മൂന്ന് സുവർണ നിമിഷങ്ങള്‍; ഇന്ത്യന്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നു
ഇന്ത്യന്‍ കായിക ആരാധകരെ സംബന്ധിച്ച് 2024 ആകാംഷയുടെ വർഷമാണ്. കായിക താരങ്ങളെ കാത്തിരിക്കുന്ന സുവർണ നേട്ടങ്ങളും. ഒളിമ്പിക്സ്, ട്വന്റി20 ലോകകപ്പ് എന്നിങ്ങനെ നീളുന്നു പട്ടിക. വ്യക്തിഗത പ്രകടനങ്ങളുടെ കാര്യം പരിഗണിച്ചാല്‍ ഏറ്റവും നിർണായകം നീരജ് ചോപ്ര, പിവി സിന്ധു, സുനില്‍ ഛേത്രി എന്നിവർക്കാണ്. സ്വന്തം മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ചെറിയ കാലയളവിനുള്ളില്‍ തന്നെ കഴിഞ്ഞവരാണ് മൂവരും. എന്നാല്‍, ഒരുപടി കൂടി മുന്നോട്ട് വെക്കാനുള്ള അവസരമാണ് 2024ല്‍ നീരജിനേയും സിന്ധുവിനേയും ഛേത്രിയേയും കാത്തിരിക്കുന്നത്.
സുവർണ 90 തൊടാന്‍ നീരജ്
ഇതിനോടകം തന്നെ ഒരു കായിക താരത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം നീരജ് സ്വന്തമാക്കി കഴിഞ്ഞു. ടോക്കിയോയില്‍ ജാവലിന്‍ ത്രോ വിഭാഗത്തിലായിരുന്നു നീരജിന്റെ സ്വർണ നേട്ടം. ഒളിമ്പിക്സില്‍ സ്വർണമണിയുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് കൂടിയായി മാറി അന്ന് നീരജ്. 87.58 മീറ്ററായിരുന്നു അന്ന് നീരജ് എറിഞ്ഞത്.
ഇനി നീരജിന് മുന്നിലുള്ളത് 90 മീറ്റർ താണ്ടുക എന്ന ലക്ഷ്യമാണ്. 90 മീറ്ററെന്ന മാന്ത്രിക നമ്പർ തൊടാനുള്ള ശ്രമം ദീർഘനാളായി നീരജ് നടത്തുന്നുമുണ്ട്. പക്ഷെ പ്രധാന വെല്ലുവിളി ഒളിമ്പിക് ചാമ്പ്യന്‍ പട്ടം പാരിസില്‍ നിലനിർത്താനാകുമോ എന്നത്. അർഷാദ് നദീം, ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്, ജോനാസ് വെട്ടർ എന്നിവരെല്ലാം 90 മീറ്ററിന് മുകളില്‍ എറിയുന്നവരാണ്. വെട്ടറിന്റെ മികച്ച പ്രകടനം 97.76 മീറ്ററാണ്. മൂവരും ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ പാരീസില്‍ നീരജിന് കാര്യങ്ങള്‍ കഠിനമാകും.
സിന്ധുവിനെ കാത്ത് ചരിത്രം
രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകള്‍ നേടിയ രണ്ട് താരങ്ങളില്‍ ഒരാളാണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. റിയോയില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവുമായിരുന്നു സിന്ധു നേടിയത്. പാരീസില്‍ സ്വർണം നേടാനായാല്‍ മെഡല്‍ കോളം തികയ്ക്കാന്‍ സിന്ധുവിന് സാധിക്കും. പക്ഷേ, ഈ നേട്ടത്തിലേക്കുള്ള യാത്രയില്‍ സിന്ധുവിന് എതിരാളികളോട് മാത്രം പോരാടിയാല്‍ മതിയാകില്ല. ദീർഘനാളായി തുടരുന്ന മോശം ഫോമിനേയും അതിജീവിക്കേണ്ടതുണ്ട്.
നിലവില്‍ പരുക്കിന്റെ പിടിയില്‍ നിന്ന് കരകയറുന്ന സിന്ധുവിന് പാരീസില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കളിമികവ് കൂടി ഉയർത്തേണ്ടി വരുമെന്നാണ് സമീപകാല പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
സെഞ്ചുറിക്കരികെ ഛേത്രി
അന്താരാഷ്ട്ര ഫുട്ബോളില്‍ 145 മത്സരങ്ങളില്‍ നിന്ന് സുനില്‍ ഛേത്രിയുടെ ബൂട്ടുകള്‍ ലക്ഷ്യം കണ്ടത് 93 തവണയാണ്. ഗോളടി മികവില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എന്നിവരുടെ സ്ഥിരത ഛേത്രിക്കുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 100 ഗോളെന്ന നേട്ടം തൊട്ടരികില്‍ നിക്കുമ്പോഴും രണ്ടക്കത്തില്‍ ഛേത്രി വീണുപോകാനും സാധ്യതയുണ്ട്. ഈ വർഷം 40 വയസ് തികയും ഛേത്രിക്ക്. എഎഫ്‌സി ഗ്രൂപ്പിന്റെ കാഠിന്യം പരിശോധിക്കുമ്പോള്‍ ഛേത്രിക്ക് 'കാലെത്താ' ദൂരത്തായേക്കും 100 ഗോളുകള്‍ എന്നത്.