ബിഗ് ത്രീ ഇല്ലാത്ത സെമിഫൈനൽ; കന്നി ജേതാവിനെ തേടി യുഎസ് ഓപ്പൺ
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇത്തവണ പുതിയ ചമ്പ്യൻ. സെമി ഫൈനലിലെത്തിയ നാല് പേരും കളത്തിലിറങ്ങുന്നത് കന്നി ഗ്രാൻസ്ലാം കിരീടം തേടി. ശനിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ റഷ്യയുടെ കാരെൻ ഖച്ചനോവ് നോർവേ താരം കാസ്പർ റൂഡിനെ നേരിടും. സ്പെയിനിന്റെ കാർലോസ് അൽകാരാസും അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയും തമ്മിലാണ് രണ്ടാം സെമി. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30 മുതലാണ് മത്സരങ്ങൾ.
അവസാന നാലിലെത്തിയവരിൽ കാസ്പർ റൂഡ് മാത്രമാണ് ഇതിന് മുൻപ് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ ഫൈനലിലെത്തിയത്. ഈ വർഷം ഫ്രഞ്ച് ഓപ്പൺ കലാശപ്പോരിൽ റഫേൽ നദാലിനോട് തോറ്റായിരുന്നു നോർവീജിയൻ താരം അന്ന് മടങ്ങിയത് . മറ്റ് മൂന്ന് പേർക്കും ഇത് ആദ്യ ഗ്രാൻസ്ലാം സെമിബെർത്താണ്.
ടെന്നീസിലെ ലോക ഒന്നാം നമ്പറിനെ നിർണയിക്കുന്ന മത്സരങ്ങൾ കൂടിയാകും യുഎസ് ഓപ്പൺ. നിലവിലെ ലോക ഒന്നാം നമ്പർ ഡാനിൽ മെദ്‌വദേവ് നാലാം റൗണ്ടിൽ നിക്ക് കിർഗിയോസിനോട് തോറ്റ് പുറത്തായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കാസ്പർ റൂഡിനും കാർലോസ് അൽകാരാസിനും റാഫേൽ നദാലിനുമാണ് ഒന്നാം റാങ്കിനുള്ള സാധ്യത ഉള്ളത്. നാലാം റൗണ്ടിൽ ഫ്രാൻസിസ് ടിയാഫോയോട് തോറ്റ് പുറത്തായതോടെ കാസ്പർ റൂഡും കാർലോസ് അൽകാരാസും സെമിയിൽ തോറ്റാൽ മാത്രമാണ് നദാലിന് സാധ്യത. നേരെ മറിച്ച് അൽകാരാസോ, റൂഡോ യു എസ് ഓപ്പൺ വിജയിച്ചാൽ ലോക ഒന്നാം നമ്പർ പട്ടവും കിരീടത്തോടൊപ്പം താരങ്ങൾക്ക് ലഭിക്കും.
23ാം സീഡ് കാരെൻ ഖച്ചനോവ് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സെമിയ്ക്ക് യോഗ്യത നേടിയത്. സെമിയിലെ എതിരാളിയായ അഞ്ചാം സീഡ് കാസ്പർ റൂഡ് ക്വാർട്ടറിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. സെമിയിൽ പ്രവേശിച്ചവരിൽ ഉയർന്ന സീഡാണ് (3) കാർലോസ് അൽകാരാസ്. പ്രീ ക്വാർട്ടറിലും, ക്വാർട്ടറിലും അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് അൽകാരാസ് ജയിച്ച് കയറിയത്. 11ാം സീഡ് ജാനിക് സിന്നറായിരുന്നു ക്വാർട്ടറിൽ സ്പാനിഷ് താരത്തിന്റെ എതിരാളി. 2006ൽ ആൻഡി റോഡിക്കിന് ശേഷം അമേരിക്കയ്ക്ക് വേണ്ടി യുഎസ് ഓപ്പൺ സെമി കളിക്കുന്ന ആദ്യ താരമാണ് ഫ്രാൻസിസ് ടിയാഫോ. നാലാം റൗണ്ടിൽ റാഫേൽ നദാലിനെയും ക്വാർട്ടറിൽ ആന്ദ്രെ റൂബ്ലെവിനേയും തോൽപ്പിച്ചാണ് ടിയാഫോയുടെ മുന്നേറ്റം.