സെറീനാ വില്യംസ് വിരമിക്കുന്നു

സെറീനാ വില്യംസ് വിരമിക്കുന്നു

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന 319 ആഴ്ച ലോക ഒന്നാം നമ്പര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്.
Updated on
1 min read

അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീനാ വില്യംസ് വിരമിക്കുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന യു.എസ്. ഓപ്പണ്‍ ടെന്നീസിനു ശേഷം റാക്കറ്റ് താഴെവയ്ക്കുമെന്ന് താരം വ്യക്തമാക്കി. വോഗ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ടെന്നീസ് മതിയാക്കാനുള്ള തന്റെ തീരുമാനം സെറീന വെളിപ്പെടുത്തിയത്.

''ജീവിതത്തില്‍ പ്രത്യേക തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ വരും. അത്തരത്തിലൊന്നിലൂടെയാണ് ഞാന്‍ കടന്നു പോയത്. ടെന്നീസാണ് എന്റെ ജീവന്‍. പക്ഷേ ഇനി എനിക്ക് ജീവതത്തിലേക്കു ശ്രദ്ധകേന്ദ്രീകരിക്കണം. ഒരമ്മ കൂടിയാണ് ഞാനിപ്പോള്‍. യു.എസ്. ഓപ്പണ്‍ ജയിച്ചു തന്നെ മടങ്ങണമെന്നാണ് ആഗ്രഹം. എന്തായാലും വരുന്ന ദിനങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിക്കും''- സെറീന പറഞ്ഞു.

തന്റെ 40-ാം വയസില്‍ ഒന്നര വര്‍ഷത്തിനു ശേഷം ടെന്നീസില്‍ മടങ്ങിയെത്തി ആദ്യ ജയം കുറിച്ചതിനു പിന്നാലെയാണ് സെറീനയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച ടൊറന്റോ ഓപ്പണിലൂടെയാണ് സെറീന കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. ആദ്യ റൗണ്ടില്‍ സ്പാനിഷ് താരം നൂരിയ പരിസാസ് ഡയസിനെ തോല്‍പിച്ചു സെറീന രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.

കഴിഞ്ഞ വിംബിള്‍ഡണിലാണ് ഇതിനു മുമ്പ് സെറീന അവസാനമായി കളിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സെന്റര്‍ കോര്‍ട്ടില്‍ ഇറങ്ങിയ താരം പക്ഷേ ആദ്യ റൗണ്ടില്‍ ഫ്രഞ്ച് താരം ഹാര്‍മണി ടാനിനോടു തോറ്റു പുറത്തായിരുന്നു. പിന്നീട് 430 ദിവസങ്ങള്‍ക്കു ശേഷം ടൊറന്റോയിലാണ് താരം തിരിച്ചുവരവ് നടത്തിയത്.

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന 319 ആഴ്ച ലോക ഒന്നാം നമ്പര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. ഏഴു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും മൂന്നു തവണ ഫ്രഞ്ച് ഓപ്പണും ഏഴു തവണ വിംബിള്‍ഡണ്‍ കിരീടത്തിലും മുത്തമിട്ടിട്ടുള്ള സെറീന സ്വന്തം മണ്ണില്‍ ആറു തവണ യു.എസ്. ഓപ്പണും സ്വന്തമാക്കി.

കരിയറില്‍ ആകെ 73 കിരീടങ്ങളാണ് സെറീനയ്ക്കുള്ളത്. 2012-ല്‍ ഒളിമ്പിക് സ്വര്‍ണവും നേടിയ താരം 1008 മത്സരങ്ങളില്‍ നിന്ന് 855 വിജയങ്ങള്‍ കുറിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in