അന്താരാഷ്ട്ര വുഷുവിലെ മലയാളി മുഖം; നേട്ടങ്ങളെല്ലാം ഇടിച്ചിട്ട് മിഥുന്‍

വുഷുവിന്റെ ഈറ്റില്ലമായ ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിലെ കായിക താരങ്ങളെ പിന്തള്ളി വിജയകിരീടം ചൂടി തൃശൂർ സ്വദേശി

കേരളത്തിൽ അടുത്ത കാലം വരെ അധികമൊന്നും കേട്ട് കേൾവി ഇല്ലാതിരുന്ന ഒരു കായിക ഇനമാണ് വുഷു. എന്നാൽ വുഷു ഗെയിമിൽ കേരളത്തിനൊരു ലോകോത്തര താരമുണ്ട്. വുഷുവിന്റെ ഈറ്റില്ലമായ ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിലെ കായിക താരങ്ങളെ പിന്തള്ളി വിജയകിരീടം ചൂടുന്ന തൃശൂർ സ്വദേശി അനിയൻ മിഥുൻ. തായ്‌ലൻഡിൽ നടന്ന 'ലോക പ്രൊ വുഷു സാൻഡാ ഫൈറ്റ് 2022 ' ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞതാണ് ഈ മലയാളിയുടെ ഏറ്റവും ഒടുവിലത്തെ നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ചു 70 കിലോഗ്രാം വിഭാഗത്തിലാണ് അനിയൻ നേട്ടം കരസ്ഥമാക്കിയത്. സെമി ഫൈനലിൽ ചൈനയും ഫൈനലിൽ ആഫ്രിക്കയും ആയിരുന്നു മിഥുനിന്റെ എതിരാളികൾ. വുഷു ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനും ഒക്കെയാണ് ഇദ്ദേഹം.

ചെറുപ്രായത്തിൽ തന്നെ ആയോധനകലയിൽ ആകൃഷ്ടനായ മിഥുൻ തൃശൂർ നാട്ടികയിലെ കടൽ തീരത്ത് പരിശീലിച്ചാണ് തഴക്കം നേടിയത്

ചൈനീസ് ആയോധന കലയായ കുങ്ഫു വിഭാഗത്തിൽ പെട്ട കായിക ഇനമാണ് വുഷു. പഞ്ചും കിക്ക്‌സുമൊക്കെയാണ് കായിക മത്സരത്തിനായി അഭ്യസിക്കേണ്ടത്. ചെറുപ്രായത്തിൽ തന്നെ ആയോധനകലയിൽ ആകൃഷ്ടനായ മിഥുൻ തൃശൂർ നാട്ടികയിലെ കടൽ തീരത്ത് പരിശീലിച്ചാണ് തഴക്കം നേടിയത്. വുഷു എന്ന കായിക ഇനം പരക്കെ പ്രചാരം നേടിയതോടെ വിജയിക്കാനാവശ്യമായ പ്രത്യേക പരിശീലനവും നേടി. അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു ചീഫ് കോച്ചുമായ കുൽദീപ് ഹാൻഡുവിന്റെ കീഴിലായിരുന്നു പരിശീലനം. കാശ്മീരിലും ബംഗളുരുവിലുമായി നടന്ന പരിശീലനത്തിനൊടുവിൽ മിഥുനിനെ തേടി സ്വർണ്ണ പതക്കമെത്തി.

ഭാവിയിൽ തൃശൂരിൽ ഒരു കായിക സ്കൂൾ തുടങ്ങി നിർധനരായ കുട്ടികൾക്ക് കായിക പരിശീലനം നൽകണമെന്നാണ് മിഥുന്റെ ആഗ്രഹം

ഭക്ഷണ ക്രമീകരണവും 8 മണിക്കൂർ വ്യായാമവും. ഇതിലൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല ഈ 29 കാരൻ. ഇതിന്റെ ഫലമാണ് മിഥുനെ തേടിയെത്തിയ സൗത്ത് ഏഷ്യൻ വുഷു ചാമ്പ്യൻ പട്ടം, കിക്ക് ബോക്സിങ്ങ് ദേശീയ ചാമ്പ്യൻഷിപ്പ്, മികച്ച വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങിയവ. മികച്ച അത്ലറ്റിനുള്ള കശ്മീർ സർക്കാരിന്റെ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാവിയിൽ തൃശൂരിൽ ഒരു കായിക സ്കൂൾ തുടങ്ങി നിർധനരായ കുട്ടികൾക്ക് കായിക പരിശീലനം നൽകണമെന്നാണ് മിഥുന്റെ ആഗ്രഹം. കേരളത്തിൽ നിന്ന് കൂടുതൽ പേർ വുഷു അഭ്യസിക്കണം. ഒരൽപം റിസ്‌ക്കിയായ കായിക ഇനമാണെങ്കിലും നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും നേട്ടം കൊയ്യാം- മിഥുൻ ദ ഫോർത്തിനോട് പറഞ്ഞു

Related Stories

No stories found.
logo
The Fourth
www.thefourthnews.in