വനിതാ താരങ്ങളെ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചു; ഗുരുതര ആരോപണവുമായി വിനേഷ് ഫോഗാട്ട്

വനിതാ താരങ്ങളെ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചു; ഗുരുതര ആരോപണവുമായി വിനേഷ് ഫോഗാട്ട്

ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് താരം ആരോപണം ഉന്നയിച്ചത്.
Updated on
1 min read

ദേശീയ ഗുസ്തി ഫെഡറേഷനെയും ദേശീയ പരിശീലകരെയും പ്രതിക്കൂട്ടിലാക്കി വനിതാ ഗുസ്തി സൂപ്പര്‍ താരം വിനേഷ് ഫോഗാട്ടിന്റെ ലൈംഗികാരോപണം. ഇന്ത്യന്‍ ക്യാമ്പിലുള്ള വനിതാ ഗുസ്തി താരങ്ങളെ പരിശീലകര്‍ വര്‍ഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ ഇതനു കൂട്ടുനിന്നുവെന്നുമാണ് വിനേഷ് ഫോഗാട്ട് ആരോപിച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് താരം ആരോപണം ഉന്നയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗാട്ട്.

പ്രശ്‌നത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സ്ഥാനത്തു നിന്നു നീക്കാതെ തങ്ങള്‍ ഒരു മത്സരത്തിനും ഇറങ്ങില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരം ബജ്‌രംഗ് പൂനിയ പറഞ്ഞു. പുരുഷവിഭാഗം ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ ജേതാവാണ് ബജ്‌രംഗ്.

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്ക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിസ്റ്റ് സരിത മോര്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലിസ്റ്റ് സമുതി മാലിക്, മറ്റു പ്രമുഖ ഇന്ത്യന്‍ താരങ്ങളായ സംഗീതാ ഫോഗാട്ട്, സത്യവര്‍ത് മാലിക്, ജിതേന്ദര്‍ കിന്‍ഹ തുടങ്ങി 30 ഓളം രാജ്യാന്തര താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ലഖ്‌നൗവിലെ ദേശീയ പരിശീലന ക്യാമ്പില്‍ വച്ച് വനിതാ താരങ്ങളെ നിരവധി ദേശീയ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷന്റെ ഭാഗത്തു നിന്ന് വധഭീഷണി നേരിട്ടുവെന്നും താരങ്ങള്‍ ആരോപിച്ചു.

തനിക്കുനേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെങ്കിലും സംഭവമറിച്ചു പ്രതികരിച്ചപ്പോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ വധഭീഷണി മുഴക്കിയെന്നും വിനേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താരങ്ങള്‍ വിശദമായ പരാതി നല്‍കിയിട്ടുണ്ടെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

''ക്യാമ്പിലുള്ള 12 ഓളം വനിതാ താരങ്ങള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമത്തിനെതിരേ എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ട്. അവരുടെ പേരുകള്‍ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നേരിട്ട് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയാറായാല്‍ തീര്‍ച്ചയായും ഞാന്‍ പേരുകള്‍ പുറത്തുവിടും. റെസ്ലിങ് ഫെഡറേഷനില്‍ പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ് നടക്കുന്നത്'' -ആരോപണം ഉന്നയിച്ചുകൊണ്ടു വിനേഷ് ഫോഗാട്ട് പറഞ്ഞു.

അതേസമയം സംഭവം നിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ രംഗത്തുവന്നു. ''താരങ്ങള്‍ പ്രതിഷേധിക്കുന്നുവെന്നറിഞ്ഞാണ് ഞാന്‍ ഇവിടേക്കു വരുന്നത്. സംഭവത്തെക്കുറിച്ച് യാതൊന്നുമറിയില്ല. ഫെഡറേഷന്റെ ഭാഗത്തുനിന്നു ലൈംഗികാതിക്രമമോ മറ്റ് അതിക്രമമങ്ങളോ ഭീഷണിയോ നേരിട്ടുവെന്നു പറയുന്ന ആരുടെയും പേരുകള്‍ കാണാനേയില്ല. ഇതൊരു തട്ടിപ്പാകാനാണ് സാധ്യത. അങ്ങനെയല്ലെങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന കാര്യങ്ങളെക്കുറിച്ച് ഇതുവരെ ആരും പരാതിപ്പെടാഞ്ഞത് എന്താണ്''- ബ്രിജ്ഭൂഷണ്‍ മാധ്യമങ്ങളോടു പറഞ്ഞു.

logo
The Fourth
www.thefourthnews.in