പിഴ ചുമത്തിയ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയെന്ന് ഗൂഗിൾ
ടെക് ഭീമന്‍ കമ്പനിയായ ഗൂഗിളിന് 1337 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയെന്ന് ഗൂഗിൾ. സിസിഐയുടെ തീരുമാനം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഗൂഗിൾ വക്താക്കൾ പ്രതികരിച്ചു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് ആൻഡ്രോയിഡിന്റെ സുരക്ഷാ സവിശേഷതകളിൽ വിശ്വസിക്കുന്ന ഇന്ത്യക്കാർക്ക് ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ തുറക്കുകയും ഇന്ത്യക്കാർക്കുള്ള മൊബൈൽ ഉപകരണങ്ങളുടെ വില ഉയർത്തുകയും ചെയ്യുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.
ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്തണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ആൻഡ്രോയ്ഡ് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുകയാണ് ചെയ്തതെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയകരമായ ബിസിനസുകളെ ആൻഡ്രോയ്ഡ് പിന്തുണയ്‌ക്കുന്നുണ്ടെന്നും ഗൂഗിൾ വക്താക്കൾ പറഞ്ഞു.
രാജ്യത്തെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകളുടെ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗുഗിളിന് എതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 30 ദിവസമാണ് ഗൂഗിളിന് നല്‍കിയ സാവകാശം.