ചാറ്റ് ജിപിടി ഐ ഫോണിലെത്തി; വൈകാതെ ആൻഡ്രോയ്ഡിലും
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ഇനി മുതൽ ആപ്പിൾ ഐ ഫോണിൽ ലഭ്യമാകും. ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴി ഇനി ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. എന്നാൽ ചാറ്റ് ജിപിടി സേവനം ആദ്യം ലഭിക്കുക അമേരിക്കയിലെ ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്ക് മാത്രമാകും. മറ്റ് രാജ്യങ്ങളിലും, ആൻഡ്രോയ്ഡ് ഫോണുകളിലും അധികം വൈകാതെ തന്നെ സേവനം ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.
ആപ്പ് വരുന്നതോടെ കൃത്യമായ വേഗത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കാനും, പ്ലഗ്-ഇന്നുകൾ, കാത്തിരിപ്പ് സമയം എന്നിവ കുറയ്ക്കാനും ചാറ്റ് ജിപിടി കൊണ്ട് സാധിക്കും. ഐഒഎസിനുള്ള വോയ്‌സ് ഇൻപുട്ടുകളും ചാറ്റ് ജിപിടി ആപ്പ് വഴി ലഭിക്കും. ഇത് വരെ സ്‌മാർട്ട്‌ഫോണുകളിൽ, ആൻഡ്രോയ്ഡിലും ഐഒഎസിലും ക്രോം അല്ലെങ്കിൽ സഫാരി പോലെയുള്ള ബ്രൗസർ വഴി ചാറ്റ് ജിപിടി ലഭിക്കുമായിരുന്നു. എന്നാൽ ആപ്പ് പ്രവർത്തിക്കാൻ ഐഒഎസ് 16.1ഓ അതിന് മുകളിലോ ആവശ്യമാണ്. അതേസമയം ചാറ്റ് ജിപിടിയുടെ പ്ലസ് ഉപഭോക്താക്കൾക്ക് ഐ ഫോൺ വഴി തുടർന്നും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
"ചാറ്റ് ജിപിടിയുടെ തുടക്കം ഞങ്ങൾ യുഎസിൽ ആരംഭിക്കുകയാണ്. വരുന്ന ആഴ്‌ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. ആപ്പ് എങ്ങനെ ഉപയോഗിക്കപ്പെടുമെന്നത് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്. ആപ്പിനെ സംബന്ധിച്ച് എല്ലാ ഉപയോക്താക്കളുടെയും പ്രതികരണങ്ങൾ ഞങ്ങൾ ശേഖരിക്കും. സുപ്രധാനമായ ദൗത്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഞങ്ങൾ നടത്താൻ പോകുന്നത്" ഓപ്പൺ എഐയുടെ ബ്ലോഗ് പോസ്റ്റിൽ രേഖപ്പെടുത്തി. തൽക്ഷണ ഉത്തരങ്ങൾ, ക്രിയേറ്റീവ് പ്രചോദനം, പ്രൊഫഷണൽ ഇൻപുട്ട്, വ്യക്തിഗത പഠനം എന്നിവ വാഗ്ദാനം ചെയ്യുന്നതായി ചാറ്റ് ജിപിടിയുടെ ആപ്പ് സ്റ്റോർ ലിസ്റ്റിംഗിൽ എടുത്തുകാണിക്കുന്നു. എന്നാൽ ആപ്പിന്റെ പ്രവർത്തനത്തിനായി കോൺടാക്റ്റ് വിവരങ്ങൾ, ഉപഭോക്താക്കളുടെ ഉള്ളടക്കം, ഐഡന്റിഫയറുകൾ, ഉപയോഗ വിവരങ്ങൾ എന്നിവ ചാറ്റ് ജിപിടി ട്രാക്ക് ചെയ്യുമെന്ന് ആപ്പ് സ്റ്റോറിന്റെ പ്രൈവസി ലേബലിൽ എടുത്തുകാണിക്കുന്നുണ്ട്.