സ്‌റ്റെഫി ഗ്രാഫ് നമിച്ചുപോയ കരിയര്‍ ഗ്രാഫ്; അതാണ് സെറീന
എണ്ണക്കറുപ്പിന് ഏഴഴകാണ്... എന്നാല്‍ സെറീന വില്യംസിന് നൂറഴകാണെന്നു കായികപ്രേമികള്‍ പറയും. 27 വര്‍ഷം നീണ്ട കരിയറിന് സ്വന്തം മണ്ണിലെ ഫ്‌ളഷിങ് മെഡോസില്‍ അന്ത്യം കുറിച്ച് കണ്ണീരണിഞ്ഞു നില്‍ക്കുമ്പോള്‍ ലോകമൊന്നടങ്കം വര്‍ണവ്യത്യാസമില്ലാതെ കൈയടിച്ചതും ആ അഴകിനാണ്... ടെന്നീസ് കോര്‍ട്ടിലെ കളിയഴകിന്.
23 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരറാണി... ഈയൊരു പട്ടം മാത്രമല്ല സെറീനയെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം സിംഹാസനമിട്ടിരുത്തുന്നത്. മറിച്ച് ഗെയിമിനോടുള്ള ആത്മസമര്‍പ്പണം, അതിനായി എടുത്ത ത്യാഗങ്ങള്‍, പിന്നിട്ട പാതകള്‍, നേടിയ വിജയങ്ങള്‍, അതില്‍ മതിമറക്കാത്ത എളിമ... എല്ലാം കൊണ്ടും ഉയര്‍ന്നുവരുന്ന താരങ്ങള്‍ക്കു മകുടോദാഹരണമാണ് സെറീന യമേക വില്യംസ്.
ഒരു ലോകത്തെ മുഴുവന്‍ പ്രചോദിപ്പിച്ചാണ് സെറീന റാക്കറ്റ് താഴെ വയ്ക്കുന്നത്. ഭൂമി ഇനി എത്ര മാറിയാലും കായിക ഭൂപടത്തില്‍ സെറീനയെന്ന പോരാളിയെക്കാള്‍ മികച്ചൊരു താരം വരില്ലെന്നു തന്നെ പറയാം. 18-ാം വയസില്‍ തുടങ്ങിയ ആ ജൈത്രയാത്ര 41-ാം വയസില്‍ അവസാനിപ്പിക്കുമ്പോള്‍ ടെന്നീസ് രംഗത്ത് ഇന് അവര്‍ക്ക് കീഴടക്കാനാകാത്തത് ഒന്നും ശേഷിക്കുന്നില്ലെന്നു തന്നെ പറയാം.
1999-ല്‍ പതിനേഴാം വയസില്‍ യുഎസ് ഓപ്പണ്‍ നേടിയാണ് സെറീന ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമുയര്‍ത്തുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രമെന്നു പറഞ്ഞ് അവസാനിപ്പിക്കാമെങ്കില്‍ സെറീനയുടെ കാര്യത്തില്‍ മാത്രം അതു നടക്കില്ല. കാരണം പ്രായം മുപ്പതുകള്‍ പിന്നിട്ടാല്‍ വനിതകള്‍ക്കു വഴങ്ങാത്ത ടെന്നീസിനെ സെറീന വരുതിക്കു നിര്‍ത്തിയത് അത്ര മികവോടെയാണ്.
മുപ്പതിനു ശേഷം 10 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ആ പേരില്‍ ചേര്‍ക്കപ്പെട്ടതെന്നു തിരിച്ചറിയുമ്പോള്‍ അമ്പരപ്പാണോ അദ്ഭുതമാണോ തോന്നുകയെന്നു പറയുക വയ്യ. ഇതിഹാസമെന്നു പലരെയും വിശേഷിപ്പിക്കാമെങ്കില്‍ അതിനു ജീവിക്കുന്ന അടയാളമാണ് സെറീന.
പരുക്കുകളോടും രോഗങ്ങളോടും പടവെട്ടി 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍. അതില്‍ പത്തും മുപ്പത് വയസിനുശേഷം. ഗര്‍ഭിണിയായരിക്കെ ഒരു സെറ്റ്‌പോലും നഷ്ടപ്പെടുത്താതെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട ജയം. സാക്ഷാല്‍ സ്‌റ്റെഫി ഗ്രാഫ് പോലും നമിച്ചുപോയ കരിയര്‍ ഗ്രാഫ്. കോര്‍ട്ടില്‍ കളിച്ചു തെളിയിച്ചു നേടിയ നേട്ടങ്ങളിലൂടെ 'ഇതിഹാസം' എന്ന വാക്കിന് വാച്യാര്‍ഥം നല്‍കിയാണ് സെറീന റാക്കറ്റ് താഴെ വയ്ക്കുന്നത്. കാലമെത്ര കാത്തിരിക്കണം ഇനി ഇതുപോലൊരു സെറീനയെ കാണാന്‍...