വിംബിള്‍ഡണില്‍ 'പൈനാപ്പിളിന്' എന്തുകാര്യം?

18 ഇഞ്ച് ഉയരവും ഏഴര ഇഞ്ച് വ്യാസവുമുള്ള വിംബിള്‍ഡണ്‍ കിരീടം അടുത്തുനിന്ന് ശ്രദ്ധിച്ചാല്‍ ഒരു പ്രത്യേകത കാണാം...

വെള്ളിയില്‍ തീര്‍ത്ത 18 ഇഞ്ച് ഉയരവും ഏഴര ഇഞ്ച് വ്യാസവുമുള്ള ട്രോഫി. ഇതിഹാസ താരങ്ങളായ ബ്യോണ്‍ ബര്‍ഗ് മുതല്‍ നൊവാക് ജോക്കോവിച്ച് വരെ ഏറ്റുവാങ്ങിയ വിംബിള്‍ഡണ്‍ കിരീടം. ഇതില്‍ പൈനാപ്പിളിന് എന്താണു കാര്യം? അതു മനസിലാക്കണമെങ്കില്‍ ആ കിരീടം വളരെയടുത്തു കാണണം. അപ്പോള്‍ ഒരു പ്രത്യേകത മനസിലാകും.

വെട്ടിത്തിളങ്ങുന്ന കിരീടത്തിന്റെ മുകളില്‍ പ്രൗഡിയോടെ ഇരിക്കുന്ന ഒരു കുഞ്ഞു പൈനാപ്പിള്‍ രൂപം. നൂറ്റാണ്ടിലേറെ പ്രായമുള്ള ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ജേതാക്കള്‍ക്കു നല്‍കുന്ന ട്രോഫിയില്‍ എങ്ങനെ പൈനാപ്പിള്‍ വന്നു? അങ്ങനെ ചോദിച്ചാല്‍ ഇന്നും ആര്‍ക്കും കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.

ബ്രിട്ടീഷ് താരം ആന്‍ഡി മറെ വിംബിള്‍ഡണ്‍ കിരീടവുമായി.
ബ്രിട്ടീഷ് താരം ആന്‍ഡി മറെ വിംബിള്‍ഡണ്‍ കിരീടവുമായി.

എന്നാല്‍ പറഞ്ഞു കേട്ട കഥകള്‍ എല്ലാം പരിശോധിച്ച് വിദഗ്ധര്‍ ചരിത്രത്തോട് അടുത്തു നില്‍ക്കുന്ന ഒരുത്തരം കണ്ടെത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്. ''19-ാം നൂറ്റാണ്ടില്‍ അപൂര്‍വ സമ്മാനമായി നല്‍കിയിരുന്നത് പൈനാപ്പിള്‍ ആയിരുന്നു. അതിനാലാണ് വിജയികള്‍ക്കുള്ള ട്രോഫിയില്‍ അതിനു സ്ഥാനം നല്‍കിയത്'.

പൈനാപ്പിള്‍ എങ്ങനെയാണ് അപൂര്‍വ സമ്മാനമായി മാറിയത്? അതറിയണമെങ്കില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ യാത്രയില്‍ നിന്നു തന്നെ തുടങ്ങണം. 1493-ല്‍ തന്റെ ആദ്യ സമുദ്രപര്യടനം കഴിഞ്ഞെത്തിയപ്പോള്‍ ഏതോ നാട്ടില്‍ നിന്നു കൊളംബസാണ് യൂറോപ്യന്‍ മണ്ണില്‍ ആദ്യമായി പൈനാപ്പിള്‍ എത്തിച്ചത്. വിചിത്രരൂപവും അതിമധുരമേറിയ കാമ്പുമുള്ള ഈ പുതിയ ഫലം വളരെവേഗം പ്രചാരത്തിലായി.

എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങള്‍ വരെ ഈ ഫലം യൂറോപ്യന്‍ മണ്ണില്‍ വിജയകരമായി വിളയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ തന്നെയായിരുന്നു പ്രശ്‌നം. അതിനാല്‍ത്തന്നെ 1877-ല്‍ വിംബിള്‍ഡണ്‍ തുടങ്ങുമ്പോള്‍ നമ്മുടെ പൈനാപ്പിള്‍ യൂറോപ്യന്മാരെ സംബന്ധിച്ച് അതിസമ്പന്നര്‍ക്കു മാത്രം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന ഫലമായി മാറിയിരുന്നു.

വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം.
വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം.

എങ്ങനെ ട്രോഫിയില്‍ ഇടംപിടിച്ചു?

ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഏറ്റുവാങ്ങിയ ട്രോഫി ആയിരുന്നില്ല 1877-ല്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ വര്‍ഷം ജേതാവിന് സമ്മാനിച്ചത്. ജോക്കോവിച്ച് ഏറ്റുവാങ്ങിയ മാതൃക ട്രോഫികളില്‍ മൂന്നാമത്തേതാണ്.

1887-ല്‍ നല്‍കിയ ട്രോഫിയുടെ പേര് 'ദ ഫീല്‍ഡ് കപ്പ്' എന്നായിരുന്നു. ഇംഗ്ലണ്ടിലെ സമ്പന്നരുടെ ക്ലബ് നടത്തുന്ന ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കു സമ്മാനിക്കാന്‍ ട്രോഫി സ്‌പോണ്‍സര്‍ ചെയ്ത പത്രസ്ഥാപനത്തിന്റെ പേരു ചേര്‍ത്തായിരുന്നു അത് അറിയപ്പെട്ടത്. 1881 മുതല്‍ 1883 വരെ തുടര്‍ച്ചയായി ജയിച്ച് ഹാട്രിക് നേടിയ ബ്രിട്ടീഷ് താരം വില്യം റെന്‍ഷാ 83-ല്‍ ആ ട്രോഫി 'ശരിക്കും സ്വന്തമാക്കി'.

തുടര്‍ന്ന് 84 മുതല്‍ വിജയികള്‍ക്കു സമ്മാനിക്കാന്‍ പുതിയ ട്രോഫി കണ്ടെത്തി. പക്ഷേ അതിന് 86 വരെയേ കാലാവധി ഉണ്ടായുള്ളു. വീണ്ടും ഒരു ഹാട്രിക് പ്രകടനം കാഴ്ചവച്ച റെന്‍ഷാ 86-ല്‍ 'ദ ചലഞ്ച് കപ്പ്' എന്നു പേരിട്ട രണ്ടാമത്തെ ട്രോഫിയും 'വീട്ടില്‍ക്കൊണ്ടുപോയി'.

വിജയികള്‍ക്കു സമ്മാനിക്കാന്‍ മൂന്നാമതും ഒരു ട്രോഫി നിര്‍മിക്കേണ്ടി വന്നു. അതിനായി അന്നത്തെ 16,000 പൗണ്ട് ചിലവ് വരുമെന്നു മനസിലാക്കിയ ഓള്‍ ഇംഗ്ലണ്ട് ക്ലബ് അധികൃതര്‍ ട്രോഫി കൈവിട്ടു പോകാതിരിക്കാന്‍ ഹാട്രിക് പ്രകടനത്തിനു ട്രോഫി സ്വന്തമായി സമ്മാനിക്കുന്ന പതിവ് നിര്‍ത്താനും തീരുമാനമെടുത്തു.

വിംബിള്‍ഡണ്‍ ടെന്നീസ് കിരീടത്തിലെ പൈനാപ്പിള്‍ മാതൃക.
വിംബിള്‍ഡണ്‍ ടെന്നീസ് കിരീടത്തിലെ പൈനാപ്പിള്‍ മാതൃക.

അങ്ങനെയാണ് ഇന്നു ജേതാക്കള്‍ക്കു നല്‍കുന്ന ട്രോഫി നിര്‍മിക്കുന്നത്. ലോക ടെന്നീസിലെ തന്നെ ഏറ്റവും ആഡ്യത്തമുള്ള ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കു നല്‍കുന്ന ട്രോഫിയില്‍ ആഡ്യത്തത്തിന്റെ പ്രതിരൂപമായി എന്തെങ്കിലും ഉള്‍ക്കൊള്ളിക്കണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പൈനാപ്പിള്‍ രൂപം ഇടംപിടിച്ചത്.

പൈനാപ്പിള്‍ അക്കാലത്ത് ഒരു ആഡ്യത്തത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായിരുന്നു. ഉയര്‍ന്ന ജീവിതരീതി നയിക്കുന്നവര്‍ നടത്തുന്ന അതിവിശിഷ്ട പാര്‍ട്ടികളില്‍ മാത്രം സ്ഥാനം പിടിക്കുന്ന ഫലം. അങ്ങനെയാണ് പൈനാപ്പിള്‍ ബ്യോണ്‍ ബര്‍ഗിന്റെയും പീറ്റ് സാംപ്രസിന്റെയും റോജര്‍ ഫെഡററിന്റെയുമൊക്കെ കൈകളില്‍ വിംബിള്‍ഡണ്‍ കിരീടത്തിലേറി എത്തിച്ചേര്‍ന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in