'ഈ ദിവസം ആഘോഷിക്കൂ'; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ സാനിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഷൊയബ് മാലിക്

'ഈ ദിവസം ആഘോഷിക്കൂ'; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ സാനിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഷൊയബ് മാലിക്

സാനിയ മിർസയും ഷൊയബ് മാലിക്കും ഒരുമിച്ച് അവതരിപ്പിക്കുന്ന പുതിയ ടോക്ക് ഷോ "ദി മിർസ മാലിക് ഷോ" കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു
Updated on
2 min read

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ടെന്നീസ് താരം സാനിയ മി‍ർസക്ക് ജന്മദിനാശംസകൾ നേർന്ന് ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയബ് മാലിക്. ട്വിറ്ററിലൂടെയാണ് ഷൊയബ് മാലിക് സാനിയക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ''ജന്മദിനാശംസകൾ സാനിയ. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു. ഈ ദിവസം ആഘോഷിക്കൂ" എന്നായിരുന്നു മാലിക്കിന്റെ ട്വീറ്റ്. സാനിയയെ ചേർത്ത് പിടിക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പോസ്റ്റ്.

ഇൻസ്റ്റഗ്രാമിൽ നവംബ‍ർ എട്ടിന് നിഗൂഢവും അവ്യക്തവുമായ പോസ്റ്റ് പങ്കുവെച്ചതാണ് സാനിയയും ഷൊയബും പിരിയുന്നുവെന്ന് ഊഹാപോഹങ്ങൾക്ക് വഴിവെച്ചത്. "തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ," എന്നയിരുന്നു സാനിയയുടെ പോസ്റ്റ്. പിന്നീട് "പ്രയാസകരമായ ദിവസങ്ങളിലൂടെ കടന്നുപോകാൻ സഹായിക്കുന്ന നിമിഷങ്ങൾ" എന്ന കുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവരികയായിരുന്നു.

എന്നാൽ വിവാഹ മോചന വാർത്തകളോട് ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ഈ വേർപിരിയൽ പോസ്റ്റുകളും അഭ്യൂഹങ്ങളുമെല്ലാം പബ്ലിസിറ്റി സ്റ്റണ്ടാണെന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്. സാനിയ മിർസയും ഷൊയബ് മാലിക്കും ഒരുമിച്ച് അവതരിപ്പിക്കുന്ന പുതിയ ടോക്ക് ഷോ "ദി മിർസ മാലിക് ഷോ" കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പരിപാടിയുടെ സംപ്രേഷണം ഉടൻ തന്നെ ഉറുദുഫ്ലിക്സിൽ ആരംഭിക്കുമെന്ന് ഇരുവരും ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെ അറിയിച്ചിരുന്നു. പരിപാടിയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാർത്തകൾ പബ്ലിസിറ്റിക്ക് സ്റ്റണ്ടാണോ എന്ന ചർച്ചകളുയർന്നത്.

2010 ഏപ്രിലിലാണ് സാനിയയും ഷൊയബും വിവാഹിതരാകുന്നത്. ഇരുവർക്കും നാല് വയസായ മകനുമുണ്ട്. ദമ്പതികൾ ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്. നിയമപരമായ ചില നടപടിക്രമങ്ങൾക്ക് ശേഷം ഷൊയബും സാനിയയും വേർപിരിയൽ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞയാഴ്ച ഒരു പാക് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

സാനിയ മിർസയുടെ കരിയറിലെ പ്രധാന അഞ്ച് നേട്ടങ്ങൾ

1. ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കിയ ഏക ഇന്ത്യൻ വനിതാ താരം

ഇന്ത്യൻ ടെന്നീസ് ചരിത്രത്തിൽ ആദ്യമായി ഡബ്ല്യൂടിഎ കിരീടം നേടിയ വനിതയാണ് സാനിയ മിർസ. 2014, 2015 വർഷങ്ങളിലായി രണ്ട് വട്ടം സാനിയ നേട്ടം സ്വന്തമാക്കിയപ്പോൾ, മറ്റ് ഇന്ത്യൻ വനിതാ താരങ്ങൾക്ക് കിരീട നേട്ടം സാധ്യമായിട്ടില്ല. ആദ്യം സിംബാബ്‌വെകാരിയായ കാര ബ്ലാക്കിനൊപ്പവും തൊട്ടടുത്ത കൊല്ലം സ്വിസ് താരം മാർട്ടീന ഹിങ്കിസിനൊപ്പവുമായിരുന്നു കിരീട ജയം.

