പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ഫോണിൽ മാൽവയർ ബാധിച്ചേക്കാം

പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ഫോണിൽ മാൽവയർ ബാധിച്ചേക്കാം

വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടി വരുന്ന ഘട്ടത്തിൽ വെബ്‌സൈറ്റിന്റെ യുആർഎൽ രണ്ടുതവണ പരിശോധിക്കുക
Updated on
1 min read

ദിവസവും പിഡിഎഫ് ഫയലുകൾ കൈകാര്യം ചെയ്യുന്നവരാണ് നമ്മളെല്ലാവരും. ആധാർ കാർഡുകൾ, ഡിജിറ്റൽ രസീതുകൾ തുടങ്ങിയ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും സൂക്ഷിക്കുന്നതിനും പിഡിഎഫ് ഫയലുകളാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാൽ ഓൺലൈനിലുള്ള എല്ലാം പൂർണമായി സുരക്ഷിതമല്ല. അതിനാൽ പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ചില കാര്യങ്ങളിൽ ജാഗ്രത വേണം.

ഫയൽ സ്കാൻ ചെയ്യുക

കമ്പ്യൂട്ടറിനും മൊബൈലിനും ഹാനികരമായേക്കാവുന്ന വൈറസുകളോ മാൽവയറോ പിഡിഎഫ് ഫയലുകളിൽ അടങ്ങിയിരിക്കാം. അതിനാൽ പിഡിഎഫ് ഫയലുകൾ തുറക്കുന്നതിന് മുൻപ് ഏതെങ്കിലും ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നത് നല്ലതാണ്. മാൽവയറുകൾ കണ്ടെത്താനും സിസ്റ്റത്തെ സുരക്ഷിതമാക്കാനും ഇത് സഹായിക്കും.

പരമാവധി ഔദ്യോഗിക സൈറ്റുകളെയോ, വിശ്വസനീയമായ സൈറ്റുകളെയോ ആശ്രയിക്കുക

വിശ്വസനീയമായ സൈറ്റുകളിൽനിന്ന് മാത്രം ഡൗൺലോഡ്

ഇന്റർനെറ്റിൽ പിഡിഎഫുകളുള്ള ധാരാളം വെബ്‌സൈറ്റുകൾ ഉണ്ട്. എന്നാൽ എല്ലാ സൈറ്റുകളെയും വിശ്വസിക്കാനാകില്ല. അതിനാൽ പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വിശ്വസനീയമായ സൈറ്റുകളിൽനിന്ന് മാത്രം ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. പരമാവധി ഔദ്യോഗിക സൈറ്റുകളെയോ, വിശ്വസനീയമായ സൈറ്റുകളെയോ ആശ്രയിക്കുക. പരിചയമില്ലാത്ത വെബ്‌സൈറ്റുകളിൽ ഹാനികരമായ ഉള്ളടക്കം അടങ്ങിയിരിക്കാം.

അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക

പിഡിഎഫ് ഡൗൺലോഡ് ചെയ്യുമ്പോൾ പലപ്പോഴും ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ പറഞ്ഞ് നോട്ടിഫിക്കേഷൻ വരും. അതുപോലെ ചില പിഡിഎഫ് ഫയലുകളിൽ പല ലിങ്കുകളും അടങ്ങിയിരിക്കും. അതിനാൽ സുരക്ഷിതമല്ലെന്ന് തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

പോപ്പ്-അപ്പ് നോട്ടിഫിക്കേഷനുകൾ ശ്രദ്ധിക്കുക

സംശയാസ്പദമായ പോപ്പ്-അപ്പ് നോട്ടിഫിക്കേഷനുകൾ വരുന്ന വെബ്‌സൈറ്റുകൾ പ്രത്യേകം ശ്രദ്ധിക്കുക. ഇവ മാൽവയറിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഇത്തരം സൈറ്റുകളിൽനിന്ന് ഫയലുകൾ ഡൗൺലോഡ് ചെയ്യാതെ ഇരിക്കുക.

ഫിഷിംഗ് സാമ്പത്തിക തട്ടിപ്പിന് കാരണമായേക്കാം

ഫിഷിങ് ശ്രമങ്ങൾ ശ്രദ്ധിക്കുക

സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള സൈറ്റുകളിൽനിന്ന് പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക. ഇത് ഫിഷിങ്ങിനെ സൂചിപ്പിക്കുന്നു. ഈ രീതിയിൽ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് എളുപ്പം സാധിക്കും. അതിനാൽ വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടി വരുന്ന ഘട്ടത്തിൽ വെബ്‌സൈറ്റിന്റെ യുആർഎൽ രണ്ടുതവണ പരിശോധിക്കുക. ഫിഷിങ് സാമ്പത്തിക തട്ടിപ്പിന് കാരണമായേക്കാം.

ഒപ്പം നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ, മറ്റ് സോഫ്‌റ്റ്‌വെയറുകൾ എന്നിവ അപ്‌ഡേറ്റായി സൂക്ഷിക്കുന്നുവെന്നും ഉറപ്പാക്കുക.

logo
The Fourth
www.thefourthnews.in