ലോക അത്‌ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക്
ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ലോക അത്‌ലറ്റിക് മത്സരങ്ങളിലെ വനിതാ വിഭാഗങ്ങളില്‍ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി ലോക അത്ലറ്റിക് ഭരണസമിതി. ടെസ്റ്റോസ്റ്റിറോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായും ലോക അത്‌ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി. കരുത്തരായ ട്രാന്‍സ് സ്ത്രീകള്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നത് വനിതകള്‍ക്കുള്ള തുല്യത നഷ്ടമാക്കുന്നതാണെന്നും ഇത് സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ലോക അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് അറിയിച്ചു.
മാര്‍ച്ച് 31 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെങ്കിലും ഇതൊരു തര്‍ക്ക വിഷയമാകാനുള്ള സാധ്യതയേറെയാണെന്ന് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി. എന്നിരുന്നാലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കുണ്ടാകുന്ന ജീവശാസ്ത്രപരമായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും സെബാസ്റ്റ്യന്‍ കോ കൂട്ടിച്ചേര്‍ത്തു.
തീരുമാനം അന്തിമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ യോഗ്യതാ മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തും
'വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആവശ്യങ്ങളുടെയും അവകാശങ്ങളുടെയും പോരാട്ടത്തില്‍ തീരുമാനം എടുക്കുക എന്നത് എല്ലപ്പോഴും ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷേ മറ്റെല്ലാ പരിഗണനകള്‍ക്കും ഉപരിയായി അത്ലറ്റിക്സിലെ സ്ത്രീ വിഭാഗത്തിന്റെ സമഗ്രത പരമപ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു''- സെബ് കോ പറഞ്ഞു. എന്നാല്‍ ഈ തീരുമാനം അന്തിമമല്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യോഗ്യതാ മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന് ഒരു സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക അത്‌ലറ്റിക് മത്സരങ്ങളിലെ മുന്‍ നിയമങ്ങള്‍ പ്രകാരം രക്തത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് ലിറ്ററിന് 5 നാനോമോളായി കുറച്ചാല്‍ ട്രാന്‍സ്‌വനിതകളെ മത്സരിക്കാന്‍ അനുവദിച്ചിരുന്നു. ഇത് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ 12 മാസം മുമ്പ് വരെ നിലനിര്‍ത്തേണ്ടതായും നിയമമുണ്ടായിരുന്നു. അതേസമയം നിലവില്‍ കായികരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളില്ലെന്ന് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി.
അതേസമയം ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അത്‌ലറ്റിക് മത്സരങ്ങളില്‍നിന്ന് റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. എന്നാല്‍ യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാൻ റഷ്യന്‍ കായിക താരങ്ങള്‍ക്ക് കഴിയില്ല.