മഴ കളിക്കുന്നു; ലോകകപ്പിലെ ഇന്നത്തെ രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു
ട്വന്റി 20 ലോകകപ്പിന്റെ ആവേശംകെടുത്തി മഴ. ഇന്ന് മെല്‍ബണില്‍ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഓസ്ട്രേലിയ - ഇംഗ്ലണ്ട്, അഫ്‍ഗാനിസ്ഥാൻ-അയർലൻഡ് മത്സരങ്ങളില്‍ ഒരു പന്ത് പോലും എറിയാനായില്ല. ഇതോടെ ടീമുകള്‍ക്ക് പോയിന്‍റ് പങ്കിട്ടെടുക്കേണ്ടി വന്നു.
ഈ ലോകകപ്പില്‍ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ഓസ്ട്രേലിയ - ഇംഗ്ലണ്ട് പോരാട്ടം. കളി കാണാനായി മെൽബണിലേക്ക് ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു. മഴ തോരാൻ ഏറെനേരം ഇവർ കാത്തിരുന്നു. മഴ തുടർന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം നടക്കാത്തത് ആരാധകർക്ക് വലിയ നിരാശയായി.മാച്ച് റഫറിയും അംപയർമാരും പലതവണ മൈതാനത്ത് പരിശോധന നടത്തിയെങ്കിലും ഗ്രൗണ്ട് വെളളത്തിൽ കുതിർന്നതിനാല്‍ ടോസ് പോലും ചെയ്യാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
മത്സരങ്ങള്‍ തുടർച്ചയായി ഉപേക്ഷിക്കേണ്ടി വരുന്നത് ടീമുകള്‍ക്ക് വലിയ തിരിച്ചടിയാണ്. സൂപ്പർ-12ൽ അഫ്ഗാനിസ്ഥാൻറെ രണ്ടാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തെ ന്യൂസിലൻഡിനെതിരായ അഫ്ഗാൻറെ സൂപ്പർ-12 പോരാട്ടവും മഴമൂലം നടന്നിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയർലൻഡിനും മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഇംഗ്ലണ്ടിന്റെ അടുത്ത മത്സരങ്ങൾ ന്യൂസിലാൻഡിനും ശ്രീലങ്കയ്ക്കും എതിരെയാണ്. അയർലൻഡിനെയും അഫ്ഗാനിസ്ഥാനെയുമാണ് ഓസ്ട്രേലിയ നേരിടുക.