ഐപിഎല്‍ സ്‌റ്റേഡിയത്തിനു പുറത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പോലീസ് ഇടപെട്ടു, സംഘര്‍ഷം
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനു പുറത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിനു പുറത്താണ് പ്രതിഷേധവുമായി ഗുസ്തി താരങ്ങളെത്തിയത്. പ്ലക്കാര്‍ഡുകളുമായി എത്തിയ ഇവര്‍ സ്‌റ്റേഡിയത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതിനേത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.
ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധ സമരത്തിലാണ്.
വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തുന്നത്. ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് പോക്സോ ആക്ട് പ്രകാരമാണ് ഒരു എഫ്‌ഐആര്‍.
നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടില്‍ തന്നെയാണ് ഗുസ്തി താരങ്ങള്‍. നിരവധി കായിക താരങ്ങളും പ്രതിപക്ഷ നേതാക്കളുമെല്ലാം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരും തന്നെ പ്രതികരിക്കാന്‍ തയാറയായിരുന്നില്ല.
ക്രിക്കറ്റ് താരങ്ങള്‍ മൗനം പാലിക്കുന്നതിനെതിരേ വിനേഷ് ഫോഗാട്ട് അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗുസ്തി താരങ്ങള്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ബ്രിജ്ഭൂഷനെതിരേ കര്‍ശന നടപടി വേണമെന്നാണ് താരങ്ങളുടെ ആവശ്യം. ജന്തര്‍ മന്തറില്‍ നാളെ വരെ രാപ്പകല്‍ സമരം തുടരാനാണ് ഗുസ്തിതാരങ്ങളുടെ തീരുമാനം. നാളെ വൈകിട്ട് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.