'വംശീയ അധിക്ഷേപം ചൊരിയുന്നവർ ക്രിമിനലുകള്‍'; റയല്‍ ആരാധകരെ തള്ളി വിനീഷ്യസ്, യമാലിനും ബാഴ്സ താരങ്ങള്‍ക്കും പിന്തുണ
വംശീയ അധിക്ഷേപങ്ങള്‍ക്ക് വളക്കൂറുള്ള കളിനിലങ്ങളാണ് സ്പെയിനിലേത്. സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയ്ക്കിടെയും അത് തെളിഞ്ഞു. ബാഴ്‌സലോണയുടെ യുവതാരം ലമീൻ യമാലിനെതിരെ റയല്‍ മാഡ്രിഡ് ആരാധകരാണ് വംശീയ അധിക്ഷേപം ചൊരിഞ്ഞത്. എന്നാല്‍, യമാലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് റയല്‍ താരം വിനീഷ്യസ് ജൂനിയർ. ബാഴ്‌സലോണയുടെ ഉള്‍പ്പെടെയുള്ള വിവിധ ടീമുകളുടെ ആരാധകക്കൂട്ടത്തിന്റെ അധിക്ഷേപങ്ങള്‍ പലകുറി ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് വിനീഷ്യസ്.
റയലിനെതിരെ ഗോള്‍ നേടിയതോടെയാണ് യമാലിനുനേരെ സാന്റിയാഗൊ ബെർണബ്യൂവിലെ ഒരുകൂട്ടം ആരാധകർ തിരിഞ്ഞത്. സംഭവത്തില്‍ സ്പാനിഷ് ലാ ലിഗയും റയല്‍ മാഡ്രിഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ സ്വന്തം ആരാധകരെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുക മാത്രമല്ല ക്രിമിനലുകളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു വിനീഷ്യസ്.
"ബെർണബ്യൂവില്‍ നടന്ന സംഭവങ്ങള്‍ അപലപനീയമാണ്. നമ്മുടെ സമൂഹത്തില്‍ ഇത്തരം ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. ലമാനും അൻസുവിനും റഫിഞ്യോയ്ക്കും എന്റെ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. മാഡ്രിഡും പോലീസും കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും എനിക്കറിയാം," വിനീഷ്യസ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
ഫുട്ബോളില്‍ നിലനില്‍ക്കുന്ന വംശീയതയ്ക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ് വിനീഷ്യസ്. ലാ ലിഗയില്‍ ഉള്‍പ്പെടെ വിഷയത്തെ ലഘൂകരിക്കുന്നവർക്കെതിരെ വിനീഷ്യസ് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിനീഷ്യസിനെതിരെ അധിക്ഷേപം ചൊരിഞ്ഞ വലൻസിയയുടെ ആരാധകർക്ക് ശിക്ഷ ലഭിച്ചിരുന്നു. കളിക്കളത്തിലെ വംശീയതയില്‍ സ്പെയിനില്‍ ആദ്യമായി നടപടിയുണ്ടായ സംഭവം കൂടിയായിരുന്നു ഇത്.
ബാഴ്‌സലോണ താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപങ്ങളോട് കർശന നിലപാട് സ്വീകരിക്കുമെന്നാണ് റയല്‍ മാഡ്രിഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സമീപനങ്ങള്‍ അനുവദിക്കില്ലെന്നും പോലീസിന്റെ ഹേറ്റ് ക്രൈം ഗ്രൂപ്പിന് പരാതി നല്‍കുമെന്നും ലാ ലിഗയും അറിയിച്ചു.