ചാറ്റ് ജിപിടി ഇനി ഇന്റർനെറ്റും ബ്രൗസ് ചെയ്യും
വളരെ പെട്ടെന്നാണ് ഉപയോക്താക്കളെ ചാറ്റ് ജിപിടി കയ്യിലെടുത്തത്. 2022 നവംബറിൽ അവതരിപ്പിക്കപ്പെട്ട് മാസങ്ങള്‍ക്കകം ജനപ്രീതി നേടിക്കഴിഞ്ഞു ചാറ്റ് ജിപിടി. ഏത് ഭാഷയിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചാലും ഉള്ളടക്കം വികസിപ്പിക്കാനുള്ള കഴിവാണ് പ്രധാന സവിശേഷത. അമേരിക്ക ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ എന്ന സ്ഥാപനം ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയില്‍ പുതിയ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി
ചാറ്റ് ജിപിടിയുടെ പുതിയ ഒരു തലം കൂടി ഇപ്പോൾ ഉപയോക്താക്കളിലേക്ക് എത്തിയിരിക്കുകയാണ്. ഓപ്പൺ എഐ അതിന്റെ ചാറ്റ്ബോട്ടിന് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനുള്ള കഴിവ് കൂടി നൽകിയിരിക്കുകയാണ്. മൂന്നാം കക്ഷി ഡാറ്റാ ബേസുകളെയും വെബ് ഉൾപ്പെടെയുള്ള വിജ്ഞാന സ്രോതസുകളും ആക്സസ് ചെയ്യാൻ സാധിക്കുന്ന ചാറ്റ്ജിപിടി പ്ലഗിനുകളാണ് കമ്പനി വ്യാഴാഴ്ച പുറത്തിറക്കിയത്.
വെയിറ്റ് ലിസ്റ്റിലുള്ള ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും നിലവിൽ ആൽഫ പ്ലഗിനുകൾ ലഭ്യമാണ്. ഓപ്പൺ എഐ അതിന്റെ ചെറിയ വിഭാഗം ഡെവലപ്പർമാർക്കും സബ്‌സ്‌ക്രൈബർമാർക്കും പ്രീമിയം ചാറ്റ്‌ജിപിടി പ്ലസ് പ്ലാൻ ഉപയോഗിച്ചുള്ള ആക്‌സസ് നൽകുമെന്നും പിന്നീട് വലിയ രീതിയിലുള്ള എപിഐ ആക്‌സസ് പുറത്തിറക്കുമെന്നും അറിയിച്ചു. ചാറ്റ് ജിപിടിക്ക് വേണ്ടി അവരുടെ സ്വന്തം പ്ലഗിനുകൾ സൃഷ്ടിക്കുന്നതിനുള്ള അവസരവും ഡെവലപ്പർമാർക്ക് ഇതിലൂടെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 'ചാറ്റ് ജിപിടി ഉപയോക്താക്കൾക്കായി നിലവിലുള്ള പ്ലഗിനുകൾ പ്രവർത്തനക്ഷമമാക്കാൻ തുടങ്ങിയിട്ടുണ്ട്. ചാറ്റ് ജിപിടി പ്ലസ് വരിക്കാരിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ചാറ്റ് ജിപിടിക്കായി ഡെവലപ്പർമാർക്ക് അവരുടെ സ്വന്തം പ്ലഗിനുകൾ സൃഷ്‌ടിക്കുന്നതിനുള്ള കഴിവും ഞങ്ങൾ വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്', ഓപ്പൺ എഐ ഔദ്യോഗിക ബ്ലോഗിൽ വ്യക്തമാക്കി.
കമ്പനി ആരംഭിച്ച പ്ലഗിനുകളുടെ കൂട്ടത്തിൽ ഏറ്റവും കൗതുകവും പ്രായോഗികവുമായ പ്ലഗിൻ വെബ് ബ്രൗസിങ് പ്ലഗിൻ ആണ്. ഉപയോക്താക്കളിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഉത്തരങ്ങൾ നൽകുന്നതിനായി വെബിൽ ഉടനീളമുള്ള ഡാറ്റ ഉപയോഗിക്കാൻ ചാറ്റ് ജിപിടിക്ക് കഴിയും എന്നാണ് ഈ പ്ലഗിൻ കൊണ്ട് അർഥമാക്കുന്നത്. ചാറ്റ് ജിപിടി ഉപയോക്താക്കൾക്ക് അതിന്റെ തിരച്ചില്‍ തത്സമയം കാണിക്കാനായി വെബ് ബ്രൗസിങ് പ്ലഗിൻ ഉപയോഗിച്ചാൽ സാധിക്കും. വെബ് ബ്രൗസിങ് പ്ലഗിനിനൊപ്പം, ഓപ്പൺഎ ഐ ചാറ്റ് ജിപിടിക്കായി നിരവധി പ്ലഗിനുകള്‍ പ്രവർത്തിക്കുന്നുണ്ട്. റെസ്റ്റോറന്റുകൾ ബുക്ക് ചെയ്യാനും, യാത്ര ബുക്ക് ചെയ്യാനും, സാധനങ്ങൾ വാങ്ങാനും സങ്കീർണമായ ഗണിത പ്രശ്നങ്ങളില്‍ ഉത്തരം കണ്ടെത്താനും ചാറ്റ് ജിപിടി ഉപയോക്താക്കളെ സഹായിക്കുന്നു.
റെസ്റ്റോറന്റ് ബുക്ക് ചെയ്യാൻ : ഓപ്പൺ ടേബിൾ പ്ലഗിൻ ഉപയോഗിച്ച് റെസ്റ്റോറന്റുകൾ ബുക്ക് ചെയ്യാനായി ചാറ്റ്ജിപിടി സഹായിക്കുന്നു
ഷോപ്പിങ്ങിന് സഹായിക്കുന്നു : ഇൻസ്റ്റാകാർട്ട് പ്ലഗിൻ ഉപയോഗിച്ച് കടകളിൽ നിന്ന് ഓർഡർ ചെയ്യാൻ എഐ ചാറ്റ്ബോട്ട് സഹായിക്കുന്നു
ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നു : സ്ലാക്ക്, സാപിയർ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ ഷീറ്റ്സ്, ജിമെയിൽ, ട്രെല്ലോ പോലുള്ള ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുവാനാകും.
കോഡ് ഇന്റർപ്രെറ്റർ : പൈതോൺ ഉപയോഗിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലഗിൻ ആണ് ഇത്. അപ്‌ലോഡുകളും ഡൗൺലോഡുകളും കൈകാര്യം ചെയ്യാനും ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഉപയോഗപ്രദമാണ്. ഫയൽ ഫോർമാറ്റുകൾ കൺവെർട്ട് ചെയ്യാനും ഡാറ്റ വിശകലനത്തിനും ദൃശ്യവൽക്കരണത്തിനും ഇത് സഹായിക്കുന്നു.