അന്ന് യുക്രെയ്ന് വേണ്ടി, ഇന്ന് പലസ്തീനായി; ഇതാണ് കളിക്കളങ്ങളിലെ പ്രതിഷേധക്കാരൻ 'പൈജാമമാൻ' ജോൺസൺ
ഞായറാഴ്ച പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം എഴുതിയ ടീ ഷർട്ടും എൽജിബിടിക്യു+ പതാകയുമായി ഗ്രൗണ്ടിലിറങ്ങി കോഹ്ലിക്ക് അരികിലെത്തിയ യുവാവ് പ്രമുഖ ടിക് ടോക്കറും ഓസ്‌ട്രേലിയൻ പൗരനുമായ ജോൺസൺ വെൻ. അത് ആദ്യമായിട്ടല്ല കായികമത്സരങ്ങൾക്കിടെ ജോൺസൺ ഗ്രൗണ്ടിലിറങ്ങുന്നത്.
പൈജാമമാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ജാേൺസൺ ഓഗസ്റ്റിൽ ഫിഫ വനിതാ ലോകകപ്പ് ഫൈനലിലും സമാനമായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെയും ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെയും ചിത്രങ്ങളടങ്ങിയ ടീ ഷർട്ടിൽ 'ഫ്രീ യുക്രെയ്ൻ', 'സ്റ്റോപ്പ് പുട്ട്ലർ' എന്ന് എഴുതിയായിരുന്നു ജോൺസൺ ഗ്രൗണ്ടിലിറങ്ങിയത്. ഇംഗ്ലണ്ട് താരം ലോറൻ ഹെംപിന്റെ അടുത്തേക്ക് ഓടിയെത്തിയ ജോൺസണെ അന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
സമാനമായ രീതിയിലാണ് ഞായറാഴ്ച ഇന്ത്യൻ ഇന്നിങ്സിന്റെ 13-ാം ഓവറിൽ ജോൺസൺ ഓടി ഗ്രൗണ്ടിൽ കളിച്ചിരുന്ന വിരാട് കോഹ്ലിക്ക് അടുത്തെത്തിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ജോൺസണെ പിടികൂടിയിരുന്നു. പിന്നീട് തന്റെ പേര് ജോൺ ആണെന്നും താൻ വിരാട് കോഹ്ലിയെ കാണാൻ വേണ്ടിയാണ് ഗ്രൗണ്ടിലിറങ്ങിയതെന്നും പറഞ്ഞിരുന്നു. പലസ്തീൻ അനുകൂല ടീ ഷർട്ടിനെക്കുറിച്ചുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, താൻ പലസ്തീനെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ജോൺസൺ പറഞ്ഞത്.
സ്റ്റേഡിയത്തിൽ അനധികൃതമായി പ്രവേശിച്ചതിന് ഐപിസി 332, 447 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി അഹമ്മദാബാദ് പോലീസ് അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാന്റിലെ ബ്രിസ്‌ബേൻ നഗരത്തിലെ പ്രാന്തപ്രദേശമായ ടൂവോങ്ങ് സ്വദേശിയാണ് ജോൺസൺ. മുമ്പ് 2020-ൽ, സ്റ്റേറ്റ് ഓഫ് ഒറിജിൻ കകക റഗ്ബി ലീഗിലും സമാനമായ രീതിയിൽ ജോൺസൺ എത്തിയിരുന്നു. ഇതിൽ 220 ഓസ്‌ട്രേലിയൻ ഡോളർ ജോൺസണ് പിഴയായി ലഭിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്റർനെറ്റിൽ വൈറലായ ഫ്‌ളോസ് മൂവ്‌മെന്റ് ഡാൻസുമായിട്ടായിരുന്നു ജോൺസൺ ടിക് ടോക്കിൽ വൈറലായത്. നേരത്തെ ബ്രിസ്ബേനിലെ ഫുട്ബ്രിഡ്ജിൽ തൂങ്ങിക്കിടന്ന് വീഡിയോ ചെയതതിന് ജോൺസണിന് 250 ഓസ്‌ട്രേലിയൻ പിഴ ലഭിച്ചിരുന്നു. പൊതുജന ശല്യവും അപകടസാധ്യതയുള്ള പ്രവൃത്തിയും ചെയ്ത വകയിലായിരുന്നു ഇത്. സൗത്ത് ബ്രിസ്‌ബെയ്ൻ ബസ് ടെർമിനലിൽ റോഡിന്റെ നടുവിലേക്ക് ജോൺസൺ നടന്ന സംഭവവും വൈറലായിരുന്നു.