നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകൾ കണ്ടെത്താം; മൊബൈൽ ട്രാക്കിങ് സംവിധാനവുമായി കേന്ദ്രം
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്താനായി മൊബൈൽ ട്രാക്കിങ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. നിലവിൽ വിവിധ ടെലികോം സർക്കിളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന സംവിധാനം രാജ്യവ്യാപകമായി മെയ് 17 ന് പുറത്തിറക്കിയേക്കും.
ഡൽഹി, മഹാരാഷ്ട്ര, കർണാടക, നോർത്ത് ഈസ്റ്റ് മേഖല എന്നീ ടെലികോം സർക്കിളുകളിലാണ് സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (CDoT) ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്."സാങ്കേതിക സംവിധാനം പൂർണമായും തയ്യാറാണ്. ഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ട്രാക്കിങ് സംവിധാനത്തിലൂടെ സാധിക്കും" - സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രോജക്ട് ബോർഡ് ചെയർമാനുമായ രാജ്കുമാർ ഉപാധ്യായ വ്യക്തമാക്കി.
എല്ലാ ടെലികോം നെറ്റ്‌വർക്കുകളിലുമുള്ള ക്ലോൺ മൊബൈൽ ഫോണുകളുടെ ഉപയോഗം പരിശോധിക്കുന്നതിനായി കൂടുതൽ ഫീച്ചറുകളും ചേർത്തിട്ടുണ്ട് . ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് മുമ്പ് മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ പുതിയ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്.
ടെലികോം ഓപ്പറേറ്റർമാർക്കും CEIR സിസ്റ്റത്തിനും ഉപകരണത്തിന്റെ IMEI നമ്പറും അതുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറും ലഭ്യമാവും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ കണ്ടെത്തുക. "മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ മാറ്റുന്നത് സാധാരണ രീതികളിലൊന്നാണ്. ഇത് മൂലം അത്തരം ഹാൻഡ്‌സെറ്റുകൾ ട്രാക്കുചെയ്യാനോ തടയാനോ സാധിക്കാതെ വരും. ഇത് ഒരു ദേശീയ സുരക്ഷാ പ്രശ്നമാണ്. ഇനി മുതൽ വിവിധ ഡാറ്റാബേസുകൾ ഉപയോഗിച്ച് നെറ്റ്‌വർക്കിലെ ഏത് ക്ലോൺ ചെയ്ത മൊബൈൽ ഫോണുകളും CEIR-ന് ബ്ലോക്ക് ചെയ്യാൻ കഴിയും.
മൊബൈൽ ഫോണ്‍ മോഷണങ്ങൾ ഇല്ലാതാക്കുക, മോഷ്ടിച്ചതും നഷ്ടപ്പെട്ടതുമായ മൊബൈലുകൾ കണ്ടെത്താൻ പോലീസിനെ സഹായിക്കുക, ഡാറ്റ കൈമാറ്റം ചെയ്യുന്ന ക്ലോൺ ചെയ്തതോ വ്യാജമോ ആയ മൊബൈലുകൾ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുക, ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നിവയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
അടുത്തിടെ, കർണാടക പോലീസ് 25,00 നഷ്‌ടപ്പെട്ട മൊബൈൽ ഫോണുകൾ സിഇഐആർ സംവിധാനം ഉപയോഗിച്ച് വീണ്ടെടുക്കുകയും ഉടമകൾക്ക് കൈമാറുകയും ചെയ്തു. ആപ്പിൾ ഡിവൈസുകളിൽ ആപ്പിൾ ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാമെങ്കിലും ആൻഡ്രോയിഡ് ഫോണുകളിൽ ഇത്തരം സംവിധാനങ്ങൾ ഇല്ല.