ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ നീരജ് ചോപ്ര. ജാവ്‌ലിന്‍ ത്രോയില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡല്‍ നേടി. രാജ്യത്തിന്റെ പത്തൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയിലൂടെസഫലമായത്. 2003ല്‍ അഞ്ജു ബോബി ജോര്‍ജിന്റെ വെങ്കലത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും മെഡല്‍ നേടുന്നത്.
ഗ്രനഡയുടെ ആന്‍ഡേര്‍സണ്‍ പീറ്റേഴ്‌സിന് സ്വര്‍ണം
തന്റെ നാലാമത് ശ്രമത്തിലാണ് നീരജ് വെള്ളിമെഡല്‍ ഉറപ്പിച്ച 88.13 മീറ്റര്‍ ദൂരം എറിഞ്ഞിട്ടത്. ഫൗളോടെ ആരംഭിച്ച നീരജ് പിന്നീട് പടി പടിയായി ഉയരുന്ന കാഴ്ചയ്ക്കാണ് ഓറിയോണ്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ 90 മീറ്റര്‍ എന്ന സ്വപ്ന ദൂരം താണ്ടാന്‍ നീരജിന് ആയില്ല.
ഒന്നാമതെത്തിയ ഗ്രനഡയുടെ ആന്‍ഡേര്‍സണ്‍ പീറ്റേഴ്‌സ് 90.46 ദൂരം എറിഞ്ഞാണ് സ്വര്‍ണം നേടിയത്. 88.09 മീറ്റർ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കൂബ് വെല്‍ഡിഷ് വെങ്കലം നേടി.