക്ഷേ ടെന്നീസ് ആരാധകര്‍ക്ക് അത് സമ്മതിച്ചു നല്‍കാന്‍ ലേശം മടിയായിരുന്നു. കൗമാരക്കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിക്കുമെന്നായിരുന്നു അവരുടെ പ്രവചനം.
അവിടെ കാത്തിരുന്നത് അന്നത്തെ ലോക 21-ാം റാങ്ക് താരം ഡേവിഡ് ഫെറര്‍. എന്നാല്‍ നദാലിന്റെ കരുത്തിനു മുന്നില്‍ ഫെറര്‍ നിഷ്പ്രഭനാകുന്ന കാഴ്ചയാണ് റോളണ്ട് ഗാരോസ് കണ്ടത്. സ്‌കോര്‍ 7-5, 6-2, 6-0. ഇനി രണ്ടു ചുവടുകള്‍ക്കപ്പുറം തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നദാലിനെ കാത്തിരിക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന എതിരാളികള്‍ നിസാരരല്ല. തന്റെ പത്തൊമ്പതാം ജന്മദിനത്തിന്റെ അന്ന് നടക്കുന്ന സെമിയില്‍ എതിരാളി അന്നത്തെ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍!
നദാല്‍ കന്നി ഫ്രഞ്ച് ഓപ്പണാണ് കളിക്കുന്നതെങ്കില്‍ ഫെഡറര്‍ക്ക് അത് ഏഴാം ചാമ്പ്യന്‍ഷിപ്പായിരുന്നു, പക്ഷേ റോളണ്ട് ഗാരോസില്‍ ഇരുവരുടെയും ആദ്യ സെമിയും. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ലോങ് റാലിയിലൂടെയാണ് മത്സരം ആരംഭിച്ചത്. മിന്നുന്ന ഫോര്‍ഹാന്‍ഡ് ഷോട്ടുകളും ബാക്ക് ഹാന്‍ഡ് റിട്ടേണുകളുമായി കളം നിറഞ്ഞ നദാല്‍ ആദ്യ സെറ്റ് 6-3ന് നേടി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്ന ഫെഡറര്‍ രണ്ടാം സെറ്റ് 6-4ന് നേടി തിരിച്ചടിച്ചു.
നദാലിന്റെ മറുപടി 6-4 എന്ന സ്‌കോറില്‍ മൂന്നാം സെറ്റ് നേടിക്കൊണ്ടായിരുന്നു. നിര്‍ണായകമായ നാലാം സെറ്റ് 6-3 എന്ന സ്‌കോറില്‍ സ്വന്തമാക്കിയ നദാല്‍ അങ്ങനെ കരിയറില്‍ ഫെഡററിനെതിരായ ആദ്യ ജയം കുറിച്ചു. 18 ഷോട്ട് നീണ്ട റാലിക്കൊടുവിലായിരുന്നു നദാല്‍ വിന്നിങ് പോയിന്റ് നേടിയത്. പിന്നീട് ഒന്നര ദശകത്തോളം നീണ്ട ഫെഡററര്‍-നദാല്‍ വൈര്യ(കോര്‍ട്ടിനുള്ളിലെ)ത്തിനാണ് അന്ന് തുടക്കമായത്. ഫൈനലില്‍ അര്‍ജന്റീനയുടെ മരിയാനോ പ്യൂരെറ്റയെ തോല്‍പിച്ച് നദാല്‍ റോളണ്ട് ഗാരോസില്‍ ആദ്യ കിരീടമുയര്‍ത്തി.
അന്ന് തൊട്ടിങ്ങോട്ട് റോളണ്ട് ഗാരോസ് ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു, സ്പാനിഷുകാരനായ നദാലിനെ. പിന്നീട് നടന്ന 17 ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യഷിപ്പുകളില്‍ വെറും നാലു തവണമാത്രമാണ് നദാല്‍ കിരീടം കൈവിട്ടത്. അതില്‍ മൂന്നു തവണയും പരുക്കു മൂലം പിന്മാറിയപ്പോഴാണ്. ഒരേയൊരു തവണ ഫൈനലില്‍ ഫെഡററിനോടു കളിച്ചു തോറ്റപ്പോഴും.
ഫോര്‍ ഹാന്‍ഡ് ഷോട്ടിലെ മാന്ത്രികന്‍
നദാലിന്റെ മേന്മയും മികവും ശാരീരികക്ഷമതയില്‍ മാത്രം ഊന്നിയുള്ളതായിരുന്നില്ല. മറിച്ച് സാങ്കേതിക തികവിന്റേത് കൂടിയായിരുന്നു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എതിരാളികളെ വട്ടംകറക്കിയ അദ്ദേഹത്തിന്റെ ഇടംകൈയ്യന്‍ ഫോര്‍ ഹാന്‍ഡ് ഷോട്ട്. പ്രൈം ഫോമിലുള്ള നദാലിന്റെ ഈ ഷോട്ടിന് മറുപടി നല്‍കാന്‍ ഒരിക്കലും തങ്ങള്‍ക്കായിട്ടില്ലെന്ന് ഫെഡററും ജോക്കോവിച്ചും പലകുറി ആവര്‍ത്തിച്ചു സമ്മതിച്ചിട്ടുണ്ട്.
