സാംസങ്ങിനെ സൈഡാക്കി ആപ്പിള്‍; ആദ്യ പാദത്തില്‍ വിപണിയില്‍ 15 പ്രോ മാക്സ് ആധിപത്യം
2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണ്‍ ആപ്പിളിന്റെ 15 പ്രോ മാക്‌സ് വിപണി വിഹിതത്തിന്റെ 4.4 ശതമാനവും നേടി. ആദ്യ പത്തില്‍ ആപ്പിളിന്റേയും സാംസങ്ങിന്റേയും 5ജി ഫോണുകളാണ് ഇടം പിടിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് 5ജി ഫോണുകള്‍ മാത്രം ആദ്യ പത്തിലെത്തുന്നത്. ടെക്‌നോളജി മാർക്കറ്റ് റിസേർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
4.3 ശതമാനം വിപണി വിഹിതത്തോടെ ഐഫോണ്‍ 15 ആണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 14 എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. സാംസങ്ങിന്റെ ഫ്ലാഗ്‌ഷിപ്പ് വിഭാഗത്തില്‍ വരുന്ന ഗ്യാലക്സി എസ് 24 അള്‍ട്രയാണ് പട്ടികയില്‍ അഞ്ചാമത്. 1.9 ശതമാനമാണ് എസ് 24 അള്‍ട്രയുടെ വിപണി വിഹിതം.
ഐഫോണിന്റെ 15 സീരീസിലെ എല്ലാ ഫോണുകള്‍ക്കും വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ചതായാണ് പട്ടിക അവലോകനം ചെയ്യുമ്പോള്‍ മനസിലാകുന്നത്. ഐഫോണിന്റെ വരുമാനത്തിലെ 60 ശതമാനവും പ്രോ മോഡലുകളില്‍ നിന്നാണ് ലഭിക്കുന്നത്. വില വർധനവ് ഉണ്ടായ സാഹചര്യത്തിലും വിപണിയില്‍ തിളങ്ങാന്‍ ആപ്പിളിനായി.
ആദ്യ പത്തില്‍ ആപ്പിളിന്റേയും സാംസങ്ങിന്റേയും അഞ്ച് സ്മാർട്ട്ഫോണുകള്‍ വീതമാണുള്ളത്. ഇതില്‍ ഏഴ് ഫോണുകളും പ്രീമിയം വിഭാഗത്തില്‍ വരുന്നതാണ്. സാംസങ്ങിന്റെ ബജറ്റ് വിഭാഗത്തിലുള്ള ഗ്യാലക്സി എ15, ഗ്യാലക്സി എ34 എന്നിവയും പട്ടികയിലിടം നേടിയിട്ടുണ്ട്. എഐ സംവിധാനം അവതരിപ്പിച്ചതാണ് വിപണിയില്‍ സാംസങ്ങിന് മേല്‍ക്കൈ നല്‍കിയത്. വരുംകാലങ്ങളില്‍ ഫ്ലാഗ്‌ഷിപ്പ് മോഡലുകള്‍ക്കുള്ള സ്വീകാര്യത വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഏറ്റവും കൂടുതല്‍ വിട്ടഴിഞ്ഞ സ്മാർട്ട് ഫോണുകള്‍
ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മാക്സ്
ആപ്പിള്‍ ഐഫോണ്‍ 15
ആപ്പിള്‍ ഐഫോണ്‍ 15 പ്രോ
ആപ്പിള്‍ ഐഫോണ്‍ 14
സാംസങ് ഗ്യാലക്സി എസ്24 അള്‍ട്ര
സാംസങ് ഗ്യാലക്സി എ15 5ജി
സാംസങ് ഗ്യാലക്സി എ54
ആപ്പിള്‍ ഐഫോള്‍ 15 പ്ലസ്
സാംസങ് ഗ്യാലക്സി എസ്24
സാംസങ് ഗ്യാലക്സി എ34