ചന്ദ്രയാന്‍ മുതല്‍ സെക്സ് ഓൺ ദ ബീച്ച് റെസിപി വരെ; 2023-ലെ ഇന്ത്യയുടെ സെർച്ച് ഹിസ്റ്ററി ഇങ്ങനെ
2023-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വാർത്ത ചന്ദ്രയാന്‍ 3-ന്റേത്. ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ പട്ടികയിലാണ് ചന്ദ്രയാന്‍ 3 ഇടംനേടിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ വാർത്തകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും ചന്ദ്രയാന്‍ 3 എത്തി.
രാജ്യത്ത് ട്രെന്‍ഡിങ്ങായ വാർത്തകളുടെ പട്ടികയില്‍ കർണാടക നിയമസഭ തിരഞ്ഞെടുപ്പ്, നടന്‍ സതീഷ് കൗശിക്കിന്റെ മരണം, ഗുണ്ടാ-രാഷ്ട്രീയ നേതാവായ ആതിഖ് അഹമ്മദിന്റെ കൊലപാതകം, മണിപ്പൂർ കലാപം, കേന്ദ്ര ബഡ്ജറ്റ് എന്നിവയും ഉള്‍പ്പെടുന്നു. തുർക്കി ഭൂചലനം, ഇസ്രയേല്‍-ഹമാസ് സംഘർഷം, ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ മരണം എന്നിവയാണ് രാജ്യത്ത് ട്രെന്‍ഡിങ്ങായ അന്താരാഷ്ട്ര വാർത്തകള്‍.
ഗൂഗിളില്‍ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഏഴും കായിക താരങ്ങളാണ്. ശുഭ്മാന്‍ ഗില്‍, രച്ചിന്‍ രവീന്ദ്ര, മുഹമ്മദ് ഷമി, ഗ്ലെന്‍ മാക്സ്‌വെല്‍, ഡേവിഡ് ബെക്കാം സൂര്യകുമാർ യാദവ്, ട്രാവിസ് ഹെഡ് എന്നിവരാണ് കായിക താരങ്ങള്‍. പട്ടികയില്‍ ഒന്നാമത് ബോളിവുഡ് നടി കിയാര അദ്വാനിയാണ്. യുട്യൂബർ എല്‍വിഷ് യാദവ് (അഞ്ച്), ബോളിവുഡ് നടന്‍ സിദ്ധാർത്ഥ് മല്‍ഹോത്ര (ആറ്) എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റുള്ളവർ.
കായിക ഇവന്റുകളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രീമിയർ ലീഗാണ് (ഐപിഎല്‍) ഒന്നാമത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഏഷ്യ കപ്പ്, വിമന്‍സ് പ്രീമിയർ ലീഗ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ ഇവന്റുകളാണ് പിന്നിലായുള്ളത്.
ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ ജവാനാണ് ഇന്ത്യക്കാർ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ ചലച്ചിത്രം. ഗദ്ദാർ 2, ഓപ്പണ്‍ഹെയ്മർ, ആദിപുരുഷ്, പത്താന് എന്നീ ചിത്രങ്ങളും ആദ്യ അഞ്ചിലുണ്ട്. സീരിസുകളില്‍ ഫർസിയാണ് മുന്നില്‍. വെനസ്‍ഡെ, അസുർ, റാണാ നായിഡു, ദ ലാസ്റ്റ് ഓഫ് അസ് എന്നിവയാണ് മറ്റ് സീരീസുകള്‍.
നിയർ മി സെർച്ചുകളില്‍, കോഡിങ് ക്ലാസുകള്‍, ഭൂകമ്പം, സുഡിയോ, ഓണസദ്യ, ജെയിലർ എന്നിവയാണുള്ളത്. റെസിപ്പികളില്‍ മാങ്ങ അച്ചാറാണ് ഒന്നാമത്. കോക്ക്‌ടെയില്‍ സെക്സ് ഓണ്‍ ദ ബീച്ച്, പഞ്ചാമൃതം, ഹക്കുസായ്, ധനിയ പഞ്ചിരി തുടങ്ങിയവയാണുള്ളത്.
ജി 20 എന്താണെന്നറിയാന്‍ ഗൂഗിളില്‍ തിരഞ്ഞവരാണ് കൂടുതല്‍. യുസിസി, ചാറ്റ് ജിടിപി, ഹമാസ്, സെപ്തംബർ 28 എന്നിവയാണ് എന്താണെന്നറിയാന്‍ ആളുകള്‍ തിരഞ്ഞ മറ്റ് വിഷയങ്ങള്‍. വിയറ്റ്നാം, ഗോവ, ബാലി, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവയാണ് ട്രാവല്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയിലുള്ളത്.