സെറീന വില്യംസ്
സെറീന വില്യംസ്

സെറീന മൂന്നാം റൗണ്ടില്‍; യുഎസ് ഓപ്പണിനു ശേഷവും റാക്കറ്റ് താഴ്ത്തില്ലെന്നു സൂചന

രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം അനെറ്റ് കോന്റാവെയ്റ്റിനെയാണ് സെറീന പരാജയപ്പെടുത്തിയത്
Updated on
1 min read

ഇതിഹാസ താരം സെറീനാ വില്യംസ് യുഎസ്. ഓപ്പണ്‍ വനിതാ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരം എസ്‌തോണിയയുടെ അനെറ്റ് കോന്റാവെയ്റ്റിനെയാണ് സെറീന തോല്‍പിച്ചത്. 7-6, 2-6, 6-2 എന്ന സ്‌കോറില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരത്തിന്റെ ജയം. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ അല്‍ജ ടോംലാനോവികിനെയാണ് സെറീനയ്ക്ക് നേരിടേണ്ടത്.

''ഈ വിജയത്തെ ഞാന്‍ ഒരു ബോണസായിട്ടാണ് കാണുന്നത് എനിക്ക് ഒന്നും തെളിയിക്കാനോ നഷ്ടപ്പെടാനോ ഇല്ല''- സെറീന വില്യംസ്

അടുത്തിടെയാണ് സെറീന തന്റെ 27 വര്‍ഷത്തെ കരിയറില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുഎസ് ഓപ്പണിനു ശേഷം റാക്കറ്റ് താഴെ വയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ യുഎസ് ഓപ്പണിനു ശേഷം ഉടന്‍ വിരമിക്കാന്‍ സാധ്യതയില്ലെന്നാണ് സെറീന ഇപ്പോള്‍ നല്‍കുന്ന സൂചന. '' എന്നില്‍ ഇനിയും കുറച്ചു കൂടി ബാക്കിയുണ്ട്, മികച്ച ടെന്നീസ് താരമാണ് ഞാനെന്നു സ്വയം വിശ്വസിക്കുന്നു. എനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണ്', സെറീന പറഞ്ഞു. ''ഈ വിജയത്തെ ഞാന്‍ ഒരു ബോണസായിട്ടാണ് കാണുന്നത് എനിക്ക് ഒന്നും തെളിയിക്കാനോ നഷ്ടപ്പെടാനോ ഇല്ല'' അവര്‍ കൂട്ടിച്ചേര്‍ത്തു.

സെറീനയുടെയും സഹോദരി വീനസ് വില്യംസിന്റെയും ബാല്യകാല കോച്ചായ റിക്ക് മാക്കിയും ഇതു ശരിവയ്ക്കുന്നു. യുഎസ് ഓപ്പണിനു ശേഷവും സെറീന കോര്‍ട്ടില തുടരുമെന്നും സിംഗിള്‍സ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെങ്കിലും സഹോദരി വീനസിനൊപ്പം ഡബിള്‍സ് കോര്‍ട്ടില്‍ ഉറപ്പായും കാണുമെന്നുമാണ് റിക്ക് പറഞ്ഞത്.

' റിട്ടയര്‍മെന്റ് എന്ന വാക്ക് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഒരു പക്ഷേ ഞാന്‍ ചെയ്യുന്നത് എന്താണെന്ന് വിവരിക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല വാക്ക് പരിണാമമാണ്. ഞാന്‍ ടെന്നീസില്‍ നിന്ന് മാറി, എനിക്ക് പ്രിയപ്പെട്ട മറ്റു കാര്യങ്ങളിലേക്ക് പരിണമിക്കുകയാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.' - ഇതായിരുന്നു വിരമിക്കിലിനെക്കുറിച്ചുള്ള ചോദ്യത്തോട് സെറീനയുടെ പ്രതികരണം.

മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ 6-3, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് യുഎസ് ഓപ്പണിന് തുടക്കമിട്ടത്. പരുക്കില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം സെറീന വില്യംസിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കോവിനിച്ചിനെതിരായ ഓപ്പണിങ് റൗണ്ടിലെ വിജയം.

logo
The Fourth
www.thefourthnews.in