ആമസോണില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഇനി പാസ് വേർഡ് വേണ്ട; പാസ് കീ സംവിധാനം അവതരിപ്പിച്ചു
മൈക്രൊസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് പിന്നാലെ പാസ് കീ സംവിധാനം അവതരിപ്പിച്ച് ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ആമസോണ്‍. സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഉപയോക്താക്കള്‍ ലോഗിന്‍ പ്രക്രിയ എളുപ്പമാക്കുന്നതിനുമായാണ് പുതിയ പാസ് കീ സവിശേഷത.
എന്താണ് പാസ് കീ?
ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് പാസ്വേഡിന് പകരം ഉപയോഗിക്കുന്ന സംവിധാനമാണ് പാസ് കീ. ഇത് ഒരു തവണ പ്രക്രിയയാണ്. പാസ് കീ സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പസ്വേഡ് ഓർത്തിരിക്കേണ്ട കാര്യമില്ല, ഒടിപി സംവിധാനവും ഒഴിവാക്കാനാകും.
ഫിംഗർപ്രിന്റ്, ഫെയ്സ് ഐഡി എന്നിവ ഉപയോഗിച്ചാണ് പാസ് കീ വഴിയുള്ള ലോഗ് ഇന്‍ സാധ്യമാകുന്നത്. ബയോമെട്രിക്ക് സംവിധാനങ്ങളില്ലാത്ത സ്മാർട്ട്ഫോണാണെങ്കില്‍ സ്ക്രീന്‍ ലോക്ക് പാറ്റേണ്‍ അല്ലെങ്കില്‍ നമ്പറും ഉപയോഗിച്ച് പാസ് കീ സെറ്റ് ചെയ്യാനാകും.
ആമസോണില്‍ പാസ് കീ എങ്ങനെ സെറ്റ് ചെയ്യാം
ആമസോണ്‍ ആപ്ലിക്കേഷനിലേക്കൊ വെബ്സൈറ്റിലേക്കോ ലോഗ് ഇന്‍ ചെയ്യുക.
അക്കൗണ്ട് (Account) സെക്ഷന്‍ തിരഞ്ഞെടുക്കുക.
ലോഗ് ഇന്‍ ആന്‍ഡ് സെക്യൂരിറ്റി (Login & Security) വിഭാഗത്തില്‍ പാസ് കീസ് (Passkeys) എന്ന ഓപ്ഷനുണ്ടാകും. തുടർന്ന് നിർദേശങ്ങള്‍ അനുസരിച്ച് പാസ് കീ സെറ്റ് ചെയ്യുക.
പാസ് കീ അക്കൗണ്ടില്‍ ചേർത്തു കഴിഞ്ഞാല്‍, ഏത് ഉപകരണത്തിലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലോഗ് ഇന്‍ ചെയ്യാനാകും. ഐഒഎസിലാണ് ആദ്യം സവിശേഷത ലഭ്യമാകുക. ആന്‍ഡ്രോയഡില്‍ വൈകാതെ പാസ് കീ സംവിധാനമെത്തുമെന്നം ആമസോണ്‍ അറിയിക്കുന്നു.