ബിയാൻക ആൻഡ്രീസ്കു
ബിയാൻക ആൻഡ്രീസ്കു

''ഈ വസ്ത്രം വളരെ മോശമാണ്, മാറാന്‍ സമയം വേണം'' -യുഎസ് ഓപ്പണിനിടെ നൈക്കിനെതിരെ പരാതിയുമായി കനേഡിയൻ താരം

റഫറിക്ക് കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയാണ് അങ്ങനെ പറയേണ്ടി വന്നതെന്ന് മത്സരശേഷം വിശദീകരണം
Updated on
1 min read

യുഎസ് ഓപ്പണിലെ വസ്ത്ര സ്പോണ്‍സര്‍മാരായ നൈക്കിനെതിരെ കനേഡിയന്‍ താരം ബിയാൻക ആൻഡ്രീസ്കു. കാറ്റ് പിടിക്കുന്നതിനാല്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു താരം റഫിയോട് ആവശ്യപ്പെട്ടത്. "ഈ വസ്ത്രം വളരെ മോശമാണ്. എനിക്ക് ഇത് മാറണം, ഇത് നൈക്കിന്റെ പിഴവായതിനാൽ വസ്ത്രം മാറ്റുന്നതിനുള്ള ഇടവേള എനിക്ക് അനുവദിച്ചിട്ടുള്ള ഇടവേളയായി കണക്കാക്കരുത്" -എന്നായിരുന്നു താരത്തിന്റെ ആവശ്യം.

യുഎസ് ഓപ്പൺ ഒന്നാം റൗണ്ടിൽ ചൈനീസ് താരം ഹാർമണി ടാനിന് എതിരായ മത്സരത്തിനിടയിലായിരുന്നു സംഭവം. കനേഡിയൻ താരത്തിന്റെ ആവശ്യം അംഗീകരിച്ച റഫറി ഇടവേളയെടുക്കാൻ അനുവദിച്ചു. മത്സരത്തിൽ ബിയാൻക 6-0, 3-6, 6-1ന് ചൈനീസ് താരത്തെ തോൽപ്പിക്കുകയും ചെയ്തു.

നൈക്‌ നിർമിച്ച നേവി ബ്ലൂ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം മത്സരത്തിനിറങ്ങിയത്. മത്സരത്തിനിടയിൽ കാറ്റ് ശക്തമായപ്പോൾ ബിയാൻകയ്ക്ക് കളിയിൽ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. വസ്ത്രം കാരണം ഫോർഹാൻഡ്‌ ഷോട്ട് കളിക്കുന്നതിനെയൊക്കെ ബാധിച്ചിരുന്നു എന്ന് താരം പിന്നീട് വെളിപ്പെടുത്തി. ''നൈക്കിനെ മോശമായി ചിത്രീകരിക്കാന്‍ അല്ല ശ്രമിച്ചത്. റഫറിക്ക് കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയാണ് അങ്ങനെ പറയേണ്ടി വന്നത്'' മത്സരശേഷം താരം വ്യക്തമാക്കി. "എനിക്ക് മറ്റ് വാക്കുകൾ ഉപയോഗിക്കാമായിരുന്നു. എന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. നൈക് എനിക്ക് ഇഷ്ടമാണ് തുടർന്നും അവരുമായി സഹകരിക്കാനാണ് താല്പര്യം." ബിയാൻക കൂട്ടിച്ചേർത്തു.

2019ലെ യുഎസ് ഓപ്പൺ ജേതാവാണ് ഇരുപത്തിരണ്ടുകാരിയായ ബിയാൻക ആൻഡ്രീസ്കു. രണ്ടാം റൗണ്ടിൽ ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മയയാണ് ബിയാൻകയുടെ എതിരാളി.

logo
The Fourth
www.thefourthnews.in