ഇതിഹാസം കളമൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് റോജര്‍ ഫെഡറര്‍
ആധുനിക ടെന്നീസിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ ടെന്നീസ് മതിയാക്കുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇതിഹാസ താരം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്താഴ്ച ആരംഭിക്കുന്ന ലേവര്‍ കപ്പ് എടിപി ചാമ്പ്യന്‍ഷിപ്പ് തന്റെ കരിയറിലെ അവസാന മത്സര ചാമ്പ്യന്‍ഷിപ്പായിരിക്കുമെന്ന് ആരാധകരെ അഭിസംബോധന ചെയ്ത് ഫെഡറര്‍ അറിയിച്ചു.
1996-ല്‍ തന്റെ 14-ാം വയസില്‍ ജൂനിയര്‍ തലത്തിലൂടെ ടെന്നീസ് കോര്‍ട്ടില്‍ എത്തിയ സ്വിസ് താരം പിന്നീട് ലോക ടെന്നീസിലെ പകരംവയക്കാനില്ലാത്ത താരമായി മാറുകയായിരുന്നു. 26 വര്‍ഷം നീണ്ട കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണില്‍ മുത്തമിട്ട താരം കൂടിയാണ്.
ഗ്രാന്‍ഡ് സ്ലാം കാലഘട്ടത്തില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടിയ അഞ്ചു താരങ്ങളില്‍ ഒരാളാണ് ഫെഡറര്‍. റോഡ് ലേവര്‍, ആന്ദ്രെ അഗാസി, സമകാലീനരായ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരാണ് ഇക്കാര്യത്തില്‍ ഫെഡറര്‍ക്കൊപ്പമുള്ളത്. തുടര്‍ച്ചയായി 10 ഗ്രാന്‍ഡ് സ്ലാം ഫൈനലുകള്‍ കളിച്ച താരമെന്ന റെക്കോഡും ഫെഡററിന്റെ പേരിലാണ്. ഇതുവരെ 1500-ലേറെ മത്സരങ്ങള്‍ കളിച്ച താരം കരിയറില്‍ ആകെ 103 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ആരാധകര്‍ക്കായി എഴുതിയ കത്തില്‍ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് താരം നന്ദി അര്‍പ്പിച്ചു.
''41 വയസ് പിന്നിട്ടു. ഇതിനോടകം 1500-ലേറെ മത്സരങ്ങള്‍ കളിക്കാനായി. ഞാന്‍ സ്വപ്‌നം കണ്ടതിലുമേറെ ടെന്നീസ് എനിക്കു സമ്മാനിച്ചു. ഇപ്പോള്‍ റാക്കറ്റ് താഴെവയ്ക്കാന്‍ സമയമായി എന്നു തോന്നുന്നു''- ഫെഡറര്‍ കുറിച്ചു.