മൈക്രോസോഫ്റ്റ് വിന്‍ഡോസ് നിശ്ചലം; ആഗോളതലത്തിൽ വിമാന സർവിസുകളെയും ബാങ്കുകളെയും ബാധിച്ചു
ആഗോളതലത്തിൽ നിശ്ചലമായി മൈക്രോസോഫ്റ്റ് വിൻഡോസ്. ഉപയോഗത്തിനിടയിൽ പെട്ടെന്നുണ്ടാകുന്ന സാങ്കേതികത്തകരാറുകൾ കാരണം ബുദ്ധിമുട്ടുകയാണ് ഉപയോക്താക്കൾ. ഉപയോഗത്തിനിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് വലയ്ക്കുന്നത്. തകരാറുകളുടെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കൾ സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു.
ലാപ്ടോപ്പ് അല്ലെങ്കിൽ പേർസണൽ കംപ്യൂട്ടറുകൾ റീസ്റ്റാർട്ട് ചെയ്യുന്നതിനിടയിലാണ് തകരാറുകൾ സൂചിപ്പിക്കുന്ന നീല സ്ക്രീനുകൾ പ്രത്യക്ഷപ്പെടുന്നത്. തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിഷയത്തിൽ മൈക്രോസോഫ്റ്റിന്റെ പ്രതികരണം.
ലോകമെമ്പാടുമുള്ള വിന്‍ഡോസ് വര്‍ക്ക്സ്റ്റേഷനുകളില്‍ ഡെത്ത് ഏറ്ററിനെ സൂചിപ്പിക്കുന്ന നീല സ്‌ക്രീന്‍ കണ്ടതിനെത്തുടര്‍ന്ന് ബാങ്കുകള്‍, വിമാന സര്‍വിസുകള്‍ , ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍, ടിവി, റേഡിയോ ബ്രോഡ്കാസ്റ്ററുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസുകള്‍ ഓഫ്‌ലൈനായിരുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്‌ട്രൈക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തകരാറിനെ സൂചിപ്പിക്കുന്ന സ്‌ക്രീനുകള്‍ പ്രത്യക്ഷപ്പെട്ടതായി പലയിടങ്ങളില്‍നിന്ന് പരാതി ലഭിച്ചതായും കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രൗഡ് സ്ട്രൈക്ക് അറിയിച്ചു. ഉപയോഗത്തിനിടയില്‍ പെട്ടെന്ന് കമ്പ്യൂട്ടര്‍ ഷട്ട് ടൗണ്‍ ആകുകയും റീസ്റ്റാര്‍ട്ടാവുകയും ചെയ്യുന്നതാണ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
മൈക്രോസോഫ്റ്റ് 365ന്റെ വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ ഉപയോക്താക്കള്‍ക്ക് തടസം നേരിടുന്നതായി മൈക്രോസോഫ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് മറ്റു സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിന്‍ഡോസ് ഉപയോഗത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെത്തുടര്‍ന്നുണ്ടായ ട്രാഫിക് ആകാം തടസങ്ങള്‍ക്കു കാരണമെന്നാണ് മൈക്രോസോഫ്റ്റ് അഭിപ്രായപ്പെടുന്നത്. ഇതിനെ റീറൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സമൂഹമാധ്യമമായ എക്സിലൂടെ മൈക്രോസോഫ്റ്റ് അറിയിച്ചു.