'ചേര്‍ത്തു പിടിച്ചതിന് നന്ദി'; സാനിയ മിര്‍സ - മെല്‍ബണ്‍ മുതല്‍ മെല്‍ബണ്‍ വരെ

'ചേര്‍ത്തു പിടിച്ചതിന് നന്ദി'; സാനിയ മിര്‍സ - മെല്‍ബണ്‍ മുതല്‍ മെല്‍ബണ്‍ വരെ

2009 ല്‍ മഹേഷ് ഭൂപതിക്കൊപ്പമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ സാനിയ മിര്‍സയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം
Updated on
1 min read

''എനിക്ക് ഇനിയും കുറച്ച് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. എന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത് മെല്‍ബണില്‍ നിന്നാണ്'' പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ സാനിയ വിതുമ്പിപ്പോയി. കണ്ടു നിന്ന എല്ലാവരും കരഘോഷങ്ങള്‍ മുഴക്കി. ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യയുടെ കരുത്തുറ്റ പെണ്‍ശബ്ദം സാനിയ മിര്‍സ ഗ്രാന്‍ഡ്സ്ലാം വേദിയില്‍ നിന്നും പടിയിറങ്ങുകയാണ്.

പാതിയില്‍ മുറിഞ്ഞിടത്ത് നിന്ന് സാനിയ വീണ്ടും തുടങ്ങി. '' 2005 ല്‍ എന്റെ 18-ാം വയസില്‍ ഇതിഹാസതാരം സെറീന വില്യംസിനെതിരെ മെല്‍ബണിലാണ് ഞാന്‍ തുടങ്ങിയത്. അത് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എനിക്ക് ഇവിടേക്ക് വീണ്ടും പല തവണ വരാന്‍ സാധിച്ചു, വിജയങ്ങള്‍ രുചിച്ചു, ചില ഫൈനലുകള്‍ കളിച്ചു. റോഡ് ലാവര്‍ അരീന എന്റെ ജീവിതത്തില്‍ എന്നും പ്രധാനപ്പെട്ടതാണ്. എന്റെ ഗ്രാന്‍ഡ്സ്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു വേദി ചിന്തിക്കാന്‍ കഴിയില്ല, ഒരു വീടുപോലെ എന്നെ ചേര്‍ത്തു പിടിച്ചതിന് നന്ദി'' സാനിയ പറഞ്ഞു നിര്‍ത്തുമ്പോള്‍ കേട്ടു നിന്നവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

2009 ല്‍ മഹേഷ് ഭൂപതിക്കൊപ്പമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ സാനിയയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം. അതേ വേദിയില്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പടിയിറക്കത്തിന് മുന്‍പ് ഒരിക്കല്‍ കൂടി സാനിയ കിരീടത്തില്‍ മുത്തമിടുമെന്ന് തോന്നിച്ചു. 18 വര്‍ഷത്തെ സ്വപ്‌നയാത്ര. അതിനിടയില്‍ ടെന്നീസില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സാനിയയ്ക്ക് ലക്ഷ്യം പിഴച്ചെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷ നല്‍കിയാണ് മടക്കം. ഇനിയൊരു ഗ്രാന്‍സ്ലാം കോര്‍ട്ടില്‍ ഇന്ത്യയ്ക്കായി കളത്തില്‍ അവര്‍ ഉണ്ടാവില്ല. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ സാനിയ റാക്കറ്റ് താഴെ വയ്ക്കും.

2003 ലാണ് സാനിയ ടെന്നീസില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റയാള്‍ പോരാട്ടത്തില്‍ തുടങ്ങിയ സാനിയ പിന്നീട് 10 വര്‍ഷത്തിന് ശേഷം 2013 ല്‍ ഡബിള്‍സിലേക്ക് ചുവടുമാറ്റി. 2015 ല്‍ വിമണ്‍സ് ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ മിര്‍സ ഒന്നാമതായി. എടിപി റാങ്കിങില്‍ ഒന്നാമതെത്തുന്ന ഏക ഇന്ത്യക്കാരി. കരിയറില്‍ ഇന്ത്യയ്ക്കായി നേടിയത് ആറ് മേജര്‍ കിരീടങ്ങള്‍. സിംഗിള്‍സില്‍ കിരീടം ഒന്നിലേക്ക് മാത്രം ചുരുങ്ങിയപ്പോള്‍ ഡബിള്‍സില്‍ 42 കിരീടങ്ങള്‍ വാരിക്കൂട്ടിയ സാനിയ തന്റെ ചുവടുമാറ്റം എന്തിനുവേണ്ടിയായിരുന്നെന്ന് ലോകത്തെ കാട്ടിക്കൊടുത്തു. അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് ഫൈനലില്‍ പരാജയപ്പെട്ട് സാനിയ പിന്‍വാങ്ങുമ്പോള്‍ നിലയ്ക്കുന്നത് ഇന്ത്യക്കുവേണ്ടി ലോകത്തിന്റെ നെറുകയില്‍ ഉയര്‍ന്നു കേട്ട പെണ്‍ശബ്ദം കൂടിയാണ്.

logo
The Fourth
www.thefourthnews.in