'വളരെ ദുഃഖകരമായ വാർത്ത': ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ അനുശോചിച്ച് കായികതാരങ്ങള്‍
ഒഡിഷ ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കായിക താരങ്ങള്‍. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഉള്‍പ്പെടെയുള്ള ഇന്ത്യൻ കായിക താരങ്ങള്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
''അപകടത്തില്‍ ദുഃഖം തോന്നുന്നു, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, പരിക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ''കോഹ്ലി ട്വീറ്റ് ചെയ്തു. ജൂൺ 7 മുതൽ ഓവലിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് കോഹ്‌ലി.
ഇന്ത്യയുടെ ആദ്യ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര ദുരിതബാധിതര്‍ക്കും അവരുടെ കുടുംബത്തിനും എല്ലാ വിധ പിന്തുണയും പ്രാര്‍ത്ഥനയും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഒഡീഷയിലെ ട്രെയിന്‍ അപകടത്തെ കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത കേട്ടു. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഈ സമയത്ത് ദുരിതബാധിതരായ എല്ലാവരോടും അവരുടെ പ്രിയപ്പെട്ടവരോടും എന്റെ ദുഃഖം അറിയിക്കുന്നു. ദയവുചെയ്ത് നമ്മുടെ എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും അവര്‍ക്ക് നല്‍കാം. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.' എന്നായിരുന്നു ബിന്ദ്രയുടെ ട്വീറ്റ്.
അഭിനവ് ബിന്ദ്രയ്ക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, ശ്രേയസ് അയ്യര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും സംഭവത്തില്‍ അനുശോചനം പ്രകടിപ്പിക്കുകയുണ്ടായി.
രാജ്യത്തെ നടുക്കി ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്‌നല്‍ സംവിധാനത്തിലെ പിഴവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ നടന്ന അപകടത്തില്‍ 261 പേര്‍ മരിക്കുകയും, 900ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തക്ക് സമീപമുള്ള ഷാലിമാറില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോയ കോറമാണ്ടല്‍ എക്‌സ്പ്രസ്, ബെംഗളുരു യശ്വന്ത്പൂരില്‍നിന്ന് ഹൗറയിലേക്കുപോയ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും പിന്നാലെവന്ന ഒരു ചരക്ക് ട്രെയിനും ആണ് ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ അപകടത്തിൽപ്പെട്ടത്.