കോവിഡിന്റെ ഉത്ഭവസ്ഥാനം, ഷി ജിൻപിങ്ങിന് വിന്നിയുമായുള്ള ബന്ധം?; ഉത്തരംമുട്ടി എര്‍ണീ ബോട്ട്

കോവിഡിന്റെ ഉത്ഭവസ്ഥാനം, ഷി ജിൻപിങ്ങിന് വിന്നിയുമായുള്ള ബന്ധം?; ഉത്തരംമുട്ടി എര്‍ണീ ബോട്ട്

എര്‍ണീയുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ചോദ്യങ്ങള്‍
Updated on
2 min read

വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ചാറ്റ് ജിപിടി നിരോധിച്ച രാജ്യങ്ങളിലൊന്നാണ് ചൈന. മാത്രമല്ല, ചാറ്റ് ജിപിടിയെ നേരിടാൻ എര്‍ണീ ബോട്ട് വികസിപ്പിക്കുകയും ചെയ്തു. ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈദു എന്ന സാങ്കേതിക സ്ഥാപനമാണ് ഈ ചാറ്റ് ബോട്ടിന് പിന്നിൽ. എന്നാൽ എര്‍ണീയുടെ കാര്യക്ഷമതയെക്കുറിച്ച് ചില സംശയങ്ങളുയർന്നിരിക്കുകയാണ്.

എങ്ങനെയാണന്നല്ലേ? മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങളാണ് എർണിയെ കുഴക്കിയത്. കോവിഡ് 19 വൈറസിന്റെ ഉത്ഭവം എവിടെയായിരുന്നു? ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കാര്‍ട്ടൂണ്‍ കഥാപാത്രം വിന്നി പൂഹുമായി എന്താണ് ബന്ധം? എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.

കോവിഡിന്റെ ഉത്ഭവകേന്ദ്രം എവിടെയാണെന്ന സിഎന്‍ബിസി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഇപ്പോഴും ശാസ്ത്രലോകം തിരയുന്ന ചോദ്യമാണിതെന്നായിരുന്നു ചാറ്റ് ബോട്ട് ഇംഗ്ലീഷില്‍ നല്‍കിയ മറുപടി. ചൈനയിലെ വുഹാനില്‍നിന്നാണ് കോറോണ വൈറസ് ഉത്ഭവിച്ചതെന്ന വസ്തുത ചാറ്റ് ബോട്ട് ഒഴിവാക്കിയതിന്റെ കാരണമന്വേഷിക്കുകയാണ് ശാസ്ത്രലോകം. ഇത് ചൈനയുടെ അജണ്ടയാണെന്ന ആരോപണവുമുയരുന്നുണ്ട്.

കോവിഡിന്റെ ഉത്ഭവസ്ഥാനം, ഷി ജിൻപിങ്ങിന് വിന്നിയുമായുള്ള ബന്ധം?; ഉത്തരംമുട്ടി എര്‍ണീ ബോട്ട്
കോവിഡ് വൈറസിന്റെ ഉത്ഭവത്തിന് പിന്നിൽ റാക്കൂൺ നായയോ? കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കാര്‍ട്ടൂണ്‍ കഥാപാത്രം വിന്നി പൂഹും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ എർണീ ഒഴിഞ്ഞുമാറി.

കഴിഞ്ഞ ദിവസം നടന്ന ചാറ്റ് ബോട്ടിന്റെ തത്സമയ പ്രദര്‍ശനത്തില്‍ ചാറ്റ് ബോട്ടിനോട് വിവാദ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന കര്‍ശന നിലപാടിലായിരുന്നു ചൈന. എന്നാല്‍ എര്‍ണീയുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്തരം ചോദ്യങ്ങള്‍.

ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമാണ് ചൈന. ചൈനയിലാണ് കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത വൈറസാണിതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കാര്‍ട്ടൂണ്‍ കഥാപാത്രമായ വിന്നി പൂഹും തമ്മില്‍ സാമ്യതകളുണ്ടെന്ന് പറയാന്‍ ആരംഭിച്ചതോടെയാണ് ചൈനയില്‍ ഈ കാര്‍ട്ടൂണ്‍ നിരോധിച്ചത്. ഗൗരവക്കാരനായ ചൈനീസ് പ്രസിഡന്റിനെ ഒരു കോമഡി കാര്‍ട്ടൂണ്‍ താരത്തെ വച്ച് താരതമ്യം ചെയ്യുന്നതിനെ ചൈന എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് 2017 ല്‍ കാര്‍ട്ടൂൺ നിരോധിച്ചത്.

2013 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ സന്ദര്‍ശിച്ചശേഷമാണ് വിന്നി കരടിക്ക് ഷി ജിൻപിങ്ങുമായി സാമ്യമുണ്ടെന്ന തരത്തില്‍ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പോലും നിരോധിക്കുന്നത് ചൈനയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ അടയാളമാണെന്നായിരുന്നു പൊതുവെ ഉയർന്ന ആക്ഷേപം.

logo
The Fourth
www.thefourthnews.in