ഉത്തേജക മരുന്ന് ഉപയോഗം: റൊമാനിയൻ താരം സിമോണ ഹാലെപ്പിന് നാല് വർഷം വിലക്ക്
മുൻ ടെന്നീസ് ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പിനെ ഉത്തേജക മരുന്ന് വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നാല് വർഷത്തേയ്ക്ക് വിലക്കി. ചട്ടം ലംഘിച്ചതിന്റെ പേരിൽ ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് (ഐടിഐഎ) സിമോണയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2022-ലെ യുഎസ് ഓപ്പണിൽ നിരോധിത പദാർത്ഥമായ റോക്സാഡുസ്റ്റാറ്റ് ഉപയോഗിച്ചതിനാണ് സിമോണ ഹാലെപ്പിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
യുഎസ് ഓപ്പണിന് പിന്നാലെ സിമോണയുടെ രക്ത പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവായിരുന്നു. ഇതിനെ തുടർന്ന് താരത്തെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് 51 രക്ത സാമ്പിളുകൾ വിശകലനം ചെയ്യുകയും അവയിലെല്ലാം പോസിറ്റീവ് ആകുകയും ചെയ്തതോടെയാണ് താരത്തിനെതിരെ നടപടി ഉണ്ടായത്. എന്നാൽ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് ആരോപണം നിഷേധിച്ച സിമോണ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി.
അനീമിയ ചികിത്സയ്ക്കായി നിയമാനുസൃതമായി ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് റോക്സാഡുസ്റ്റാറ്റ്. എന്നാൽ ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിരോധിത പട്ടികയിൽ ഉൾപ്പെടുന്നതാണ് ഈ മരുന്ന്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്ന ഒരു രക്ത-ഡോപ്പിംഗ് ഏജന്റാണ് റോക്സാഡുസ്റ്റാറ്റ്. റൊമാനിയൻ താരമായ സിമോണ ഹാലെപ്പ് 2018-ൽ ഫ്രഞ്ച് ഓപ്പണും 2019-ൽ വിംബിൾഡണും രണ്ടു തവണ ഗ്രാൻഡ്‌സ്‌ലാം കിരീടവും നേടിയിട്ടുണ്ട്.
ഇതിനു മുൻപ് ഉത്തേജകം ഉപയോഗിച്ചതിന്റെ പേരിൽ വിലക്ക് നേടിയ താരം വിംബിൾഡൺ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ മരിയ ഷറപ്പോവയാണ്. മെൽഡോണിയം ഉപയോഗിച്ചതിന്റെ പേരിൽ താരത്തെ 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.