സാംസങ് വീണു! സ്മാർട്ട്ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ഒന്നാമത്; വളർച്ചയുടെ പിന്നിലെ കാരണം
2010ന് ശേഷം ആദ്യമായി സ്മാർട്ട്ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍. കയറ്റുമതയില്‍ ആഗോളവിപണിയുടെ അഞ്ചിലൊന്നും ആപ്പിള്‍ സ്വന്തമാക്കി. 235 മില്യണ്‍ കയറ്റുമതിയാണ് ആപ്പിളിന് കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. രണ്ടാമതെത്തിയ സാംസങ്ങിന് 226.6 മില്യണാണുള്ളത്. ചൈനീസ് നിർമാതാക്കളായ ഷവോമിയാണ് മൂന്നാം സ്ഥാനത്ത്. പലരാജ്യങ്ങളിലും ഐഫോണിന്റെ വില്‍പ്പനയ്ക്ക് ഇടിവ് വന്ന സാഹചര്യത്തിലൂടെയാണ് ആപ്പിളിന്റെ നേട്ടം.
പോയ വർഷങ്ങളിലെല്ലാം ഹോളിഡെ ക്വാർട്ടറിലായിരുന്നു ആപ്പിള്‍ വിപണിയില്‍ ആധിപത്യം പുലർത്തിയിരുന്നത്. ഒരു വർഷം മുഴുവനും സാംസങ്ങിനെ പിന്തള്ളുക എന്നത് വലിയ നേട്ടമാണെന്നാണ് വിലയിരുത്തല്‍. ആപ്പിളിന്റെ ഏറ്റവും വലിയ മാർക്കറ്റായ ചൈനയില്‍ ഹുവായിയുടെ വർധിച്ചുവരുന്ന ജനപ്രീതി കമ്പനിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍, പ്രീമിയം സ്മാർട്ട്ഫോണുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഉപയോഗിച്ചും മികച്ച ഓഫറുകള്‍ സമ്മാനിച്ചും ചൈനയില്‍ അടിത്തറ വിപുലീകരിക്കാന്‍ ആപ്പിളിന് സാധിച്ചു.
2023ന്റെ രണ്ടാം പകുതി ട്രാന്‍ഷന്‍, ഷവോമി തുടങ്ങിയ ലൊ എൻഡ് ആന്‍ഡ്രോയിഡ് നിർമാതാക്കളുടെ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ വിപണിയില്‍ ഇപ്പോള്‍ പ്രീമിയം സ്മാർട്ട്ഫോണുകളുടെ സ്വീകാര്യതയിലും വർധനവുണ്ടായിട്ടുണ്ട്. വിപണിയുടെ 20 ശതമാനവും പ്രീമിയം സ്മാർട്ട്ഫോണുകളാണ് കയ്യടക്കിയിരിക്കുന്നത്. ഇത് ആപ്പിളിന് കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞു, ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ ഡയറക്ടർ നബീല പോപ്പല്‍ വ്യക്തമാക്കി.
ആപ്പിള്‍ എങ്ങനെ സാംസങ്ങിനെ മറികടന്നു?
ആപ്പിള്‍ ചൈനീസ് വിപണിയില്‍ തിരിച്ചടി നേരിട്ടിരുന്നു. ആകർഷകമായ പലിശ രഹിതമായ സാമ്പത്തിക ഓഫറുകള്‍ നല്‍കി വില്‍പ്പന വർധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചതായാണ് ഐഡിസിയുടെ റിപ്പോർട്ട് പറയുന്നത്. പട്ടികയിലെ ആദ്യ മൂന്ന് കമ്പനികളില്‍ 3.7 ശതമാനം ആഗോള വളർച്ച നേടിയത് ആപ്പിള്‍ മാത്രമാണെന്നും ഗവേഷണ സ്ഥാപനം പറയുന്നു. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ വില വന്‍തോതില്‍ വർധിച്ചപ്പോഴും ആപ്പിള്‍ വില സ്ഥിരതയോടെ നിലനിർത്തിയതും വിപണിയിലെ മുന്നേറ്റത്തിന് കാരണമായി.