ദുബായിൽ ആദ്യ റൗണ്ടിൽ തോൽവി; പ്രൊഫഷണൽ ടെന്നീസ് അവസാനിപ്പിച്ച് സാനിയ
ദുബായ് ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസിലെ ആദ്യ മത്സരത്തിൽ സാനിയ മിർസ - മാഡിസൺ കീസ് സഖ്യത്തിന് തോൽവി. ഇതോടെ പ്രൊഫഷണൽ കരിയറിൽ സാനിയ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞു. ടൂർണമെന്റിലെ ഒന്നാം റൗണ്ട് മത്സരത്തിൽ റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ- ലിയുഡ് മില സാംസോനോവ സഖ്യത്തോടായിരുന്നു സാനിയ സഖ്യത്തിന്റെ അപ്രതീക്ഷിത തോൽവി. സ്കോർ 4-6, 0-6.
20 വർഷം നീണ്ട നിന്ന സാനിയയുടെ കരിയറിനാണ് ഇതോടെ തിരശീല വീണത്. ഇക്കാലയളവിൽ ആറ് തവണ ഗ്രാൻഡ് സ്ലാം കിരീടം സാനിയ നേടി. 2009, 2012, 2014 വർഷങ്ങളിൽ മിക്സഡ് ഡബിൾസിൽ ഓസ്‌ട്രേലിയൻ, ഫ്രഞ്ച്, യു എസ് ഓപ്പണുകളിൽ കിരീടം സ്വന്തമാക്കി. 2015ൽ വനിതാ ഡബിൾസിൽ വിംബിൾഡണും യു എസ് ഓപ്പണും, 2016ൽ ഓസ്‌ട്രേലിയൻ ഓപ്പണിലുമായിരുന്നു ഗ്രാന്‍സ്ലാം കിരീട നേട്ടം. കരിയറിൽ 43 കിരീടങ്ങളാണ് 36 കാരിയായ സാനിയ നേടിയത്.
2003ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച താരം 10 വര്‍ഷത്തോളം സിംഗിള്‍സ് കളിച്ച ശേഷമാണ് ഡബിൾസിലേക്ക് കളം മാറ്റി ചവിട്ടിയത്. സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ ആദ്യ 100ല്‍ എത്തുന്ന ഏക ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. 2013 മുതൽ ഡബിൾസിൽ ഇറങ്ങി തുടങ്ങിയ സാനിയ രണ്ട് വർഷത്തിന് ശേഷം വുമണ്‍സ് ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് എത്തി.
ഈ വർഷം ആദ്യമാണ് ദുബായ് ഓപ്പണോടെ പ്രൊഫഷണൽ ടെന്നിസിൽ നിന്നും വിരമിക്കുമെന്ന സാനിയയുടെ പ്രഖ്യാപനം വന്നത്. കരിയറിലെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ - രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാമതെത്തിയിരുന്നു.
പ്രൊഫഷണൽ ടെന്നീസ് അവസാനിപ്പിച്ച സാനിയ ഇനി പ്രഥമ വനിതാ പ്രീമിയർ ലീഗിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ടീമിന്റെ ഉപദേശക റോളിൽ എത്തും. കഴിഞ്ഞയാഴ്ചയാണ് ടീം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.