ചാറ്റ് ജിപിടി പണ്ടേ പോലെ പിടിക്കുന്നില്ല; ഉപയോക്താക്കളുടെ എണ്ണം 10 ശതമാനം കുറഞ്ഞു
ഓപ്പണ്‍ എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയുടെ ട്രാഫിക്കിൽ ഇടിവ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം മൂന്ന് തവണയാണ് ചാറ്റ് ജിപിടിക്ക് ഇടിവുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പക്ഷേ ചാറ്റ് ജിപിടിയുടെ ഇടിവ് അവസാനിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് അനാലിറ്റിക് സ്ഥാപനമായ സിമിലര്‍വെബ് പറയുന്നു.
ഓഗസ്റ്റില്‍ മൊബൈല്‍ വെബ്‌സൈറ്റുകളിലൂടെയും ഡെസ്‌ക്ടോപ്പുകളിലൂടെയും ചാറ്റ് ജിപിടി സന്ദര്‍ശിച്ചവരുടെ എണ്ണം 1.43 ബില്യണാണ്. അതായത് 3.2 ശതമാനം ആളുകള്‍ മാത്രമാണ് ഓഗസ്റ്റില്‍ ചാറ്റ് ജിപിടി സന്ദര്‍ശിച്ചത്. ഇത് കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്.
മാര്‍ച്ച് മുതലുള്ള കണക്കെടുത്താല്‍ വെബ്‌സൈറ്റില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. 8.7 മിനുട്ടില്‍ നിന്നും 7 മിനുട്ടായി വെബ്‌സൈറ്റില്‍ ചെലവഴിക്കുന്ന സമയം കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഓഗസ്റ്റിലെ യുണീക് വിസിറ്റേര്‍സിന്റെ എണ്ണത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 180 മില്യണില്‍ നിന്നും 180.5 മില്യണായി യുണീക് വിസിറ്റേര്‍സിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം വിവിധ രാജ്യങ്ങളില്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുന്നതോടെ ചാറ്റ് ജിപിടിയുടെ ട്രാഫിക് ഉയരാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റില്‍ അമേരിക്കയിലെ സ്‌കൂളുകള്‍ വീണ്ടും ആരംഭിച്ചതോടെ ചാറ്റ് ജിപിടിയുടെ ഉപയോഗത്തില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.
വിദ്യാര്‍ത്ഥികള്‍ അവരുടെ ഗൃഹപാഠങ്ങള്‍ ചെയ്‌തെടുക്കാന്‍ ചാറ്റ് ജിപിടി ഉപയോഗിക്കാറുണ്ടെന്ന് സിമിലര്‍ വെബിലെ അനലിസ്റ്റായ ഡാവിഡ് എഫ് കാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അവധിക്കാലത്ത് വെബ്‌സൈറ്റ് ഉപയോഗിച്ച യുവാക്കളുടെ എണ്ണം കുറഞ്ഞെന്നും സ്‌കൂളുകള്‍ ആരംഭിച്ചതോട് കൂടി പഴയ പോലെ ചാറ്റ് ജിപിടി തിരിച്ചുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ചാറ്റ് ജിപിടി ലോഞ്ച് ചെയ്തത്. രണ്ട് മാസത്തിന് ശേഷം ജനുവരിയില്‍ മാത്രം 100 മില്യണ്‍ ആക്റ്റീവ് ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്കുണ്ടായിരുന്നത്.
മെറ്റയുടെ ത്രെഡ്‌സിന്റെ ലോഞ്ചിന് മുമ്പ് അതിവേഗം വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായിരുന്നു ചാറ്റ് ജിപിടി. നിലവില്‍ ലോകത്തിലെ മികച്ച 30 വെബ്‌സൈറ്റുകളിലൊന്നാണ് ചാറ്റ് ജിപിടി.
മനുഷ്യ ഭാഷ പെട്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടി സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ്. എന്നാല്‍ പ്രതിമാസം 20 ഡോളര്‍ വിലവരുന്ന പ്രീമിയറും ചാറ്റ് ജിപിടി ലഭ്യമാക്കുന്നുണ്ട്.