''ഗോഡ്ബൈ സ്ലാട്ടൻ'';  വിരമിക്കല്‍ പ്രഖ്യാപിച്ച് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

''ഗോഡ്ബൈ സ്ലാട്ടൻ''; വിരമിക്കല്‍ പ്രഖ്യാപിച്ച് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

24 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് സ്ലാട്ടന്‍ സാന്‍ സിറോയിലെ കാണികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി തിരശ്ശീലയിട്ടത്
Updated on
2 min read

''ഞാന്‍ ഫുട്‌ബോളിനോട് വിട പറയുന്നു, ഒരിക്കലും നിങ്ങളോടല്ല'', വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പടിയിറങ്ങുമ്പോള്‍ മൈതാനവും ഗ്യാലറിയുമെല്ലാം കണ്ണീരില്‍ കുതിര്‍ന്നിരുന്നു. 24 വര്‍ഷത്തെ ഐതിഹാസിക കരിയറിന് സ്ലാട്ടന്‍ സാന്‍ സിറോയിലെ കാണികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി തിരശ്ശീലയിട്ടു. 41ാം വയസിലാണ് സ്ലാട്ടന്‍ ബൂട്ടഴിക്കുന്നത്. ഹെല്ലസ് വെറോണയ്‌ക്കെതിരെ മിലാന്‍ സീസണിലെ അവസാന മത്സരം കളിച്ച ശേഷം സ്ലാട്ടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സ്വീഡിഷ് സൂപ്പര്‍ താരത്തിന്റെ മിലാനുമായുള്ള കരാര്‍ ജൂണിൽ അവസാനിക്കും. വിട്ടുമാറാത്ത പരുക്ക് മൂലം കരാര്‍ പുതുക്കില്ലെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപനം. ''ഞാന്‍ ആദ്യമായി ഇവിടെ വന്നപ്പോള്‍ നിങ്ങളെനിക്ക് സന്തോഷം തന്നു, രണ്ടാംതവണ നിങ്ങളെനിക്ക് സ്‌നേഹം തന്നു. എന്റെ കുടുംബത്തോടും എന്നോട് ചേര്‍ന്ന് നിന്നവരോടുമൊക്കെ ഞാന്‍ നന്ദി പറയുന്നു, എന്റെ പ്രിയപ്പെട്ട ആരാധകരോട് ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുകയാണ്, എന്നെ നിങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജീവിതകാലം മുഴുവന്‍ ഞാന്‍ ഒരു മിലാനിസ്റ്റ ആയിരിക്കും'' -അദ്ദേഹം പറഞ്ഞു.

വിട്ടുമാറാത്ത പരുക്ക് മൂലം കരാര്‍ പുതുക്കില്ലെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്

''ഇന്ന് രാവിലെ ഞാന്‍ നേരത്തേ ഉണര്‍ന്നു. മഴ പെയ്യുന്നുണ്ടായിരുന്നു, ദൈവം പോലും കരയുകയായിരുന്നു എന്ന് ഞാന്‍ കരുതി'' സ്ലാട്ടന്‍ പുഞ്ചിരിയോടെ പറഞ്ഞു. സ്ലാട്ടന്‍ മൈതാനം വിടുമ്പോള്‍ സ്റ്റേഡിയത്തിന്റെ ഒരറ്റത്ത് 'ഗോഡ്‌ബൈ' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ന്നു. ആരാധകരും മിലാന്‍ ടീമംഗങ്ങളും കരയുകയായിരുന്നു.

പരുക്കുമൂലം വലഞ്ഞ താരത്തിന് ഈ സീസണില്‍ ആകെ നാല് മത്സരങ്ങള്‍ മാത്രമേ കളിക്കാനായുള്ളു. പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തിയ സ്ലാട്ടന്‍ ഇറ്റാലിയന്‍ ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും കൈക്കലാക്കി. ഇതിഹാസ തുല്യമായ കരിയറിലൂടെ കാല്പന്തിന്റെ ലോകത്ത് അദ്ദേഹം സ്വന്തമായ സ്ഥാനം നേടിയെടുത്തു. യൂറോപ്പിലെ പല മുന്‍നിര ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞ സ്ലാട്ടന്‍ നാല് രാജ്യങ്ങളില്‍ നിന്നും ലീഗ് കിരീടം നേടി. വിവിധ ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചെങ്കിലും ഒരു തവണ പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ലെന്ന വേദനയോടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നത്.

സ്വീഡനിലെ മാല്‍മോ ക്ലബ്ബിലൂടെ കളിച്ചു തുടങ്ങിയ താരം, പിന്നീട് നെതര്‍ലാന്‍ഡ് ക്ലബ്ബ് അയാക്‌സ്, ഇറ്റാലിയന്‍ ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍മിലാന്‍, എസി മിലാന്‍, സ്പാനിഷ് ക്ലബ് എഫ്സി ബാഴ്‌സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മൈന്‍, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയ്ക്കായി യൂറോപ്പില്‍ ബൂട്ട് കെട്ടി.

2019ലായിരുന്നു മിലാനിലേക്ക് ഇബ്രാഹിമോവിച്ചിന്റെ രണ്ടാംവരവ്. കഴിഞ്ഞ സീസണില്‍ ടീം സീരി എ കിരീടം നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടുഘട്ടങ്ങളിലായി മിലാനൊപ്പം 163 മത്സരം കളിച്ചു. 93 ഗോളും നേടി. രണ്ടുതവണ സീരി എയില്‍ മിലാന്‍ കിരീടമുയര്‍ത്തുമ്പോള്‍ സ്ലാട്ടനും ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in