യുഎസ് ഓപ്പൺ: ബൊപ്പണ്ണ-മാത്യു സഖ്യം ഫൈനലിൽ, കിരീടപോരാട്ടം പതിമൂന്ന് വർഷത്തിന് ശേഷം
യുഎസ് ഓപ്പണിൽ രോഹൻ ബൊപ്പണ്ണ-മാത്യു എബ്‌ഡൻ സഖ്യം പുരുഷ ഡബിൾസ് ഫൈനലിലെത്തി. എതിരാളികളായ മഹൂത് പിയറി-ഹ്യൂഗ്‌സ് ഹെർബർട്ട് ഫ്രാൻസ് സഖ്യത്തെ 7-6(3), 6-2 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ബൊപ്പണ്ണ-മാത്യു സഖ്യം ഫൈനലിൽ പ്രവേശിച്ചത്. സെമിയില്‍ അഞ്ച് ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ഫ്രഞ്ച് താരങ്ങളാണ് പിയറി-ഹെർബർട്ട് സഖ്യം. കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് ബൊപ്പണ്ണ ലക്ഷ്യമിടുന്നത്. പതിമൂന്ന് വർഷത്തിന് ശേഷമാണ് രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ പുരുഷഡബിള്‍സ് കിരീടപോരാട്ടത്തിനിറങ്ങുന്നത്.
യുഎസ് ഓപ്പൺ സെമിയിൽ ആദ്യ സെറ്റിൽ മാത്രമായിരുന്നു ബൊപ്പണ്ണ സഖ്യത്തിന് വെല്ലുവിളി നേരിട്ടത്. ഇതോടെ ടൈബ്രേക്കർ വരെ മത്സരം കൊണ്ട് പോകാൻ എതിർ സഖ്യത്തിന് സാധിച്ചു. എന്നാൽ രണ്ടാം സെറ്റില്‍ ബൊപ്പണ്ണ-എബ്ഡൻ സഖ്യം പഴയ ഫോമിലേക്ക് തിരിച്ചെത്തിയതോടെ വിജയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. രണ്ട് തവണ ചാമ്പ്യൻമാരായ യുഎസ്എയുടെ രാജീവ് റാം, ബ്രിട്ടന്റെ ജോ സാലിസ്ബറി എന്നിവരെയാണ് ഫൈനലിൽ ബൊപ്പണ്ണ-എബ്ഡൻ സഖ്യം നേരിടുന്നത്.
2010-ലാണ് ഇതിന് മുൻപായി ബൊപ്പണ്ണ ഫൈനലില്‍ കളിച്ചത്. 2017 ലെ ഫ്രഞ്ച് ഓപ്പണിൽ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ബൊപ്പണ്ണ മിക്സഡ് ഡബിൾസ് കിരീടം നേടിയിരുന്നു. 43 കാരനായ രോഹൻ ബൊപ്പണ്ണ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ്. 43 വയസും 4 മാസവും പ്രായമുള്ളപ്പോൾ 2016 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തിയ കാനഡയുടെ ഡാനിയൽ നെസ്റ്ററിന്റെ പേരിലായിരുന്നു ഇതിന് മുൻപ് റെക്കോർഡ്.