ഫോർമുല വൺ; പുരുഷ കുത്തക തകർക്കാൻ വനിതകൾ

ഫോർമുല വൺ; പുരുഷ കുത്തക തകർക്കാൻ വനിതകൾ

മത്സരിക്കുന്ന ഓരോ ഇരുപത് പേരിലും ഒരാൾ ഇനി മുതൽ വനിത ആയിരിക്കുമെന്ന് സംഘാടകർ
Updated on
1 min read

കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ്. അങ്ങനെയൊരു മാറ്റത്തിനൊരുങ്ങുകയാണ് ഫോർമുല വൺ. കാറോട്ട മത്സരങ്ങളിൽ ഏറ്റവും പേരുകേട്ട ഫോർമുല വണ്ണിന്റെ ആരാധകരില്‍ വലിയ പങ്ക് സ്ത്രീകളാണെങ്കിലും 40 വർഷത്തിലേറെയായി മത്സരങ്ങളില്‍ വനിതകൾ പങ്കെടുക്കാറില്ല. എന്നാൽ ഇനി മുതൽ മാറ്റം വരുകയാണ്. മത്സരിക്കുന്ന ഓരോ 20 പേരിലും ഒരാൾ ഇനി മുതൽ വനിത ആയിരിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് സംഘാടകർ. മുൻ ഡ്രൈവറായ സൂസി വോൾഫാണ് വനിതാ ഡ്രൈവർമാർക്കുള്ള സംരംഭത്തിന് നേതൃത്വം നൽകുന്നത്. മെഴ്സിഡസ്-എഎംജി പെട്രോനാസ് എഫ് 1 ടീമിന്റെ സിഇഒ ടോട്ടോ വോൾഫിന്റെ ഭാര്യയാണ് സൂസി വോൾഫ്.

മത്സരിക്കാനുള്ള കരുത്ത് സ്ത്രീകൾക്ക് ഇല്ലെന്ന ധാരണ സ്ഥാപകൻ കേറ്റ് ബിവാൻ നിരസിക്കുന്നു. 'എഴുപത്തിയഞ്ച് സ്ത്രീകൾ എല്ലാ ശാരീരിക വെല്ലുവിളികളും നേരിട്ട് ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. അപ്പോൾ സ്ത്രീകൾക്ക് മത്സരിക്കാൻ കരുത്തില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല', അദ്ദേഹം പറയുന്നു.

വനിതാ ഡ്രൈവർമാരെ മുന്നോട്ട് കൊണ്ടുവരാൻ പല സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നാണ് F1 അക്കാദമി. മത്സരത്തിൽ മുന്നേറാൻ യുവ വനിതാ ഡ്രൈവർമാരെ സജ്ജമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള റേസിംഗ് സീരീസായ F1 അക്കാദമി ആരംഭിച്ചത് 2022ലാണ്. ഫോർമുല വണ്ണിലേക്ക് വനിതകളെ എത്തിക്കാൻ പറ്റുമെന്ന കാര്യത്തിൽ ഇനി എഫ്1 അക്കാദമിയിലാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കുന്നു. അഞ്ച് ടീമുളിലായി മത്സരിക്കുന്ന 15 വനിതകൾക്കുള്ള ബജറ്റ് എഫ്1 അക്കാദമി നൽകുമെന്നാണ് സൂചന. ഒരു സ്ത്രീയെ എങ്കിലും വേദിയിൽ നിർത്തുകയെന്ന ലക്ഷ്യത്തോടെ മോ‍ർ ദാൻ ഈക്വൽ എന്ന സംരംഭവും 2022 ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു.

ഫോർമുല വണ്ണില്‍ സ്ത്രീകൾക്ക് മത്സരിച്ചുകൂടാ എന്നൊരു നിയമമില്ല. ആത്മവിശ്വാസക്കുറവ് ഉൾപ്പെടെയുള്ള തടസ്സങ്ങളാണ് മത്സരത്തിൽ സ്ത്രീകൾ ഇല്ലാത്തതിന്റെ പ്രധാന കാരണം. 'ഞാൻ എപ്പോഴും എന്നെത്തന്നെ സംശയിച്ചു. ആൺകുട്ടികളെ തോൽപ്പിക്കാൻ എനിക്ക് സാധിക്കില്ല എന്ന് കരുതി. എന്തോ ഒരു ഭയം എന്റെയുള്ളിൽ ഉണ്ടായിരുന്നു', വില്യംസ് അക്കാദമിയുടെ ഡ്രൈവറും ഡബ്ല്യു സീരീസ് മൂന്ന് തവണ വിജയിയുമായ ജാമി ചാഡ്വിക്ക് പറയുന്നു. എന്നാൽ ആത്മവിശ്വാസം പെട്ടെന്ന് ഉണ്ടാകില്ല. കാലത്തിനനുസരിച്ച്, മികച്ച അവസരങ്ങൾ ലഭിച്ച്, ഒരുപാട് മത്സരങ്ങളിൽ പങ്കെടുത്ത് മാത്രമേ ആത്മവിശ്വാസം ഉണ്ടാകൂ എന്നും അവർ കൂട്ടിച്ചേർത്തു. ഫോർമുല വണ്ണിൽ മത്സരിക്കുക എന്നതാണ് തന്റെ അന്തിമ ലക്ഷ്യമെന്നും ജാമി പറയുന്നു.

ഫോർമുല 1 കൂടാതെ എഫ് 2, എഫ്3, എഫ് 4 എന്നിവയിലും വനിതകൾ പങ്കെടുക്കാറില്ല. ഇതിന് കാരണം എന്തെന്നറിയാൻ പഠനം നടത്തുകയാണ് സംഘടന. സ്ത്രീകളും പങ്കെടുക്കുക എന്ന മാറ്റം നിലവിൽ വരാൻ എട്ട് മുതൽ ഒമ്പത് വർഷം വരെ സമയമെടുക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ വാരാന്ത്യത്തോടെയാണ് ഫോ‍ർമുല വൺ മത്സരങ്ങൾ ആരംഭിക്കുക.

logo
The Fourth
www.thefourthnews.in