ഉറങ്ങാന്‍ നേരം കഥ കേള്‍ക്കണോ?; പറഞ്ഞാല്‍ മതി,
പുതിയ അപ്‌ഡേറ്റുകളുമായി ചാറ്റ് ജിപിടി

ഉറങ്ങാന്‍ നേരം കഥ കേള്‍ക്കണോ?; പറഞ്ഞാല്‍ മതി, പുതിയ അപ്‌ഡേറ്റുകളുമായി ചാറ്റ് ജിപിടി

ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ പുതിയ എഐ ആപ്പുകള്‍ പുറത്തിറക്കുന്നത് മുന്നിൽകണ്ട് കൂടിയാണ് പുതിയ അപ്‌ഡേറ്റുകൾ
Updated on
1 min read

ഉപയോക്താക്കളുമായുള്ള സമ്പർക്കം കൂടുതൽ എളുപ്പമാക്കാൻ പുതിയ അപ്‌ഡേറ്റുമായി ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി. ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ചാറ്റ് ജിപിടി പുതുതായി ഒരുക്കുന്നത്. ആപ്പിൾ ഉപകരണങ്ങളിലെ 'സിറി'ക്ക് സമാനമായ സംവിധാനമാണ് ചാറ്റ് ജിപിടി പരീക്ഷിക്കുന്നത്. ഇതിലൂടെ ക്രിയാത്മകമായ ഒരുപാട് ഇടപെടലുകൾക്ക് സാധിക്കുമെന്നാണ് നിർമിത ബുദ്ധിയായ ചാറ്റ് ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പൺ എഐ അവകാശപ്പെടുന്നത്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ പുതിയ എഐ ആപ്പുകള്‍ പുറത്തിറക്കുന്നത് മുന്നിൽകണ്ട് കൂടിയാണ് പുതിയ അപ്‌ഡേറ്റുകൾ.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് ഓപ്പൺ എഐ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചാറ്റ് ജിപിടി അവതരിപ്പിച്ചതിന് പിന്നാലെ വാക്യങ്ങൾ സംഗ്രഹിക്കുക, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കോഡിങ് തയാറാക്കുക എന്നിവയ്ക്ക് ആവശ്യമായ അനവധി അപ്‌ഡേറ്റുകൾ കമ്പനി കൊണ്ടുവന്നിരുന്നു. പുതിയ ഫീച്ചർ കൂടി എത്തുന്നതോടെ ശബ്ദം വഴി ഒരു കാര്യം ആവശ്യപ്പെടാനും തിരികെ അതെ മാർഗത്തിൽ ഉത്തരം നൽകാനും ചാറ്റ് ജിപിടിക്ക് സാധിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ഒരു കഥ കേൾക്കണമെങ്കിൽ ചാറ്റ് ജിപിടിയോട് പറഞ്ഞാൽ മതിയെന്ന് സാരം. സ്പോട്ടിഫൈയിലെ വോയിസ് അസ്സിസ്റ്റൻസില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടിയിലും.

ഇമേജ് ഫീച്ചറിന്റെ പിന്തുണയോടെ ഉപയോക്താക്കൾക്ക് ചുറ്റുമുള്ള വസ്തുക്കളുടെ ചിത്രമെടുക്കാനും അവ ചാറ്റ്ബോട്ടിന് നൽകി ഓരോ സംശയങ്ങൾ ആരായാനും കഴിയും. ഫ്രിഡ്ജിലെ ഭക്ഷണ സാമഗ്രഗികളുടെ ചിത്രം ചാറ്റ് ജിപിടിക്ക് കൊടുത്തിട്ട് ഇവ ഉപയോഗിച്ച് എന്തൊക്കെ പാകം ചെയ്യാം എന്നുൾപ്പെടെയുള്ള ചോദ്യങ്ങൾ വരെ ചോദിക്കാനാകും. ചിത്രങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ തേടുന്നതിനുള്ള നിലവിലെ ഏറ്റവും ജനപ്രിയമായ ഗൂഗിൾ ലെൻസ് ഫീച്ചറിന് ഒരു വെല്ലുവിളി കൂടിയാകും ചാറ്റ് ജിപിടിയുടെ പുതിയ അപ്‌ഡേറ്റ്.

ചാറ്റ് ജിപിടിയുടെ വൻ വിജയത്തിന് പിന്നാലെ ഗൂഗിൾ ഉൾപ്പെടെയുള്ളവർ പലതവണ എഐ ബോട്ടുകൾ പുറത്തിറക്കിയെങ്കിലും വലിയ ജനസ്വീകാര്യത ഉണ്ടായിരുന്നില്ല. ചാറ്റ് ജിപിടിക്ക് ബദലാകാൻ 'ജെമിനി' എന്ന എഐ ബോട്ട് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ഗൂഗിൾ. അതിനിടെയാണ് പുതിയ അപ്‌ഡേറ്റുകളുമായി ചാറ്റ് ജിപിടി എത്തുന്നത്. ജെമിനി പരീക്ഷണാർത്ഥം ഉപയോഗിക്കാൻ ചെറുകിട കമ്പനികൾക്ക് ഗൂഗിൾ നൽകിയതായി അടുത്തിടെ റിപ്പോർട്ടുകളും വന്നിരുന്നു. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിൽ നാല് ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in