സാനിയ-ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ
കിരീടത്തോടെ കരിയർ അവസാനിപ്പിക്കാൻ സാനിയ മിർസയ്ക്ക് മുന്നില്‍ ഒരു ചുവട് മാത്രം. സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ മൂന്നാം സീഡ് അമേരിക്കയുടെ ഡെസിറേ ക്രാവ്സിക്ക് ബ്രിട്ടന്റെ നീൽ സ്കപ്സ്കി സഖ്യത്തെയാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്. സ്കോർ - 7-6(5) 6-7(5) 10-6.
ഒരു മണിക്കൂർ 52 മിനുറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു സീഡ് ചെയ്യപ്പെടാത്ത സാനിയ- ബൊപ്പണ്ണ സഖ്യത്തിന്റെ ജയം. ഫെബ്രുവരി 19 മുതല്‍ നടക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻഡ് സ്ലാം മത്സരമാകും ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് ഫൈനലിലേത്. നേരത്തെ കസാഖ്സ്ഥാന്‍ താരം അന്ന ഡാനിലിനയ്ക്കൊപ്പം വനിതാ ഡബിള്‍സിൽ മത്സരിച്ച സാനിയ രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു.
2009ൽ മഹേഷ് ഭൂപതിയുമായി ചേർന്ന് ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം സ്വന്തമാക്കിയ സാനിയ കരിയറിൽ മൊത്തം ആറ് ഗ്രാൻഡ് സ്ലാം വിജയിച്ചു. മൂന്ന് വീതം ഡബിൾസ് മിക്സ്ഡ് ഡബിൾസ് കിരീടങ്ങൾ ഇതിൽ ഉൾപ്പെടും. ഒരുതവണയാണ് ബൊപ്പണ്ണ ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്. ഓസ്‌ട്രേലിയൻ ജോഡികളായ ഒലിവിയ ഗഡെക്കി, മാർക്ക് പോൾമാൻസ് ബ്രസീൽ ജോഡികളായ ലൂയിസ സ്റ്റെഫാനി റാഫേൽ മാറ്റോസ് തമ്മിലുള്ള മത്സരത്തിലെ വിജയികളാകും ഫൈനലില്‍ ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ. ശനിയാഴ്ചയാണ് കിരീടപ്പോരാട്ടം.