സോഫ്റ്റ്‌വെയറില്‍ സുരക്ഷാ പിഴവ് ; ജാഗ്രതാ നിർദേശം നല്‍കി ആപ്പിള്‍

സോഫ്റ്റ്‌വെയറില്‍ സുരക്ഷാ പിഴവ് ; ജാഗ്രതാ നിർദേശം നല്‍കി ആപ്പിള്‍

ഹാക്കുചെയ്യപ്പെട്ട ഡിവൈസുകളുടെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർക്ക് ഏറ്റെടുക്കാൻ കഴിയും
Updated on
1 min read

ആപ്പിളിന്റെ ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയുടെ ഓപറേറ്റിങ് സിസ്റ്റത്തില്‍ സുരക്ഷാപ്പിഴവ്. ഹാക്കർമാർക്ക് ഉടമസ്ഥനെ പോലെ ഡിവൈസുകളില്‍ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഗുരുതര പിഴവുകളായതിനാല്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ജാഗ്രതാനിർദേശം നല്‍കി.

2015 മുതല്‍ പുറത്തിറങ്ങിയ ഐഫോണ്‍, 2014 മുതല്‍ പുറത്തിറക്കിയ ഐപാഡ് , മാക് എന്നിവയിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയത്. ഐഫോണ്‍ 6 എസ് മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയർ 2, ഐപാഡ് മിനി 4 എന്നിവയ്ക്കും മാക് ഒഎസ് മോണ്‍ടെറി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കും ചില ഐപോഡുകള്‍ക്കും ഭീഷണിയുണ്ട്. ഡിവൈസുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകള്‍. ഹാക്കിങ് നടന്നിട്ടുണ്ടെന്ന് ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡിവൈസുകള്‍ ഉടനെ അപ്ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാം.

ഓപറേറ്റിങ് സിസ്റ്റത്തിന്റെ മർമപ്രധാന ഭാഗമായ 'കെർണലി'നെ ബാധിക്കുന്നുവെന്നതാണ് പ്രധാന പ്രശ്നം. ആപ്പിളിന്റെ വെബ് ബ്രൗസിങ് ആപ്ലിക്കേഷന്‍ സഫാരിയുടെ ബ്രൗസിങ് എന്‍ജിനായ 'വെബ്‍കിറ്റി'നെയും തകരാറിലാക്കുന്നുണ്ട്. ഡിവൈസുകള്‍ ഹാക്ക് ചെയ്‌താല്‍ ആൾമാറാട്ടം നടത്താനും, ഫോണിൽ മറ്റ് സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് ആപ്പിൾ സോഷ്യൽ പ്രൂഫ് സെക്യൂരിറ്റി സിഇഒ റേച്ചൽ ടോബാക്ക് പറഞ്ഞു.

ഇസ്രായേലിന്റെ എൻഎസ്ഒ ഗ്രൂപ്പ് പോലുള്ള സ്പൈവെയർ കമ്പനികൾ ഇത്തരം പിഴവുകൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. യുഎസ് കരിമ്പട്ടികയിൽപെടുത്തിയ കമ്പനിയാണ് എൻഎസ്ഒ . യൂറോപ്പ്, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പത്രപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വിവരങ്ങള്‍ എന്‍എസ്ഒ ഗ്രൂപ്പ് ചോർത്തിയെന്ന് മുന്‍പ് റിപ്പോർട്ടുകളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in