വലംകൈയ്യന്‍ എതിരാളിക്കെതിരേ നദാല്‍ പായിക്കുന്ന ഇടംകൈയ്യന്‍ ഫോര്‍ഹാന്‍ഡ് ഷോട്ടിനെക്കുറിച്ച് കൂടുതല്‍ പഠിച്ച ഒരു ഗവേഷകന്റെ കണ്ടെത്തല്‍ ലോകത്തെ തന്നെ ഞെട്ടിച്ചതാണ്. സ്പാനിഷ് താരത്തിന്റെ റാക്കറ്റില്‍ നിന്നു പായുന്ന പന്ത് എതിരാളിയിലേക്ക് എത്തും മുമ്പ് സെക്കന്‍ഡില്‍ 80 തവണ വട്ടംകറങ്ങുന്നുണ്ടെന്നായിരുന്നു പഠനം. അത്രയ്ക്കാണ് ആ ഷോട്ടിന്റെ വേഗതയും കരുത്തും.
അത് നേരിടുന്ന എതിരാളിക്ക് നദാലിന്റെ ഫോര്‍ഹാന്‍ഡ് സൈഡിലേക്ക് ഒരു ദുര്‍ബല ക്രോസ്‌കോര്‍ട്ട് ഷോട്ട് മാത്രമേ മറുപടിയായി നല്‍കാന്‍ സാധിക്കു. അതുവഴി വീണ്ടുമൊരു കരുത്തുറ്റ ഫോര്‍ഹാന്‍ഡ് ഷോട്ടിലൂടെ പോയിന്റ് അനായാസം കരസ്ഥമാക്കാനും നദാലിന് സാധിക്കും. തന്റെ കൈക്കരുത്തിനെ സാങ്കേതികമായും തന്ത്രപരമായും ഉപയോഗിച്ചു നദാല്‍ സ്വായത്തമാക്കിയ വജ്രായുധമായിരുന്നു ആ ഫോര്‍ഹാന്‍ഡ് ഷോട്ട്.
ഫെഡററല്ല, ആ എതിരാളി ജോക്കോവിച്ച്
നദാല്‍-ഫെഡറര്‍ ആരാധകര്‍ ആയിരുന്നു കഴിഞ്ഞ രണ്ടു ദശാബ്ദമായി ടെന്നീസ് ലോകത്ത് ഏറ്റവും കൂടുതല്‍ പോരടിച്ചത്. തങ്ങളുടെ ആരാധനാപാത്രമാണ് ഏറ്റവും മികച്ചവന്‍ എന്ന് ഘോരഘോരം അവര്‍ വാദിച്ചു. ഇന്നും തീര്‍ക്കാന്‍ കഴിയാതെ ആ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നതും വാസ്തവം. എന്നാല്‍ നദാലിന്റെ ഏറ്റവും വലിയ എതിരാളി ആരായിരുന്നു? അത് ഫെഡററാണോ? അല്ലെന്നാണ് ഉത്തരം.
അത് യഥാര്‍ത്ഥത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചായിരുന്നു. 2006 മുതല്‍ ഇതുവരെ 59 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. കളിമണ്‍ പ്രതലങ്ങളില്‍ നദാല്‍ മേല്‍കൈ നേടിയപ്പോള്‍ ഹാര്‍ഡ് കോര്‍ട്ടുകളില്‍ ആധിപത്യം ജോക്കോവിച്ചിനായിരുന്നു. ഇരുവരും തമ്മിലുള്ള ഏറ്റവും ഐതിഹാസിക പോരാട്ടം കണ്ടത് 2012 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലായിരുന്നു. തന്റെ ഇഷ്ടപ്രതലമായ ഹാര്‍ഡ് കോര്‍ട്ടില്‍ കളിച്ചിട്ടും നദാലിനെ വീഴ്ത്താന്‍ അന്ന് ജോക്കോവിച്ചിന് അഞ്ച് മണിക്കൂര്‍ 53 മിനിറ്റ് നേരം വിയര്‍പ്പൊഴുക്കേണ്ടി വന്നു. അന്ന് മത്സരശേഷം കിരീടദാന ചടങ്ങില്‍ ഇരുതാരങ്ങള്‍ക്കും നില്‍ക്കാനുള്ള ആവതുണ്ടായിരുന്നില്ല. അങ്ങനെ ചരിത്രത്തിലാദ്യമായി ഓസ്ട്രലിയന്‍ ഓപ്പണ്‍ വിജയിയും റണ്ണറപ്പും കോര്‍ട്ടില്‍ കസേരയിട്ടിരുന്നു ട്രോഫികള്‍ ഏറ്റുവാങ്ങുന്ന കാഴ്ചയും ലോകം കണ്ടു.
