ഉപയോക്താക്കളെ 'കൂട്ടത്തോടെ മുക്കി' ബോട്ട്; 75 ലക്ഷം പേരുടെ വിവരങ്ങള്‍ ഡാർക്ക് വെബ്ബില്‍
75 ലക്ഷത്തിലധികം വരുന്ന ബോട്ട് (boAt) ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോർന്നതായും ഡാർക്ക് വെബ്ബിലൂടെ വില്‍ക്കുന്നതായും റിപ്പോർട്ട്. പേര്, മേല്‍വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പർ, കസ്റ്റമർ ഐഡി തുടങ്ങിയ വിവരങ്ങളാണ് ഇന്റർനെറ്റില്‍ ലഭ്യമായിട്ടുള്ളതെന്ന് ഫോർബ്‌സ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷോപ്പിഫൈഗയ് എന്ന് പേരുള്ള ഹാക്കറാണ് വിവരച്ചോർച്ചയ്ക്ക് പിന്നില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളും ഷോപ്പിഫൈഗയ് പുറത്തുവിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവരച്ചോർച്ചയുടെ പ്രത്യാഘാതങ്ങള്‍
വ്യക്തിപരമായ വിവരങ്ങള്‍ പെട്ടെന്ന് ചോരുമെന്നത് മാത്രമല്ല വലിയ തട്ടിപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷ്ടിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം.
"ഇതിലൂടെ കമ്പനിക്ക് ഉപയോക്താക്കളുടെ വിശ്വാസ്യത നഷ്ടപ്പെട്ടേക്കാം, നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാം, പ്രശസ്തി ഇല്ലാതായേക്കാം. ഇതെല്ലാം സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്," ത്രെട്ട് ഇന്റലിജന്‍സ് റിസേർച്ചർ സൗമയ് ശ്രീവാസ്തവ ഫോർബ്സിനോട് വ്യക്തമാക്കി.
ഷോപ്പിഫൈഗയ് ആരാണ്?
ഷോപ്പിഫൈഗയ് പ്രൊഫൈല്‍ പുതിയതാണെന്നും ഡാറ്റ ചോർച്ചയോടെ ഫോറം കമ്മ്യൂണിറ്റിയില്‍ ഹാക്കർക്ക് പ്രശസ്തി സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് നെറ്റ്എന്‍റിച്ചിലെ സീനിയർ ത്രെട്ട് അനലിസ്റ്റായ രാകേഷ് കൃഷ്ണന്‍ പറയുന്നത്.
ടൈംലൈന്‍ പരിശോധിക്കുമ്പോള്‍, ബോട്ട് ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് ഹാക്കർമാർക്ക് ആക്സസ് ലഭിച്ചത് കുറഞ്ഞത് ഒരു മാസമെങ്കിലും മുന്‍പായിരിക്കാമെന്നും രാകേഷ് കൂട്ടിച്ചേർത്തു.
അതേസമയം, വിവരച്ചോര്‍ച്ച വെളിപ്പെടുത്തലിനോട് ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച തങ്ങളുടെ ചോദ്യത്തോട് ബോട്ട് അധികൃതർ പ്രതികരിച്ചിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, മണികൺട്രോൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നത്.
സ്മാര്‍ട് വാച്ചുകള്‍, സ്പീക്കറുകള്‍, ഇയര്‍ഫോണുകള്‍ എന്നീ ഉത്പന്നങ്ങളുടെ മേഖലയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിലൊന്നാണ് ബോട്ട്. ഇന്റർനാഷണൽ ഡേറ്റ കോർപറേഷൻ (ഐഡിസി) റിപ്പോര്‍ട്ടനുസരിച്ച് 2023 ലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വെയറബിള്‍ ബ്രാന്‍ഡാണ് ബോട്ട് കൈവരിച്ചിരുന്നു. റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ വിധികർത്താവായ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് 2016ലാണ് ബോട്ട് കമ്പനി സ്ഥാപിച്ചത്.