ശരൺ സിങ്ങിനെതിരായ താരങ്ങളുടെ ആരോപണങ്ങൾ തള്ളി ദേശീയ ഗുസ്തി ഫെഡറേഷൻ
അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ പിന്തുണച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ. ഗുസ്തി താരങ്ങൾ അധ്യക്ഷനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഫെഡറേഷൻ തള്ളി. കായിക മന്ത്രാലയത്തിന് നൽകിയ മറുപടിയിലാണ് അധ്യക്ഷനെ പിന്തുണച്ചുകൊണ്ട് ഫെഡറേഷൻ രംഗത്തെത്തിയത്. സ്‌പോർട്‌സ് ബോഡിയിൽ സ്വേച്ഛാധിപത്യത്തിനും കെടുകാര്യസ്ഥതയ്ക്കും സാധ്യതയില്ലെന്നാണ് അസോസിയേഷന്റെ വാദം.
ഫെഡറേഷൻ ഭരണം കൈകാര്യം ചെയുന്നത് ഭരണഘടനാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ബോഡിയാണ്. അതിനാൽ തോന്നിയപോലുള്ള ഭരണത്തിനോ കെടുകാര്യസ്ഥതയ്ക്കോ സാധ്യതയില്ലെന്ന് അസോസിയേഷൻ വിശദീകരിച്ചു. ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന്റെ കീഴിലുള്ള അസോസിയേഷൻ ഗുസ്തി താരങ്ങളുടെ താല്പര്യങ്ങൾ മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്. ദേശീയ- രാജ്യാന്തര തലത്തിൽ ഗുസ്തിയെന്ന കായിക ഇനത്തിന്റെ പ്രതിച്ഛായ വർധിക്കാൻ കാരണമായത് ഫെഡറേഷൻറ്‍റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാട്ടി.
72 മണിക്കൂറിനുള്ളിൽ മറുപടി നല്കണമെന്ന് കായിക മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഫെഡറേഷൻ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മൂന്ന് ദിവസമായി ജന്തർ മന്ദറിൽ താരങ്ങൾ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. പീഡനാരോപണം അന്വേഷിച്ച് നാലാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കുമെന്നും അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷനെ മാറ്റിനിർത്തുമെന്നും മന്ത്രി അനുരാഗ് താക്കൂർ പ്രതിഷേധക്കാർക്ക് ഉറപ്പിലായിരുന്നു സമരം അവസാനിപ്പിച്ചത്. വിനേഷ് ഫോഗാട്ട്, ബജറംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു.
ബുധനാഴ്ചയാണ് കായികലോകത്തെ ഞെട്ടിച്ചു ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ വെളിപ്പെടുത്തലുണ്ടായത്. ഇന്ത്യൻ ക്യാമ്പിലുള്ള വനിതാ ഗുസ്തി താരങ്ങളെ ബിജെപി എം പി കൂടിയായ ബ്രിജ് ഭൂഷനും പരിശീലകരും വർഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇതിന് ഇന്ത്യൻ റെസ്ലിങ് ഫെഡറേഷൻ കൂട്ടു നിന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങൾക്ക് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷന്റെ ഭാഗത്ത് നിന്ന് വധഭീഷണി നേരിട്ടുവെന്നും താരങ്ങൾ ആരോപിച്ചിരുന്നു. പിന്നാലെയാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജറംഗ് പുനിയ, അൻഷു മാലിക എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. ബ്രിജ് ഭൂഷന്റെ രാജി, ഫെഡറേഷൻ ആകെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ടുവെച്ചത്.