2003 പ്രൊഫഷണൽ ടെന്നീസിലേക്ക് കടന്ന് വന്ന സാനിയ മിർസ 2010ലാണ് ഷൊയബ് മാലിക്കുമായി വിവാഹിതയാകുന്നത്. 2013 സിംഗിൾസിൽ നിന്ന് വിരമിച്ച ശേഷം ഡബിൾ‍സിലാണ് ശ്രദ്ധ കേന്ദ്രികരിച്ചത്. 2018 ഒക്ടോബറിൽ കുഞ്ഞിന് ജന്മം നൽകിയ സാനിയ 2020 ഒളിമ്പിക്‌സില്‍ ടെന്നീസിലേക്ക് മടങ്ങി എത്തി. കരിയറിൽ ഇതുവരെ മൂന്ന് വീതം ഡബിൾ‍സ്‌ മിക്സഡ് ഡബിൾ‍സ്‌ മേജർ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട് സാനിയ മിർസ. 2005ലെ ടൈം മാഗസിൻ തിരഞ്ഞെടുത്ത 50 ഏഷ്യൻ ഹീറോമാരുടെ പട്ടികയിലും 2016ലെ ലോകത്തെ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിലും ഇടം പിടിച്ചു.

മൂന്ന് ഡബിൾ‍സ്‌ കിരീടങ്ങൾ

2. വനിതകളുടെ വിഭാഗത്തിൽ മൂന്ന് തവണയാണ് പ്രധാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ സാനിയ കിരീടം ഉയർത്തിയത്. മാർട്ടീന ഹിങ്കിസുമായി ചേർന്ന് 2015ൽ വിംബിൾഡൺ യു എസ് ഓപ്പൺ ജയിച്ചപ്പോൾ, 2016ൽ സഖ്യം ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കി. നാല് തവണയാണ് സാനിയ ഉൾപ്പെട്ട വനിതാ സഖ്യം മേജർ ടൂർണമെന്റിന്റെ കലാശ പോരിന് യോഗ്യത നേടിയത്.

മൂന്ന് മിക്സഡ് ഡബിൾ‍സ്‌ കിരീങ്ങൾ

3. 2009, 2012, 2014 വർഷങ്ങളിലായിരുന്നു മിക്സഡ് ഡബിൾ‍സ്‌ കിരീടം നേടിയത്. മഹേഷ് ഭൂപതിയുമായി ചേർന്ന് 2009ൽ ഓസ്‌ട്രേലിയൻ ഓപ്പണും, 2012ൽ ഫ്രഞ്ച് ഓപ്പണും നേടിയ സാനിയ, 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസുമായി ചേർന്ന് യു എസ് ഓപ്പൺ സ്വന്തമാക്കി.

ലോക ഒന്നാം നമ്പർ

4. ഡബിൾ‍സ്‌ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമാണ് സാനിയ. 2015 ഏപ്രിൽ 13ന് ഒന്നാം നമ്പറിലെത്തിയ താരം 91 ആഴ്ച്ചയാണ് ലോക റാങ്കിങ്ങിന്റെ നെറുകയിൽ തുടർന്നത്. 2007ന്റെ മധ്യത്തിൽ സിംഗിൾസ് റാങ്കിങ്ങിൽ 27ാമത്‌ ഉണ്ടായിരുന്ന സാനിയ പരുക്കിനെ തുടർന്നാണ് ഡബിൾ‍സിലേക്ക് തിരിഞ്ഞത്.

രാജ്യത്തിനായി നേടിയ മെഡലുകൾ

5. വിവിധ കായിക മത്സരങ്ങളിലായി ആറ് സ്വർണമടക്കം 14 മെഡലുകളാണ് രാജ്യത്തെ പ്രതിനിധീകരിച്ച്‌ നേടിയിട്ടുള്ളത്. ഏഷ്യൻ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ് തുടങ്ങിയ ചാമ്പ്യൻഷിപ്പിലാണ് നേട്ടം. 2010ൽ ഡൽഹിയിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിൽ സിംഗിൾസിൽ നേടിയ വെള്ളി മെഡലും ഇതിൽ ഉൾപ്പെടും.

logo
The Fourth
www.thefourthnews.in