സാനിയ മിര്‍സ
സാനിയ മിര്‍സ

യുഎസ് ഓപ്പണില്‍ നിന്ന് സാനിയ പിന്മാറി; വിരമിക്കല്‍ നീണ്ടേക്കും

ഈ വര്‍ഷം അവസാനത്തോടെ വിരമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പരുക്ക് കാരണം വിരമിക്കല്‍ മാറ്റിവച്ചേക്കും
Updated on
1 min read

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പരുക്ക് കാരണം യുഎസ് ഓപ്പണില്‍ നിന്നു പിന്മാറി. ഇതോടെ തന്റെ റിട്ടയര്‍മെന്റ് തീരുമാനങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിന്മാറ്റം അറിയിച്ചത്. രണ്ടാഴ്ച്ച മുന്‍പ് കാനഡയില്‍ നടന്ന ഒരു ചാമ്പ്യന്‍ഷിപ്പിനിടെയാണ് സാനിയയുടെ കൈത്തണ്ടയില്‍ പരുക്കേറ്റത്. വേദന കുറയാഞ്ഞതിനേത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം സ്‌കാന്‍ ചെയ്തപ്പോഴാണ് അവസ്ഥ മോശമാണെന്ന് മനസ്സിലാക്കിയത്.

' ഞാന്‍ കുറച്ചു ദിവസം പുറത്തായിരിക്കും, അതുകൊണ്ട് തന്നെ യുഎസ് ഓപ്പണില്‍ നിന്നും പിന്മാറുകയാണ്. ഇതെനിക്ക് ഏറ്റവും മോശം സമയമാണ്. എന്റെ റിട്ടയര്‍മെന്റ് പ്ലാനുകളില്‍ മാറ്റം വരുത്തും. പക്ഷേ നിങ്ങളെ എല്ലാം പോസ്റ്റുകളിലൂടെ അറിയിക്കും'. അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ആറ് തവണ ഗ്രാന്‍ഡ്സ്ലാം ജോതാവാണ്,വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവ ഓരോ തവണ വീതം നേടിയിരുന്നു. മിക്‌സ്ഡ് ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും, ഫ്രെഞ്ച് ഓപ്പണും, യുഎസ് ഓപ്പണും ഓരോ തവണ നേടിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ വിരമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പരുക്ക് കാരണം വിരമിക്കല്‍ ഇനിയും നീളും. താന്‍ വിരമിക്കുമെന്ന വാര്‍ത്ത പലരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

"എനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചു, ടെന്നീസ് എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. എനിക്കുണ്ടായ നേട്ടങ്ങള്‍ക്കും ഓര്‍മകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ വര്‍ഷാവസാനം വരെ മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്" സാനിയ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച അവസരത്തില്‍ എന്‍ഡിടിവി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in