കായിക മന്ത്രാലയവുമായുള്ള താരങ്ങളുടെ ചര്‍ച്ച പരാജയം; ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് രാജിവെച്ചേക്കും

കായിക മന്ത്രാലയവുമായുള്ള താരങ്ങളുടെ ചര്‍ച്ച പരാജയം; ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് രാജിവെച്ചേക്കും

ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നടപടി സ്വീകരിക്കാന്‍ വൈകുന്നിടത്തോളം പ്രതിഷേധം തുടരുമെന്നും താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി
Updated on
2 min read

ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് രാജി വയ്ക്കാന്‍ സാധ്യത. ഗുസ്തി താരങ്ങള്‍ ഇന്ന് കായിക മന്ത്രാലയവുമായി നടത്തിയ പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് ശരണ്‍ സിങിന്‍റെ രാജി സൂചന. ഈ മാസം 22 ന് ഗുസ്തി ഫെഡറേഷന്‍ അയോദ്ധ്യയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച്ച നടക്കാനിരിക്കുന്ന യോഗത്തില്‍ സ്ഥാനമൊഴിയാനാണ് സാധ്യത.

ഇന്ന് ഉച്ചയോടെയാണ് വിനേഷ് ഫോഗാട്ട് അടക്കമുള്ള മൂന്ന് താരങ്ങള്‍ കായിക മന്ത്രാലയവുമായി ചര്‍ച്ച നടത്തിയത്. ശരണ്‍ സിങിനെ സ്ഥാനത്ത് നിന്നും നീക്കണമെന്നും കേസ് എടുക്കണമെന്നുമായിരുന്നു താരങ്ങളുടെ ആവശ്യം. ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നടപടി സ്വീകരിക്കാന്‍ വൈകുന്നിടത്തോളം പ്രതിഷേധം കനക്കുമെന്നും ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലീസിനെ സമീപിക്കുമെന്നും താരങ്ങള്‍ പറഞ്ഞു. രാജി ആവശ്യപ്പെട്ട് താരങ്ങള്‍ ജന്തര്‍ മന്ദറില്‍ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്.

ബുധനാഴ്ച്ചയാണ് ഗുസ്തി താരം വിനേഷ് ഫോഗാട്ട് കായികലോകത്തെ ഞെട്ടിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. ലഖ്നൗവിലെ ദേശീയ പരിശീലന ക്യാമ്പില്‍ വച്ച് വനിതാ താരങ്ങളെ നിരവധി ദേശീയ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷന്റെ ഭാഗത്തു നിന്ന് വധഭീഷണി നേരിട്ടുവെന്നും താരങ്ങള്‍ ആരോപിച്ചു. ഇതിനു പിന്നാലെ മറ്റ് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജറംഗ് പുനിയ, അന്‍ഷു മാലിക് എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇന്ന് കായിക മന്ത്രാലയം ഒരു മണിക്കൂറോളം താരങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും പരായപ്പെട്ടു.

ലൈഗികാരോപണം തെളിയിക്കന്‍ ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് ഹാജറാക്കാന്‍ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി

ശരണ്‍ സിങിന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ പിരിച്ചു വിടണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ചില ഉറപ്പുകള്‍ കായിക മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും നടപടി എടുക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താരങ്ങള്‍. ലൈഗികാരോപണം തെളിയിക്കന്‍ ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് ഹാജരാക്കാന്‍ തയ്യാറാണെന്നും വിനേഷ് ഫോഗാട്ട് വ്യക്തമാക്കി.

വനിതാ താരങ്ങള്‍ക്കെതിരെയുള്ള ലൈഗികാതിക്രമം, വ്യക്തിപരമായ അധിക്ഷേപം, പരിശീലനം നല്‍കാതിരുക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഗുസ്തി ഫെഡറേഷനു നേരെ ഉയര്‍ന്നിട്ടുള്ളത്. കായിക താരങ്ങളുടെ ഭാവി ഇല്ലാതാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെ അത് പിരിച്ചുവിട്ട് പൂര്‍ണമായും പുനസംഘടിപ്പിക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്. ആവശ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്നും താരങ്ങള്‍ പറഞ്ഞു. അന്തിമതീരുമാനം അറിയുന്നത് വരെ സമരം മുന്നോട്ട് കൊണ്ടു പോകാനാണ് അവരുടെ തീരുമാനം. കേരളത്തില്‍ നിന്നുള്ള വനിതാ താരങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മണി മുതല്‍ ജന്തര്‍മന്തറില്‍ സമരം വീണ്ടും ശക്തമാക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in