ഇന്ന് ലോക ടെന്നീസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ജോക്കോവിച്ചാണ് എക്കാലത്തെയും മികച്ച താരമെന്നാകും കാണാനാകുക. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ലോക ഒന്നാം നമ്പര്‍ പദവിയില്‍ ഏറ്റവും കൂടുതല്‍ ആഴ്ചകള്‍, നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നദാലിനും ഫെഡററിനും എതിരേ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ തുടങ്ങി ജോക്കോയുടെ പേരിനു നേര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ കാണാം. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ക്കൊന്നും അളക്കനാകാത്ത ഒന്നുണ്ട്ഏതൊരു കായിക വിനോദത്തിലും. അങ്ങനെ നോക്കുമ്പോള്‍ നദാല്‍ തന്നെയാണ് ഏറ്റവും മികച്ചത്.
ടെന്നീസിനൊരു വൈകാരികത കൊണ്ടുവന്ന താരമാണ് നദാല്‍, കോപത്തിന്റെയോ പകയുടെയോ ലവലേശ ഭാവമില്ലാതെ തീവ്രമായ മത്സരബുദ്ധി കൊണ്ടുവന്ന താരമാണ് നദാല്‍. പരുക്കിന്റെ പകപോക്കലുകളില്‍ ഞെരിഞ്ഞമര്‍ന്ന തന്റെ ശരീരത്തെ തന്നിലെ ടെന്നീസ് താരത്തിനനുസൃതമായി ചലിപ്പിച്ചവനാണ് അയാള്‍, കാരണം ഒരു ചാമ്പ്യന്‍ താരമാകണമെങ്കില്‍, ആ പദവിക്ക് അര്‍ഹനാകണമെങ്കില്‍ അവസാന തുള്ളി ചോരയും വിയര്‍പ്പായി ഇറ്റിക്കണമെന്നു വിശ്വസിച്ചവനാണ് നദാല്‍.
ഓരോ ടെന്നീസ് പ്രേമിയും കണ്ടറിഞ്ഞിട്ടുണ്ട്, കണ്‍നിറച്ചിട്ടുണ്ട്, മനംകുളിര്‍ത്തിട്ടുണ്ട് അയാളുടെ ടെന്നീസും, പോരാട്ടവും യത്‌നവുമെല്ലാം. അതാണ് അയാളെ ടെന്നീസിലേക്കും ടെന്നീസ് പ്രേമികളിലേക്കും ആവാഹിപ്പിച്ചത്. തന്റെ ഇരുപത്തിരണ്ടാം വയസില്‍ ടൈം മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, ടെന്നീസ് ശരീരത്തെ വലയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നദാല്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ''അവര്‍ മൂന്നു വര്‍ഷം മുമ്പ് തന്നെ വിധിയെഴുതിയിരുന്നു, ഞാന്‍ അധികകാലം കോര്‍ട്ടില്‍ കാണില്ലെന്ന്. അത് എന്നെ മുഷിപ്പിച്ചോ? ഇല്ല. പറഞ്ഞു പറഞ്ഞ് അവര്‍ക്കു മടുക്കുന്നില്ലെങ്കിലും മറുപടി നല്‍കി എനിക്കു മടുത്തു. ടെന്നീസ് എന്നില്‍ മരിക്കില്ല, എന്റെ ശരീരം എന്നെ അനുസരിക്കുന്ന കാലം വരെ ഞാന്‍ റാക്കറ്റ് എടുക്കും. ഒരു കായികതാരമെന്ന നിലയില്‍ നില്‍ക്കാന്‍ അനുവദിക്കാത്ത പക്ഷം അത് താഴെവയ്ക്കും. അത് ടെന്നീസ് എന്ന മഹത്തായ ഗെയിമിനോട് ഞാന്‍ ചൊല്ലുന്ന പ്രതിജ്ഞയാണ്''... അതേ നദാല്‍ വാക്ക് പാലിച്ചിരിക്കുന്നു. പണത്തിനും പ്രശസ്തിക്കും മാര്‍ക്കറ്റ് മൂല്യങ്ങള്‍ക്കും വേണ്ടി പിടിച്ചുനില്‍ക്കാതെ താന്‍ ഇഷ്ടപ്പെട്ട ഗെയിമിന്റെ മൂല്യത്തിനൊപ്പം നിന്ന് അയാള്‍ റാക്കറ്റ് താഴ്ത്തി മടങ്ങുകയാണ്...
Goodbye Rafa, thank you for those unforgettable memories...
-from a Rival Fan