ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ബ്ലൂ ടിക്ക് സ്വന്തമാക്കാൻ എത്ര ചെലവാകും?
ട്വിറ്ററിന് പിന്നാലെ മെറ്റയും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ബ്ലൂ ടിക്കുകൾ വിൽക്കാനൊരുങ്ങുകയാണ്. ഇതോടെ പണം നൽകാൻ തയ്യാറാണെങ്കിൽ ആർക്കും സ്വന്തം പ്രൊഫൈൽ ബ്ലൂ ടിക്ക് വെരിഫൈഡാക്കി മാറ്റാൻ സാധിക്കും. എത്ര തുക ഇതിനായി വേണ്ടി വരുമെന്ന ആകാംക്ഷയിലായിരുന്നു സൈബർ ലോകം. ഇപ്പോള്‍ തുക വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.
വെബ് വഴി സൈൻ അപ് ചെയ്യുകയാണെങ്കിൽ പ്രതിമാസം 989 രൂപയും മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോർ വഴിയാണെങ്കില്‍ പ്രതിമാസം 1237 രൂപയുമാണ് ബ്ലൂ ടിക്കിന്റെ നിരക്ക്. വെബിൽ സൈൻ അപ് ചെയ്യുകയാണെങ്കിൽ, ഫെയ്സ്ബുക്കിൽ മാത്രമേ ബ്ലൂ ടിക്ക് ലഭിക്കൂ. അതേസമയം മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോർ ഓപ്ഷനിൽ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ബ്ലൂ ചെക്ക് മാർക്ക് ലഭിക്കും. അക്കൗണ്ട് ആധികാരികമാണെന്നും ഒരു പൊതു വ്യക്തി, സെലിബ്രിറ്റി അല്ലെങ്കിൽ ബ്രാൻഡിന്റെതാണെന്നും സൂചിപ്പിക്കുന്നതാണ് ബ്ലൂ ടിക്ക്.
ഇതിന് പുറമെ, ആൾമാറാട്ടങ്ങളില്‍ നിന്നുള്ള സുരക്ഷയും ഈ സേവനത്തിലൂടെ ലഭിക്കും. ഉപഭോക്തൃ പിന്തുണ, എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ, പ്രതിമാസം 100 "സ്റ്റാർസ്" എന്നീ സേവനങ്ങളും ഫെയ്സ്ബുക്ക് വാഗ്ദാനം ചെയ്യുന്നു. തത്സമയ സ്ട്രീമിങ്ങിനിടെ വെർച്വലായി സമ്മാനങ്ങൾ അയച്ചുകൊണ്ട് ഉപയോക്താക്കൾക്ക് കണ്ടന്റ് ക്രിയേറ്റേഴ്സിനെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് സ്റ്റാര്‍സ്. സോഷ്യൽ മീഡിയയിൽ ആധികാരികത സ്ഥാപിക്കാനും അക്കൗണ്ടുകൾ ആൾമാറാട്ടത്തിൽ നിന്ന് പരിരക്ഷിക്കാനും അധിക സവിശേഷതകളിലേക്ക് പ്രവേശനം നേടാനും ആഗ്രഹിക്കുന്നവരെയാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
യുഎസിലെ ഉപയോക്താക്കൾക്കായി മെറ്റ ഈ സേവനം ആരംഭിച്ചു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിന്റെ പഴയ നയം അനുസരിച്ച് മാധ്യമ പ്രവർത്തകർ, സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നവർ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ എന്നിവർക്കായിരുന്നു ബ്ലൂ ടിക്ക് ലഭിക്കാനുള്ള യോഗ്യതയുണ്ടായിരുന്നത്. ഇൻസ്റ്റഗ്രാമിൽ ബ്ലൂ ടിക്ക് വാങ്ങുന്നതിന്, നിങ്ങൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം, നിങ്ങളുടെ ഫോട്ടോ ഐഡി സമർപ്പിക്കുകയും ഒരു സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നു പോകുകയും ചെയ്യും. മെറ്റയിൽ വെരിഫൈഡ് ആയികഴിഞ്ഞാല്‍, നിങ്ങളുടെ പ്രൊഫൈലിന്റെ പേര് അല്ലെങ്കിൽ പ്രൊഫൈലിലെ മറ്റേതെങ്കിലും വിവരങ്ങൾ മാറ്റുന്നത് എളുപ്പമല്ല, വീണ്ടും സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും.
റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇതിനകം വെരിഫൈഡായ ഉപയോക്താക്കൾ ഇനി പണം നൽകേണ്ടതില്ല.