ഐഫോണിന് ചൈനയില്‍ നിരോധനം; ഓഹരി വിപണിയില്‍ ആപ്പിളിന് വന്‍ തിരിച്ചടി

ഐഫോണിന് ചൈനയില്‍ നിരോധനം; ഓഹരി വിപണിയില്‍ ആപ്പിളിന് വന്‍ തിരിച്ചടി

ഐഫോൺ 15ന്റെ ഗ്ലോബൽ ലോഞ്ചിന് തൊട്ടുമുമ്പുള്ള ചൈനയിലെ വിലക്ക് കമ്പനിക്ക് വലിയ തിരിച്ചടിയാണ്
Updated on
2 min read

ഐഫോണുകളും മറ്റ് വിദേശ ബ്രാൻഡഡ് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സർക്കാർ ജീവനക്കാരെ ചൈന വിലക്കിയതിന് പിന്നാലെ, ആപ്പിളിന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ഐഫോണുകളും മറ്റ് പാശ്ചാത്യ ബ്രാൻഡുകളും സർക്കാർ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ വിലക്കികൊണ്ട് ചൈന കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ, ആപ്പിൾ ഓഹരികൾ 3.6 ശതമാനം ഇടിഞ്ഞതായി വാൾസ്ട്രീറ്റ് ഓഹരി സൂചികകളിൽ പറയുന്നു. ആപ്പിളിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രമായ ചൈനയില്‍ നിന്നാണ് ആപ്പിളിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ശതമാനവും വരുന്നതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. ഇതാണ് വിപണി ഇടിയാനും കാരണമായത്. രാജ്യത്ത് ഐഫോണിന്റെ ആവശ്യകത വർധിച്ചാലും ആപ്പിളിന്റെ ഓഹരിയില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹവായ് ടെക്നോളജീസിനും ചൈനയിലെ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിനുമെതിരെ യുഎസ് എടുത്തതിന് സമാനമാണ് ചൈനയിലെ നിരോധനം

അമേരിക്കൻ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. ഫോക്സ്കോണുമായി ചേർന്നുള്ള ആപ്പിളിന്റെ ചൈനയിലെ കമ്പനികളില്‍ ഇപ്പോഴും ദശലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതായും അവർ പറയുന്നു. എന്നാല്‍, ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ചൈനയെ ആശ്രയിക്കുന്നതില്‍ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കാനും പകരം അവരുടെ വിതരണ ശൃംഖലയും ഉപഭോക്തൃ സാന്ദ്രതയും വൈവിധ്യവത്കരിക്കാൻ പ്രചോദിപ്പിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ചൈന-യുഎസ് പിരിമുറുക്കം വർധിക്കുന്നതിനാൽ ചൈനയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളിൽ ഈ നിരോധനം ആശങ്കകൾക്ക് കാരണമാകുമെന്നും അവർ പറയുന്നു. എന്നാല്‍, ആപ്പിളിനെ കൂടാതെ മറ്റ് ഫോൺ നിർമ്മാതാക്കളുടെ പേര് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ആപ്പിളും ചൈനീസ് സർക്കാരിനു വേണ്ടി മാധ്യമ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസും ഇതിനോട് പ്രതികരിച്ചില്ല.

ഐഫോണിന് ചൈനയില്‍ നിരോധനം; ഓഹരി വിപണിയില്‍ ആപ്പിളിന് വന്‍ തിരിച്ചടി
കയറ്റുമതിയിലെ യുഎസ് നിയന്ത്രണം മറികടന്ന് ചൈന; സിലിക്കൺ ചിപ്പ് ഉപയോഗിച്ച് പുതിയ 5 ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഹവായ്

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹവായ് ടെക്നോളജീസിനും ചൈനയിലെ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിനുമെതിരെ യുഎസിൽ എടുത്ത സമാനമായ നിരോധനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ചൈനയുടെ ഏറ്റവും പുതിയ നിയന്ത്രണം. ഒരു ദശാബ്ദത്തിലേറെയായി, വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ബാങ്കുകൾ പോലുള്ള സർക്കാർ അഫിലിയേറ്റഡ് സ്ഥാപനങ്ങളോട് പ്രാദേശിക സോഫ്റ്റ്‍വെയറിലേക്ക് മാറാനും ആഭ്യന്തര അർധചാലക ചിപ്പ് നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ടു. യുഎസിന്റെ നേതൃത്വത്തിലുള്ള കയറ്റുമതി നിയന്ത്രണങ്ങൾ കാരണം, നൂതന സിലിക്കൺ ചിപ്പ് ഉപയോഗിക്കുന്ന 5 ജി സ്മാർട്ട്ഫോൺ ഹവായ് അടുത്തിടെ പുറത്തിറക്കുകയും ചെയ്തിരുന്നു. എസ്എംഐസിയുടെ ഏറ്റവും നൂതനമായ 7 നാനോമീറ്റർ (എൻഎം) സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്നതും ഹവായി മേറ്റ് 60 പ്രോ 5 ജി സ്മാർട്ട്ഫോണിലാണ്. സാങ്കേതിക രംഗത്ത് സമാനമായ പുരോഗതിയുണ്ടാകാനും യുഎസിനെയും മറ്റ് എതിരാളികളെയും നേരിടാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ചൈന ചിപ്പ് മേഖലയ്ക്കായി 40 ബില്യൺ ഡോളർ നിക്ഷേപം നല്‍കിയതായും കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in