ഉപയോക്താക്കളെ ലക്ഷ്യമിട്ട് 'മേഴ്‌സിനറി സ്പൈവെയർ'; മുന്നറിയിപ്പുമായി ആപ്പിള്‍

ഉപയോക്താക്കളെ ലക്ഷ്യമിട്ട് 'മേഴ്‌സിനറി സ്പൈവെയർ'; മുന്നറിയിപ്പുമായി ആപ്പിള്‍

ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആപ്പിള്‍ തന്നെ നിർദേശിച്ചിട്ടുണ്ട്
Updated on
1 min read

ഇന്ത്യ ഉള്‍പ്പെടെയുള്ള 92 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് 'മേഴ്‌സിനറി സ്പൈവെയർ' മുന്നറിയിപ്പ് നല്‍കി ആപ്പിള്‍. ഇന്നലെ രാത്രി വൈകിയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ആപ്പിള്‍ നല്‍കിയത്. സർക്കാർ പിന്തുണയോടെ ഐഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് മുന്നറിയിപ്പ് ലഭിച്ചതായി നിരവധി പ്രതിപക്ഷ നേതാക്കള്‍ അവകാശവാദം ഉന്നയിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ആപ്പിളിന്റെ നീക്കം. മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ 2021ല്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെഗാസസ് സ്പൈവെയർ സംബന്ധിച്ചുള്ള പരാമർശവുമുണ്ട്.

മേഴ്‌സിനറി സ്പൈവെയർ

മേഴ്‌സിനറി സ്പൈവെയർ വ്യക്തിപരമായി ലക്ഷ്യവെക്കാന്‍ സാധ്യതയുള്ള ഉപയോക്താക്കളെ അറിയിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയാണ് മുന്നറിയിപ്പെന്നാണ് ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇത്തരം സ്പൈവെയറുകള്‍ പ്രത്യക വ്യക്തികളേയും അവരുടെ ഉപകരണങ്ങളേയും മാത്രമായിരിക്കും ടാർഗറ്റ് ചെയ്യുക. അതുകൊണ്ട് തന്നെ സാധാരണ സൈബർ ക്രിമിനല്‍ കുറ്റകൃത്യങ്ങളെക്കാള്‍ സങ്കീർണമായിരിക്കും ഇവ.

ഉപയോക്താക്കളെ ലക്ഷ്യമിട്ട് 'മേഴ്‌സിനറി സ്പൈവെയർ'; മുന്നറിയിപ്പുമായി ആപ്പിള്‍
ഉപയോക്താക്കളെ 'കൂട്ടത്തോടെ മുക്കി' ബോട്ട്; 75 ലക്ഷം പേരുടെ വിവരങ്ങള്‍ ഡാർക്ക് വെബ്ബില്‍

മേഴ്‌സിനറി സ്പൈവെയറുകളുടെ ഉപയോഗത്തിന് ദശലക്ഷങ്ങള്‍ ചെലവാകും. ഇത് കുറഞ്ഞ കാലാവധിയില്‍ മാത്രമായിരിക്കും ഉപയോഗിക്കുക. അതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താനും തടയാനും പ്രയാസമാണ്. മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞർ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായും ഇത്തരം സ്പൈവെയർ ആക്രമണങ്ങള്‍ക്ക് ആഗോളതലത്തില്‍ ഇരയാകാറുള്ളത്. 2021 മുതലാണ് ആപ്പിള്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കാന്‍ ആരംഭിച്ചത്. ഏകദേശം 150 രാജ്യങ്ങളിലുള്ളവർക്ക് ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്നറിയിപ്പ് സന്ദേശം ലഭിച്ചാല്‍ ചെയ്യേണ്ടത്

ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആപ്പിള്‍ തന്നെ നിർദേശിച്ചിട്ടുണ്ട്. ഐഫോണിലുള്ള ലോക്ക്‌ഡൗണ്‍ മോഡ് ഓണാക്കുകയാണ് ആദ്യ ചെയ്യേണ്ടത്. ഇതിനായി സെറ്റിങ്സ് തുറക്കുക. ശേഷം പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ലോക്ക്‌ഡൗണ്‍ മോഡ് ഇനേബിള്‍ ചെയ്യുക.

ലോക്ക്‌ഡൗണ്‍ മോഡ് ഓണാക്കുന്നതോടെ ഫോണിന്റെ സുരക്ഷ വർധിക്കും. പ്രത്യേകിച്ചും ഇത്തരം സ്പൈവെയർ ആക്രമണങ്ങളില്‍ നിന്ന്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് വേർഷന്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുന്നതും പ്രധാനമാണ്. മുന്നറിയിപ്പ് സന്ദേശം ലഭിച്ചവർ അവരുടെ പക്കല്‍ മാക്, ഐപാഡ് എന്നിവയുണ്ടെങ്കില്‍ ലോക്ക്‌ഡൗണ്‍ മോഡ് അവയിലും ഓണാക്കുക.

ഉപയോക്താക്കളെ ലക്ഷ്യമിട്ട് 'മേഴ്‌സിനറി സ്പൈവെയർ'; മുന്നറിയിപ്പുമായി ആപ്പിള്‍
സിബിഐയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് കോളുകള്‍; പാകിസ്താനില്‍ നിന്നടക്കമുള്ള വാട്‌സ്ആപ്പ് കോളുകള്‍ ഒഴിവാക്കാൻ നിർദേശം

പരിചിതമില്ലാത്ത ഐഡിയില്‍ നിന്ന് ലഭിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍, എസ്എംഎസ് എന്നിവ അവഗണിക്കുക. മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടില്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ലോക്ക്‌ഡൗണ്‍ മോഡ് ഓണാക്കുന്നത് സഹായകരമാകും. ആപ്പിളുമായി ബന്ധമില്ലാത്ത ഉപകരണങ്ങളും അക്കൗണ്ടുകളും മേഴ്‌സിനറി സ്പൈവെയറുകള്‍ക്ക് ആക്സസ് ചെയ്യാനാകും. അതുകൊണ്ട് തന്നെ വിദഗ്ദ ഉപദേശം തേടുന്നത് ഉചിതമായിരിക്കുമെന്നും ആപ്പിള്‍ നിർദേശിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in