ടിവി കാണാന്‍ ഇനി ചെലവ് കൂടും;പേ ചാനലുകളുടെ നിരക്ക് 12 രൂപയില്‍ നിന്ന് 19 രൂപയാക്കി ഉയര്‍ത്തി

ടിവി കാണാന്‍ ഇനി ചെലവ് കൂടും;പേ ചാനലുകളുടെ നിരക്ക് 12 രൂപയില്‍ നിന്ന് 19 രൂപയാക്കി ഉയര്‍ത്തി

നിലവിലെ വിലയുടെ അടിസ്ഥാനത്തില്‍, പ്രതിമാസ ടിവി ബില്ലില്‍ 25 ശതമാനം വര്‍ധനവുണ്ടാകും
Updated on
1 min read

കേബിള്‍ ഡിടിഎച്ച് സര്‍വീസ് നിരക്ക് കൂടാന്‍ സാധ്യതയുള്ളതായി ക്രിസില്‍ (റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസും (എന്‍സിഎഫ്) ചാനല്‍ നിരക്കും വര്‍ധിക്കും. ഇതോടെ ടെലിവിഷന്‍ ചാനലുകളുടെ മിക്ക വരിക്കാരുടെയും പ്രതിമാസ ബില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ നിരക്കിന്‍റെ അടിസ്ഥാനത്തില്‍, പ്രതിമാസ ടിവി ബില്ലില്‍ 25 ശതമാനം വര്‍ധനവുണ്ടാകും. മികച്ച 10 ചാനലുകള്‍ തിരഞ്ഞെടുക്കുന്ന കാഴ്ചക്കാര്‍ക്ക് പ്രതിമാസം 230-240 മുതല്‍ 300 വരെ, നിരക്ക് വര്‍ധിക്കും. പേ ചാനലുകളുടെ നിരക്ക് വര്‍ധിപ്പിച്ചതോടെയാണ് ഫെബ്രുവരി ഒന്നു മുതല്‍ ടെലിവിഷന്‍ കാണാനുള്ള ചെലവ് കൂടുന്നത്.

പേ ചാനലുകളുടെ നിരക്ക് 12 രൂപയില്‍ നിന്ന് 19 രൂപയാക്കിയാണ് വര്‍ധിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ബ്രോഡ്കാസ്റ്റിങ് റവന്യു നിലവിലെ 60-70 രൂപയില്‍ നിന്ന് 40 ശതമാനം വര്‍ധിപ്പിച്ച് മാസം 94 രൂപയാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ ചാനലുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുമെന്നും ട്രായ് വ്യക്തമാക്കി.

കേബിള്‍ ഡിടിഎച്ച് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിക്കുന്നതോടെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നാണ് സൂചന. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കുറഞ്ഞ താരിഫ് നിരക്കുകള്‍ ഗുണഭോക്താക്കളെ ഒടിടി സബ്‌സ്‌ക്രിപ്ഷനിലേയ്ക്ക് മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും ചാനലുടമകളുടെ സംഘടനയും തമ്മിലുള്ള ധാരണപ്രകാരമാണ് നിരക്ക് വര്‍ധന. നവംബറിലാണ് നിരക്ക് 19 രൂപയിലേയ്ക്ക് ഉയര്‍ത്താന്‍ ട്രായ് അനുമതി നല്‍കിയത്. 130 രൂപക്ക് (നികുതി അടക്കം 153 രൂപ) ലഭിക്കുന്ന സൗജന്യ ചാനലുകളുടെ എണ്ണം 100 ല്‍ നിന്ന് 228 ആക്കി ഉയര്‍ത്തി. നിരക്ക് വര്‍ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേബിള്‍ ടിവി ഓപറേറ്റര്‍മാരുടെ സംഘടന ട്രായിയെ സമീപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in